Saturday 22 October 2016

തെയ്യം


  ത്തരകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ ഒന്നാണു് തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട്.    പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു.

   നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി) . കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു.(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌.
വൃക്ഷാരാധന, പർവതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്, തെയ്യം


ചരിത്രം



ദൈവം എന്ന പദത്തിൽ നിന്നാണ്‌ തെയ്യത്തിന്റെ ഉത്പത്തി എന്നാണ്‌ ഡോ.ഹെർമൻ ഗുണ്ടർട്ട് പറയുന്നത്. തെയ്യന്റെ ആട്ടമാണ്‌ തെയ്യാട്ടം. അത് തെയ്യത്തിന്റെ ആട്ടമോ തീ കൊണ്ടുള്ള ആട്ടമോ ആകാമെന്ന് ചേലനാട്ട് അച്യുതമേനോൻ പറയുന്നു. തമിഴിൽ തെയ്‌വം എന്ന രൂപമാണ്‌ ദൈവശബ്ദത്തിന്‌ സമമായി കാണപ്പെടുന്നത്.
വിഷ്ണുമൂർത്തിതെയ്യം
മുച്ചിലോട്ടു ഭഗവതി തെയ്യം
പ്രാചീനകാലത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു നാടൻ കലകൾ. ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ് അവയിൽ ഏറിയകൂറും. സമൂഹത്തിന്റെ ഐക്യത്തെ ദൃഢീകരിക്കാനും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും നാടൻ കലകൾക്കു കഴിഞ്ഞു. പല നാടൻ കലകളും അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള ഉപാധികളായി മാറ്റപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേമലബാറിന്റെ തനതു കലാരൂപമാണ് തെയ്യം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഈ അനുഷ്ഠാനകല കെട്ടിയാടുന്നത്. വൈദികേതരമായ അനുഷ്ഠാനചര്യകളോടെ ദൈവപ്രീതിക്കുവേണ്ടി അധഃസ്ഥിതസമുദായക്കാർ നടത്തുന്ന നൃത്തമാണ് തെയ്യം. ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം. ഓരോ സമുദായത്തിനും നിശ്ചിത തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശം തമ്പുരാൻ നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം. സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണർത്തുന്ന അപൂർവമായ ഒരു കലാരൂപമാണ്. വർഷങ്ങൾ നീളുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാൾക്ക് നല്ല തെയ്യക്കാരനാകാൻ കഴിയുകയുള്ളൂ. തെയ്യത്തെ തോറ്റിച്ച് (പ്രാർത്ഥിച്ച്) ഉണർത്തുന്ന പാട്ടാണ് തോറ്റം പാട്ട്. പ്രത്യേകകാലങ്ങളിൽ സമൂഹജീവിതത്തെ സമർത്ഥമായി പ്രതിഫലിപ്പിക്കുന്ന സാഹിത്യ രൂപം കൂടിയാണ് തോറ്റം പാട്ടുകൾ. തോറ്റം പാടുന്ന ഇളം കോലത്തിനും തോറ്റം എന്നു പറയും. ചില തെയ്യങ്ങൾക്ക് തലേന്നാൾ വെള്ളാട്ടമാണ് കെട്ടിയാടുന്നത്.
    തികച്ചും ദ്രാവിഡമാണ്‌ തെയ്യം എന്നതും ഇത് ആര്യന്മാരായ ബ്രാഹ്മണർക്ക് മുന്നേ നിലനിന്നിരുന്ന ആചാരമാണ്‌ എന്നതിന്‌ തെളിവാണ്‌. എങ്കിലും ഈ ആചാരം ബ്രാഹ്മണരുടെ കയ്യിൽ അകപ്പെട്ടു പോയില്ല. മറ്റ് കലകൾ എന്നപോലെ ഇതിനും ചര്യകൾ ആവശ്യമാണ്‌ എന്നതിനാലാവാം ഇത്. മാത്രവുമല്ല ഒരു പ്രത്യേക വർഗ്ഗക്കാരാണ്‌ തെയ്യമണിഞ്ഞിരുന്നത്.

