പാലക്കാട് ജില്ലയില്‍പ്പെട്ട കൂടല്ലൂര്‍ എന്ന ഗ്രാമത്തില്‍ 1933 ലാണ് മാടത്ത് തെക്കപ്പാട്ട് വാസുദേവന്‍ നായര്‍ ജനിച്ചത്. മാതാവ്: അമ്മാളു അമ്മ. പിതാവ്: പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായര്‍.
അച്ഛന്‍ സിലോണിലായിരുന്നു. വല്ലപ്പോഴുമാണ് നാട്ടില്‍ വന്നിരുന്നത്. അതിനാല്‍ കുട്ടിക്കാലത്ത് അച്ഛനുമായുള്ള ബന്ധം വാസുവിന് കുറവായിരുന്നു. ദാരിദ്ര്യത്തിന്റെ കയ്പ് അറിഞ്ഞുകൊണ്ടാണ് ബാല്യകാലം പിന്നിട്ടത്.

  കൂടല്ലൂരില്‍ കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1948 ല്‍ ഒന്നാം ക്ലാസോടെ എസ്.എസ്.എല്‍.സി. പാസായി.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ എഴുതിത്തുടങ്ങി. കവിതയിലാണ് തുടക്കം.

മിക്ക സാഹിത്യരൂപങ്ങളും അന്ന് പരീക്ഷിക്കുകയുണ്ടായി. പത്താംതരം വിദ്യാര്‍ഥിയായിരിക്കെ, സി.ജി.നായരുടെ പത്രാധിപത്യത്തില്‍ ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ടിരുന്ന 'കേരളക്ഷേമം' ദൈ്വവാരിക പ്രസിദ്ധീകരിച്ച 'പ്രാചീനഭാരതത്തിലെ വൈര വ്യവസായം' എന്ന ലേഖനമാണ് പുറംലോകം കാണുന്ന ആദ്യരചന (1948). ഇതേ വര്‍ഷംതന്നെ, മദിരാശിയില്‍ നിന്ന് പരമേശ്വരയ്യരുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ചിത്രകേരള'ത്തില്‍ വന്ന 'വിഷുവാഘോഷ'മാണ് അച്ചടിച്ചുവരുന്ന ആദ്യത്തെ കഥ.