ഐതിഹ്യം

ഓരോ തെയ്യത്തിന്റേയും തുടക്കത്തിനു് പിന്നിൽ അതാതു ദേശവും കാലവുമനുസരിച്ചു് വ്യത്യസ്ത ഐതിഹ്യങ്ങളുണ്ടു്, ഇന്ത്യയിലെ പ്രാദേശിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ബ്രാഹ്മണമേധാവിത്വമുള്ള ഹൈന്ദവസംസ്കാരത്തിന്റെ ഭാഗമാണെന്നു് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആദി ശങ്കരാചാര്യരുടെ കാലംതൊട്ടു് നടന്നിട്ടുണ്ടു്. തെയ്യങ്ങളുടെ പിന്നിലും ബ്രാഹ്മണ്യവുമായി ബന്ധപ്പെട്ട ഏക ഐതിഹ്യമുണ്ടെന്നു് സ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടു്. ബ്രാഹ്മണർ അധികമായും കാണപ്പെട്ടിരുന്ന കോലത്തുനാട്ടിലെ പയ്യന്നൂരും പെരിംചെല്ലൂരും (തളിപ്പറമ്പ) അമ്പലങ്ങൾ ധാരാളമായി ഉണ്ടായത് തെയ്യങ്ങളുടേയും മറ്റ് അനുബന്ധകലകളുടേയും പ്രചാരത്തിന് കാരണമായി . കേരളോൽപ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, ദേവിയാട്ടം (തെയ്യം) എന്നിവ സൃഷ്ടിച്ചതെന്നാണ്‌ ഐതിഹ്യം അദ്ദേഹം തെയ്യം കെട്ടാനുള്ള അനുവാദം പാണൻ, വേലൻ, വണ്ണാൻ എന്നീ ജാതികൾക്ക് കൽപ്പിച്ചു കൊടുത്തുബ്രാഹ്മണന്മാരുടെ മേൽനോട്ടത്തിൽ ഈ ജാതിക്കാർ തെയ്യം രൂപപ്പെടുത്തുകയും വളർത്തിയെടുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു.  വളരെ നാൾ കൊണ്ട് സാമൂഹികമായ മാറ്റങ്ങൾ പലതും ഉണ്ടാകുകയും അമ്പലങ്ങൾ മേൽജാതിക്കാരുടെ കൈവശമാകുകയും തെയ്യം താഴ്ന്ന ജാതിക്കാരിൽ മാത്രം നിക്ഷിപ്തമാകുകയും ചെയ്തു. ജാതിവ്യവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങൾ ഒരിക്കലും ഉണ്ടാവാതിരുന്നതിനാൽ ഈ ജാതികൾ തമ്മിൽ യാതൊരു സംഘർഷവും നാളിതുവരെ തെയ്യത്തിന്റെ പേരിൽ ഉണ്ടായില്ല. എന്നാൽ തെയ്യങ്ങളിലും അതിന്റെ ഐതിഹ്യങ്ങളിലും വൻ തോതിൽ ആര്യവൽക്കരണം നടന്നിട്ടുണ്ട്. കൂടാതെ കാവുകളുടെ പേരിൽ പോലും ഇന്ന് "ക്ഷേത്ര"വല്കരണം നടന്നിരിക്കുന്നു. 

കളിയാട്ടവും പെരുങ്കളിയാട്ടവും

കാവുകളിലോ സ്ഥാപനങ്ങളിലോ തറവാടുകളിലോ നിശ്ചിതകാലത്തു നടത്തിവരുന്ന തെയ്യാട്ടത്തിനു പൊതുവേ 'കളിയാട്ടം' എന്നാണു പറയുന്നത്. കഴകങ്ങളിലും കാവുകളിലും ചില പ്രമുഖ തറവാടുകളിലും ആണ്ടുതോറും തെയ്യാട്ടം നടത്തുന്നതിന് സ്ഥിരമായി മാസവും തീയതിയും നിശ്ചയിച്ചിരിക്കും. ഇത്തരം കളിയാട്ടോത്സവങ്ങളെ കല്പനകളിയാട്ടം എന്നു പറയും. എന്നാൽ, പ്രമുഖങ്ങളായ ചില കഴകങ്ങളിലും കാവുകളിലും വർഷംതോറും കളിയാട്ടം പതിവില്ല. പത്തോ പതിനഞ്ചോ ഇരുപത്തഞ്ചോ വർഷങ്ങൾ കൂടുമ്പോൾ മാത്രമാണ് അവിടങ്ങളിൽ കളിയാട്ടം നടത്തുന്നത്. ആർഭാടപൂർവം നടത്തപ്പെടുന്ന അത്തരം കളിയാട്ടങ്ങളെ 'പെരുങ്കളിയാട്ട'മെന്നാണു പറയുന്നത്. സാധാരണ തെയ്യാട്ടത്തിനോ കളിയാട്ടത്തിനോ ഉള്ളതിനെക്കാൾ ചടങ്ങുകളും അനുഷ്ഠാനങ്ങളും പെരുങ്കളിയാട്ടത്തിനുണ്ട്. ചിലേടങ്ങളിൽ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ആയിരക്കണക്കിനു ഭക്തജനങ്ങൾക്ക് അന്നമൂട്ടുന്ന പതിവുമുണ്ട്. കളിയാട്ടത്തിലെ ദേവതമാരിൽ നല്ലൊരു ഭാഗം കാളിയോ കാളിയുടെ സങ്കല്പഭേദങ്ങളോ ആണെന്നതിൽ പക്ഷാന്തരമില്ല. അതിനാൽ 'കാളിയാട്ട'മാണ് 'കളിയാട്ട'മായതെന്നു ചിലർ കരുതുന്നു. 'കളി'യും 'ആട്ട'വും ഇതിലുള്ളതിനാലാണ് 'കളിയാട്ട'മായതെന്നു മറ്റൊരു പക്ഷം. എന്നാൽ കേരളോത്പത്തി എന്ന ഗ്രന്ഥത്തിൽ തീയാട്ട്, ഭരണിവേല, പൂരവേല തുടങ്ങി കാവുകളിലെ അടിയന്തരങ്ങളുടെ ശൃംഖലയിലാണ് 'കളിയാട്ട'ത്തെയും പെടുത്തിയിരിക്കുന്നത്. മതപരമായ ഒരു നാടകമായിട്ടാണ് ഡോ. ഗുണ്ടർട്ട് ഇതിനെ കണ്ടത്. 'കളിയാട്ട'ത്തിന്റെ അരങ്ങിൽ എല്ലാ തെയ്യങ്ങൾക്കും പ്രവേശനമില്ല. കാവുകളിലോ കഴകങ്ങളിലോ 'സ്ഥാന'ങ്ങളിലോ തറവാടുകളിലോ വച്ച് നടത്താറുള്ളതിനെ മാത്രമേ 'കളിയാട്ടം' എന്നു പറയാറുള്ളൂ.

തെയ്യം കെട്ടിയാടുന്ന ഇടങ്ങൾ (തെയ്യസ്ഥാനങ്ങൾ)

കാവ്, കോട്ടം, താനം (സ്ഥാനം), അറ, പള്ളിയറ, മുണ്ട്യ, കഴകം തുടങ്ങിയവയാണ് തെയ്യങ്ങളെ കെട്ടിയാടിക്കുന്ന മുഖ്യസ്ഥാനങ്ങൾ. ആദ്യസങ്കേതങ്ങൾ വൃക്ഷമൂലങ്ങളായിരുന്നിരിക്കാം. പാല, ചമ്പകം, ആല്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങൾ ഇന്നും തെയ്യങ്ങളുടെ സങ്കേതങ്ങളായുണ്ട്. കാവുകളുടെ ഉത്പത്തി വൃക്ഷാരാധനയിൽ നിന്നാകാം. ദേവതാസങ്കേതങ്ങളായ കാവുകളിൽ കൽപീഠമോ കൽത്തറയോ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ ചിലേടങ്ങളിൽ പള്ളിയറ (ശ്രീകോവിൽ) പണിതിട്ടുണ്ടായിരിക്കും. ദുർലഭം ചിലവ ചുറ്റമ്പലവും മറ്റുമുള്ള ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടു കാണാം.

മുണ്ട്യകൾ

പ്രധാന ലേഖനം: മുണ്ട്യകൾ
അത്യുത്തരകേരളത്തിൽ തെയ്യാട്ടം നടത്തുന്ന കാവുകളിൽ മറ്റൊന്നാണ് 'മുണ്ട്യ'കൾ. പണ്ട് ഇവ നായാട്ടു സങ്കേതങ്ങൾ കൂടിആയിരുന്നിരിക്കാം. ചീമേനി, ഒളോറ, പടന്ന, കൊഴുമ്മൻ കൊയോൻകര, നടക്കാവ്, പുലിയന്നൂർ, കുലേരി തുടങ്ങിയ പ്രദേശങ്ങളിൽ മുണ്ട്യക്കാവുകൾ കാണാം. മുണ്ട്യകൾ മിക്കവാറും തീയരുടെ ആരാധനാലയങ്ങളാണ്. ചീമേനി മുണ്ട്യക്കാവ് മണിയാണിമാരുടേതത്രെ. വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി തുടങ്ങിയ ദേവതകളാണ് പ്രായേണ മുണ്ട്യകളിൽ ആരാധിക്കപ്പെടുന്നത്. ചില മുണ്ട്യകളിൽ വയനാട്ടുകുലവൻ ദൈവവും ഉണ്ട്.

കഴകം

പ്രധാന ലേഖനം: കഴകം
തെയ്യാട്ടസ്ഥാനങ്ങളിൽ ഒരു വിഭാഗമാണ് 'കഴകം'. തീയർ, മണിയാണിമാർ തുടങ്ങി പല സമുദായക്കാർക്കും 'കഴക'ങ്ങളുണ്ട്. ഓരോ കഴകത്തിന്റെ കീഴിലും അനേകം കാവുകളും സ്ഥാനങ്ങളും കാണും. കുറുവന്തട്ട, രാമവില്യം, നെല്ലിക്കാത്തുരുത്തി, പാലക്കുന്ന് തുടങ്ങിയ കഴകങ്ങൾ തീയരുടേതാണ്. കാപ്പാട്ടുകഴകം, കല്യോട്ടുകഴകം, മുളയന്നൂർകഴകം, കണ്ണമംഗലംകഴകം തുടങ്ങിയവ മണിയാണിമാരുടെ വകയാണ്. 'കഴക'ങ്ങളിൽ 'കഴകി'യായ ഭഗവതിക്ക് മുഖ്യസ്ഥാനമുണ്ട്. മറ്റനേകം ദേവതമാരും അവിടെ ആരാധിക്കപ്പെടുന്നു.

കോട്ടം

പ്രധാന ലേഖനം: കോട്ടം
ഗ്രാമക്കൂട്ടമായ 'കഴകം' തന്നെയാണ് കോട്ടം. ഭഗവതിക്കോട്ടം, ചാമുണ്ഡിക്കോട്ടം, വൈരജാതൻകോട്ടം, പൊട്ടൻ ദൈവത്തിന്റെ കോട്ടം, വേട്ടയ്ക്കൊരുമകൻകോട്ടം എന്നിങ്ങനെയുള്ള കോട്ടങ്ങളിൽ തെയ്യാട്ടം പതിവുണ്ട്.

കൂലോം

പ്രധാന ലേഖനം: കൂലോം
തെയ്യാട്ടസ്ഥാനങ്ങളായ ചില ആരാധനാലയങ്ങളെ 'കുലോം' (കോവിലകം) എന്നു പറയും. മടിയൻ കുലോം, ഉദിയന്നൂർ കുലോം, പെരട്ടു കുലോം, വടക്കുമ്പാടു കുലോം, കീഴറ കുലോം എന്നിവ പ്രഖ്യാതങ്ങളാണ്. ഇത്തരം കോവിലകങ്ങൾ ചില പ്രത്യേക ദേവതകളുടെ ആരാധനാലയങ്ങളായതിന്റെ പിന്നിൽ പുരാസങ്കല്പങ്ങളുണ്ട്.

മടപ്പുര

പ്രധാന ലേഖനം: മടപ്പുര
മുത്തപ്പൻ ദൈവത്തിന്റെ സ്ഥാനമാണ് പൊടിക്കുളവും മടപ്പുരയും. മടപ്പുര വിപുലമായ ആരാധനാസങ്കേതമാണ്.പ്രധാനമയും കണ്ണുരിലാണ് മടപ്പുരയുംപൊടിക്കളവും ഉള്ളത്.ഏറ്റവും പ്രധാനപെട്ടത്‌ പറശിനികടവ് മുത്തപ്പൻ മടപ്പുരയും .കണ്ണപുരം മടപ്പുരയും ഒപ്പം കുന്നത്തൂർപാടിയുംആനുള്ളതു

തെയ്യം കെട്ടുന്നവർ (കോലക്കാർ)

തെയ്യം കെട്ടിയാടിവരുന്നത് വണ്ണാൻ, മലയൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, വേലൻ, ചിങ്കത്താൻ, മാവിലൻ, കോപ്പാളർ അഥവാ പുലയൻ എന്നീ സമുദായങ്ങളിൽപ്പെട്ടവരാണ്.

വണ്ണാന്മാർ

പ്രധാന ലേഖനം: പെരുമണ്ണാൻ
അത്യുത്തരകേരളത്തിലെ വണ്ണാന്മാർ മറ്റു പ്രദേശങ്ങളിലുള്ള മണ്ണാന്മാരിൽനിന്ന് പലതുകൊണ്ടും ഭിന്നരാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മിക്ക ഗ്രാമപ്രദേശങ്ങളിലും വണ്ണാപ്പുരകൾ ഉണ്ട്. തെയ്യാട്ടത്തിനു പുറമേ തുന്നൽവേല, പാരമ്പര്യവൈദ്യം (പ്രത്യേകിച്ചും ബാലചികിത്സ), എന്നിവയും അവരുടെ കുലത്തൊഴിലുകളാണ്. അകനാൾ നീക്ക്, കെന്ത്രോൻപാട്ട് (ഗന്ധർവൻ പാട്ട്), കുറുന്തിനിപ്പാട്ട്, പക്ഷിപീഡ നീക്ക്, മറ്റു മാന്ത്രികബലികർമങ്ങൾ എന്നിവയിലും വണ്ണാന്മാർ ഏർപ്പെട്ടുവന്നിരുന്നു. ഏറ്റവും കൂടുതൽ തെയ്യങ്ങൾ കെട്ടിയാടിവരുന്നത് വണ്ണാന്മാരാണ്. ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധർവൻ, പുലിദൈവങ്ങൾ, വീരന്മാർ തുടങ്ങി വിവിധ തരത്തിലുള്ള തെയ്യങ്ങൾ അവർ കെട്ടിയാടും. ദുർമൃതിയടഞ്ഞ മനുഷ്യരുടെയും മൺമറഞ്ഞ പൂർവികരുടെയും വീരവനിതകളുടെയും വീരപുരുഷന്മാരുടെയും സങ്കല്പങ്ങളിലുള്ള തെയ്യങ്ങളിൽ ഭൂരിഭാഗവും വണ്ണാന്മാരാണ് കെട്ടുന്നത്. ദേവതകളെ പുരസ്കരിച്ചുള്ള തോറ്റംപാട്ടുകളും ഇവർക്കിടയിൽ സമൃദ്ധമായുണ്ട്.ഇവർ മരുമക്കത്തായം സംബ്രദായം തുടരുന്നു

മലയർ

പ്രധാന ലേഖനം: മലയർ
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയർ തെയ്യം കെട്ടിവരുന്നവരാണ്. മലയക്കുടികളില്ലാത്ത ഗ്രാമങ്ങൾ ഇവിടങ്ങളിൽ കുറവാണ്. ശ്രീമഹാദേവന്റെ പിണിയൊഴിപ്പാൻ പിറന്ന 'ഭദ്രദേവവർഗ'മാണ് തങ്ങളെന്ന് ഇവർ 'കണ്ണേർപാട്ടി'ൽ അവകാശപ്പെടുന്നു. പാടുന്നതിലും കൊട്ടുന്നതിലും മലയർക്കു പ്രത്യേക വൈദഗ്ദ്ധ്യമുണ്ട്. മറ്റു വിഭാഗക്കാരുടെ തെയ്യത്തിനും ഇവർ വാദ്യക്കാരായി പോകും. മലയികൾ നാട്ടുപേറ്റിച്ചികളായിരുന്നു. മാന്ത്രിക പാരമ്പര്യവും മലയർക്കുണ്ട്. മലയൻ കെട്ട്, കണ്ണേർ പാട്ട് എന്നിവ ഇവർ നടത്തിവരുന്ന കർമങ്ങളാണ്. കാർഷിക-ഗോസമൃദ്ധിക്കു വേണ്ടിയുള്ള 'കോതമൂരിയാട്ടം' (ഗോദാവരിയാട്ടം) എന്ന കലയും മലയരുടെ പൈതൃകമാണ്. ഭൈരവൻ, കുട്ടിച്ചാത്തൻ, ഗുളികൻ, പൊട്ടൻ, ഉച്ചിട്ട, കുറത്തി എന്നീ മന്ത്രമൂർത്തികൾ മലയത്തെയ്യങ്ങളിൽ മുഖ്യങ്ങളാണ്. രക്തചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂർത്തി, മടയിൽചാമുണ്ഡി, കണ്ഠാകർണൻ (ഘണ്ടാകർണൻ), വസൂരിമാല, കരിവാൾ എന്നിവയും മലയർ കെട്ടിയാടുന്ന തെയ്യങ്ങളിൽപ്പെടുന്നു.ഇവരിൽ ഓരോ ദേശത്തിനും തെയ്യക്കോലം ധരിക്കാൻ ഓരോ കുടുംബങ്ങൾ ഉണ്ട് അവകാശികൾ ആയിട്ട്, ചില കോലം ധരിക്കാൻ ആചാരപെട്ടവർ തന്നെ വേണം, മൂവാളം കുഴി ചാമുണ്ടി കോലം ഇതിൽ പെടുന്നു. ഇവരുടെ കൂട്ടത്തിൽ ആചാരപെടുന്നവരെ പണിക്കർ എന്നാണ് അറിയപെടുന്നത്. ഓരോ ദേശത്തിനും ഓരോ പെരുമലയൻ സ്ഥാനപേരും ഉണ്ട്.ഇതിൽ പ്രധാന പെട്ടതാണ് കരിവെള്ളൂർ പെരുമലയൻ, കാങ്കോൽ പെരുമലയൻ, ചീമേനി അള്ളടോൻ.

വേലന്മാർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വേലന്മാർ തെയ്യാട്ടക്കാരാണ്. മറ്റു പ്രദേശങ്ങളിലെ വേലന്മാരിൽനിന്ന് ഭിന്നരാണിവർ. 'തുളുവേല'ന്മാരായ ഇവരുടെ ആദിസങ്കേതം തുളുനാട്ടിലെ കുണ്ഡോറ എന്ന സ്ഥലമായിരുന്നുവത്രെ. കുണ്ഡോറച്ചാമുണ്ഡി വേലരുടെ പ്രധാന തെയ്യമാണ്. പുള്ളിക്കുറത്തി, കുഞ്ഞാർകുറത്തി, ധൂമഭഗവതി, പഞ്ചുരുളി, മലങ്കുറത്തി, ചുടലഭദ്രകാളി, പുള്ളിച്ചാമുണ്ഡി, കാലചാമുണ്ഡി, ഗുളികൻ, ബപ്പിരിയൻ, അയ്യപ്പൻ തുടങ്ങി അനേകം തെയ്യങ്ങൾ വേലത്തെയ്യങ്ങളിൽപ്പെടുന്നു. തെയ്യാട്ടത്തിന് ചെണ്ടകൊട്ടുവാനും പാടുവാനും വേലത്തികൾകൂടി പങ്കുകൊള്ളാറുണ്ട്.

അഞ്ഞൂറ്റാൻ

അഞ്ഞൂറ്റാൻ എന്ന ഒരു വിഭാഗക്കാരും തെയ്യം കെട്ടാറുണ്ട്. നീലേശ്വരത്താണ് ഇവരുടെ അംഗസംഖ്യ കൂടുതൽ ഉള്ളത്. ഇവർ വേലന്മാരുടെ ഒരു വിഭാഗമാണെന്നു കരുതുന്നു. വേലൻ അഞ്ഞൂറ്റാൻ എന്നാണ് തങ്ങളുടെ സമുദായത്തിന്റെ പേരെന്ന് ഇവർ പറയുന്നു. എന്നാൽ മറ്റു വേലന്മാരുമായി ഇവർക്ക് ബന്ധം കാണുന്നില്ല. തിറയാട്ടം നടത്തുന്ന മൂന്നൂറ്റാന്മാരുമായിട്ടു മാത്രമേ അല്പം ബന്ധം കാണുന്നുള്ളൂ. തിരുവർകാട്ടു ഭഗവതി, പുതിയ ഭഗവതി, പൂമാരുതൻ, തുളുവീരൻ തുടങ്ങി ഏതാനും തെയ്യങ്ങൾ മാത്രമേ മുന്നൂറ്റാന്മാർ കെട്ടിയാടാറുള്ളൂ. പാനൂരിലെ അഞ്ഞൂറ്റാന്മാർ മുത്തപ്പൻ ദൈവത്തെ കെട്ടിയാടാറുണ്ട്.

മുന്നൂറ്റാൻ

കുട്ടിച്ചാത്തൻ തെയ്യമാണ് ഇവർ കെട്ടിയാടുന്ന പ്രധാന തെയ്യം.നാഗഭഗവതി,ചെറിയ ഭഗവതി, പുള്ളിവേട്ടയ്ക്കൊരുമകൻ,വലിയ തമ്പുരാട്ടി,വസൂരിമാല,ശ്രീപോർക്കലി, തുടങ്ങിയ തെയ്യങ്ങളും ഇവർ കെട്ടിയാടാറുണ്ട്.

മാവിലർ

പ്രധാന ലേഖനം: മാവിലർ
ഹോസ്ദുർഗ്, തളിപ്പറമ്പ് താലൂക്കുകളിൽ കണ്ടുവരുന്ന മാവിലരും തെയ്യംകെട്ടിവരുന്നവരാണ്. മാവിലരിൽ മലയാളം സംസാരിക്കുന്നവരും തുളു സംസാരിക്കുന്നവരുമുണ്ട്. തുളുമാവിലരുടെ ഒരു അവാന്തരവിഭാഗമാണ് ഹോസ്ദുർഗ് താലൂക്കിലെ ചിറവർ. മാവിലർ കെട്ടിയാടാറുള്ള വിഷ്ണുമൂർത്തി, ചാമുണ്ഡി, കുറത്തി, കുറവൻ, ഗുളികൻ, കാപ്പാളത്തി ചാമുണ്ഡി, വേത്താളൻ, കാട്ടുമടന്ത, മന്ത്രമൂർത്തി തുടങ്ങിയ തെയ്യങ്ങളെല്ലാം ചിറവരും കെട്ടിവരുന്നു. മലയാളമാവിലർ ഈ തെയ്യങ്ങൾക്കു പുറമേ മംഗലച്ചാമുണ്ഡി, കരിയത്തുചാമുണ്ഡി, വണ്ണാത്തി ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വീരഭദ്രൻ, വീരമ്പിനാർ തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടും.

ചിങ്കത്താന്മാർ

പ്രധാന ലേഖനം: ചിങ്കത്താൻ
ഏഴിമല, പെരുവാമ്പ, കുറ്റൂര്, കോയിപ്പാറ, പെരിങ്ങോം എന്നീ പ്രദേശങ്ങളിൽ (കണ്ണൂർ ജില്ലയിൽ) വസിക്കുന്ന ചിങ്കത്താന്മാർ തെയ്യം കെട്ടിയാടുന്നവരാണ്. കോലത്തിരി രാജാക്കന്മാരുടെ ചുങ്കം പിരിവുകാരായിരുന്നു തങ്ങളെന്നും, തമ്പുരാന്റെ കല്പനപ്രകാരമാണ് തങ്ങൾ തെയ്യം കെട്ടുവാൻ തുടങ്ങിയതെന്നും അവരിൽ ചിലർ പറയുന്നു. ഇതെന്തായാലും കോലത്തിരിമാരുടെ ആരാധനാലയങ്ങളായ തിരുവാർകാട്ടുകാവിലും വീരചാമുണ്ഡിക്ഷേത്രത്തിലും ചിങ്കത്താന്മാരുടെ തെയ്യങ്ങൾക്കു പ്രാമുഖ്യമുണ്ട്. മലയാളമാവിലരുമായി പല കാര്യങ്ങളിലും ഇവർക്കു ബന്ധം കാണുന്നു. തായിപ്പരദേവത, വീരചാമുണ്ഡി, പുതിയ ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വണ്ണാത്തി ഭഗവതി, നാഗകന്നി, ആനാടി ഭഗവതി, മംഗലച്ചാമുണ്ഡി എന്നീ തെയ്യങ്ങൾ ചിങ്കത്താന്മാർ കെട്ടിയാടാറുണ്ട്.

കോപ്പാളർ

പ്രധാന ലേഖനം: കോപ്പാളർ
കാസർഗോഡ്, ഹോസ്ദുർഗ് എന്നീ താലൂക്കുകളിൽ കണ്ടുവരുന്ന കോപ്പാളർ എന്ന വിഭാഗക്കാർ കോലം കെട്ടിയാടിവരുന്നവരാണ്. കുണ്ടാർചാമുണ്ഡി, കുഞ്ഞാലക്കുറത്തി, ധൂമാഭഗവതി, ഗുളികൻ, കല്ലുരൂട്ടി, പടിഞ്ഞാറെച്ചാമുണ്ഡി, പഞ്ചുരുളി, അണ്ണപ്പഞ്ചുരുളി എന്നീ ദേവതകളുടെ തെയ്യങ്ങൾ കോപ്പാളരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

പുലയർ

പ്രധാന ലേഖനം: പുലയർ
കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ പുലയർ അവരുടെ ദേവതാസ്ഥാനങ്ങളിലും കോട്ടങ്ങളിലും ഭവനങ്ങളിലും തെയ്യം കെട്ടിയാടാറുണ്ട്. പൂർവികരായ കാരണവന്മാരുടെയും മൺമറഞ്ഞ വീരപുരുഷന്മാരുടെയും സങ്കല്പത്തിലുള്ള കോലങ്ങൾ ധരിച്ചാടുന്നതിൽ പുലയർ പ്രത്യേകം താത്പര്യമുള്ളവരാണ്. പുലിമറഞ്ഞ തൊണ്ടച്ചൻ (കാരികുരിക്കൾ), മരുതിയോടൻ കുരിക്കൾ, പനയാർകുരിക്കൾ, വെള്ളുക്കുരിക്കൾ, സമ്പ്രദായം, ഐപ്പള്ളിത്തെയ്യം, പൊല്ലാലൻകുരിക്കൾ, വട്ട്യൻപൊള്ള എന്നീ തെയ്യങ്ങൾ ആ വിഭാഗത്തിൽപ്പെടുന്നു. കൂടാതെ, പുലപൊട്ടൻ, പുലഗുളികൻ, കുട്ടിച്ചാത്തൻ, ഉച്ചിട്ട, കുറത്തി, കരിഞ്ചാമുണ്ഡി, കരിവാള്, കലന്താട്ട് ഭഗവതി, കാവുമ്പായി ഭഗവതി, കൊവ്വമ്മൽ ഭഗവതി, ചീറങ്ങോട്ടു ഭഗവതി, ചീറത്തു ഭഗവതി, തമ്പുരാട്ടി, തായിപ്പരദേവത, കരിഞ്ചാമുണ്ഡി, തെക്കൻകരിയാത്തൻ, ധർമദൈവം, നാഗകന്നി, പടമടക്കിത്തമ്പുരാട്ടി, തിരുവപ്പൻ, പുലച്ചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂർത്തി തുടങ്ങിയവയും പുലത്തെയ്യങ്ങളിൽപ്പെടുന്നു.

തോറ്റം പാട്ട്

പ്രധാന ലേഖനം: തോറ്റം പാട്ട്
തെയ്യങ്ങൾക്കും അവയുമായി ബന്ധപ്പെട്ട തോറ്റം, വെള്ളാട്ടം എന്നിവയുടെ പുറപ്പാടിനും പാടുന്ന അനുഷ്ഠാനപ്പാട്ടുകൾക്ക് തോറ്റംപാട്ടുകൾ എന്നാണു പറയുന്നത്. സ്തോത്രം എന്ന സംസ്കൃതപദത്തിന്റഎ വകഭേദമാണു് തോറ്റം. വരവിളിത്തോറ്റം, സ്തുതികൾ, കീർത്തനങ്ങൾ, അഞ്ചടിത്തോറ്റം, മൂലത്തോറ്റം, പൊലിച്ചുപാട്ട്, ഉറപ്പിൽത്തോറ്റം തുടങ്ങിയ ഘടകങ്ങൾ ഈ തോറ്റംപാട്ടുകൾക്കുണ്ട്. എല്ലാ ദേവതകളുടെ പാട്ടുകളിലും ഈ അംഗങ്ങൾ മുഴുവൻ കണ്ടുവെന്നുവരില്ല. തെയ്യങ്ങൾക്കു 'വരവിളി' പ്രധാനമാണ്. സുദീർഘമായ തോറ്റം പാട്ടുകളൊന്നുമില്ലാത്ത തെയ്യങ്ങൾക്കുപോലും വരവിളിത്തോറ്റമുണ്ടാകും. ഇഷ്ടദേവതയെ വിളിച്ചുവരുത്തുന്ന പാട്ടാണത്. 'വരവിളി'ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. "നന്താർ വിളക്കിനും തിരുവായുധത്തിനും അരിയിട്ടു വന്ദിക്ക എന്നാരംഭിച്ച്, "ഹരിവർദ്ധിക്ക വാണരുളും വർധനയും... എന്നാടിയ ശേഷം

 വരിക വരിക വേണം (നരമ്പിൽ ഭഗവതിയമ്മ)
 നിങ്ങളിതോരു പള്ളിയറ നാലുഭാഗം അടിച്ചു തളിച്ചു
 നാലുഭാഗത്തും നാലുപൊന്നിൻ നന്താർ വിളക്കുവച്ച്
 നടുവെയഴകിതോരു പള്ളിശ്രീപീഠമിട്ട്
 ................................................................................
 ഞാൻ നിങ്ങളെതോറ്റത്തെ വര വിളിക്കുന്നേൻ
 ആദിമൂലമായിരിപ്പോരു പരദേവതേ
 തോറ്റത്തെ കേൾക്ക...

എന്നിങ്ങനെ പാടും. ഈ വരവിളി മിക്ക തെയ്യങ്ങൾക്കും പൊതുവിലുള്ളതാണ്. ദേവതയുടെ പേരും ഊരും മാറ്റി പാടുകയാണു ചെയ്യുക. 'തോറ്റം' എന്ന് പൊതുവേ പറയുന്ന അനുഷ്ഠാനപ്പാട്ടുകളിൽ സ്തുതികളും കീർത്തനങ്ങളും ഉൾപ്പെടും. അടിസ്ഥാനപരമായ 'മൂലത്തോറ്റ'ങ്ങൾക്കു പുറമേയാണിവ. 'അഞ്ചടി'കളാണ് തോറ്റംപാട്ടിലെ മറ്റൊരു ഘടകം. സ്തുതിപരമായ പദ്യഖണ്ഡങ്ങളാണവ. വലിയ അഞ്ചടി, ചെറിയ അഞ്ചടി എന്ന് അഞ്ചടികൾക്ക് ചിലപ്പോൾ തരഭേദം കാണാം. സുദീർഘമായ കഥാഖ്യാനത്തിന് അഞ്ചടിയിൽ സ്ഥാനമില്ല. ഉദ്ദിഷ്ടദേവതയെ സ്തുതിക്കുന്നവയും ആ ദേവതയുടെ ചരിതമോ ചരിതാംശങ്ങളോ കഥാസൂചനകളോ രൂപവർണനകളോ അടങ്ങുന്നവയുമാണ് അഞ്ചടിത്തോറ്റങ്ങൾ. തോറ്റംപാട്ടെന്ന മഹാവിഭാഗത്തിൽത്തന്നെ അടിസ്ഥാനപരമായ മൂലത്തോറ്റങ്ങൾ കാണാം. കുട്ടിച്ചാത്തൻ, ഭൈരവൻ, ഗുളികൻ തുടങ്ങിയ ദേവതകൾക്കെല്ലാം മലയർ ഇത്തരം തോറ്റങ്ങൾ പാടാറുണ്ട്.

 കറ്റചെഞ്ചിട മുടിയോ
കറക്കണ്ടൻ മകൻ പിള്ളയോ
ഒറ്റക്കൊമ്പുടയവനേ
ഓമന ഗണപതിയോ
 കാരെള്ളും പുതിയവിൽതേങ്ങ
 കരിമ്പും തേനിളന്നീരാലേ
 കൈയാലേയെടുത്തുടനെ
 വായാലെയമൃത് ചെയ്യോനേ

എന്നാരംഭിക്കുന്ന പാട്ട് ചില തെയ്യങ്ങൾക്ക് 'ഗണപതി തോറ്റ' മായി പാടി കേൾക്കാറുണ്ട്. തോറ്റംപാട്ടുകളുടെ ഒരു അംഗമാണ് 'പൊലിച്ചുപാട്ടു'കൾ. തെയ്യാട്ടത്തിലെ പൊലിച്ചുപാട്ടുകൾ ധർമദേവതകളെ പാടിപ്പുകഴ്ത്തുന്നവയാണ്.

 പൊലിക പൊലിക ദൈവമേ
 പൊലിക ദൈവമേ
 എടുത്തുവച്ച നാൽകാൽ മണിപീഠം
 പൊലിക ദൈവമേ
 മടക്കിയിട്ട പുള്ളിപ്പൂവാടപുലിത്തോൽ
 പൊലിക ദൈവമേ
 കടഞ്ഞുവച്ച ഭിക്ഷാപൂരക്കോൽ
 പൊലിക ദൈവമേ

എന്നാരംഭിക്കുന്ന പാട്ട് ഭൈരവൻതെയ്യത്തിന്റെ പൊലിച്ചുപാട്ടിലുള്ളതാണ്. ചില തെയ്യങ്ങളും തോറ്റങ്ങളും പൊലിച്ചുപാട്ടിന്റെ അന്ത്യത്തിൽത്തന്നെ ഉറഞ്ഞുതുള്ളിത്തുടങ്ങും. എന്നാൽ ചിലവയ്ക്ക് ഉറച്ചിൽത്തോറ്റം പ്രത്യേകമായിത്തന്നെ പാടാറുണ്ട്.

 അത്തിത്തുകിലുടുത്താടുമരൻ മകൾ
 മുക്കണ്ണി ചാമുണ്ഡിയമ്മേ, ഭയങ്കരീ,
 ശക്തി സ്വരൂപത്തിലാരൂഢമായ് വന്ന
 രക്തചാമുണ്ഡി നീ മുമ്പിൽ വരികീശ്വരി
 .................................................................
 വാടാതെ നല്ല സ്തനം നല്ല നാസിക
 ഭൈരവി, തോറ്റുകൊണ്ടിസ്ഥലം വരികമേ

എന്ന ഭാഗം രക്തചാമുണ്ഡിക്ക് (മലയർ) പാടാറുള്ള ഉറച്ചിൽ തോറ്റത്തിലുള്ളതാണ്. ദേവതകളുടെ ഉദ്ഭവം, മഹാത്മ്യം, സഞ്ചാരം, ശക്തിപ്രകടനം, രൂപവിശേഷം തുടങ്ങിയവയെപ്പറ്റി തോറ്റംപാട്ടുകളിൽനിന്നു മനസ്സിലാക്കുവാൻ കഴിയും. വർണനാപ്രധാനങ്ങളായ ഭാഗങ്ങൾ അവയിൽ കുറവല്ല.

 കത്തും കനക സമാന്വിതമായൊരു
 പുത്തൻ നല്ല കീരിടം ചാർത്തി
 മെത്തു മതിന്നുടെ പുറമേ നല്ലൊരു
 വ്യക്തമതായ പുറത്തട്ടതിനുടെ
 ചുറ്റും പീലികൾ കെട്ടി മുറുക്കി
 പട്ടുകൾ പലതരമായ നിറത്തൊടു
 ദൃഷ്ടിക്കമൃതം കാണുന്തോറും
 ശശധരശകല സഹസ്രം ചുറ്റും
 സരസതരം നല്ലുരഗന്മാതം
 ................................................
 തെളിവൊടു ചന്ദ്രക്കലയതു പോലെ
 വെളുവെളെയുള്ളൊരു ദംഷ്ട്രാദികളും

എന്നീ വരികൾ അംബികയുടെ തിരുമിഴിയിൽനിന്ന് ഉദ്ഭവിച്ച കാളി(ചാമുണ്ഡി)യുടെ രൂപവർണനയാണ്. രണദേവതകളും പടവീരന്മാരും തെയ്യാട്ടത്തിന്റെ രംഗത്തുള്ളതിനാൽ യുദ്ധവർണനകൾ സ്വാഭാവികമായും തോറ്റംപാട്ടുകളിൽ കാണാം.

No comments:

Post a Comment