Tuesday, 3 January 2017

ഐടി @ സ്കൂളിന്റെ 'ഹായ്സ്കൂള്‍' കുട്ടിക്കൂട്ടം ഈ വര്‍ഷം മുതല്‍തിരുവനന്തപുരം• ഐസിടി അധിഷ്ഠിത പ്രവര്‍ത്തനങ്ങളില്‍ ആഭിമുഖ്യവും താല്‍പര്യവുമുള്ള കുട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും ഐടി @ സ്കൂള്‍ പ്രോജക്‌ട് നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം'. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ മാതൃകയില്‍ ഒരു സ്ഥിരം സംവിധാനമായി ഇതിനെ മാറ്റുന്നതിന്റെ വിശദാംശങ്ങള്‍ ഐടി @ സ്കൂള്‍ പ്രസിദ്ധീകരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടങ്ങളെ' ശാക്തീകരിക്കുകയും വിവിധ പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുമെന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.

ഐസിടി സങ്കേതങ്ങള്‍ കുട്ടികള്‍ക്ക് ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുക, സംഘപഠനത്തിന്റെയും സഹവര്‍ത്തിത പഠനത്തിന്റെയും അനുഭവങ്ങള്‍ കുട്ടികള്‍ക്കു പ്രദാനം ചെയ്യുക, വിദ്യാലയത്തിലെ ഐസിടി അധിഷ്ഠിത പഠനത്തിന്റെ മികവു കൂട്ടാനും സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കാനും വിദ്യാര്‍ത്ഥികളുടെ സഹകരണം ഉറപ്പാക്കുക, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ചു വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളില്‍ നേതൃത്വപരമായ പങ്കാളിത്തം വഹിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുക, വിവിധ ഭാഷാ കംപ്യൂട്ടിങ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കാനുള്ള അവസരം ലഭ്യമാക്കുകയും ചെയ്യുക, പഠന പ്രോജക്‌ട് പ്രവര്‍ത്തനങ്ങള്‍ക്കുള്ള മേഖലകള്‍ കണ്ടെത്തി ഗവേഷണപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള താല്‍പ്പര്യം വളര്‍ത്തിയെടുത്തുക തുടങ്ങിയവയാണ് 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം' ലക്ഷ്യമിടുന്നത്.

   ഇതനുസരിച്ചു ഓരോ സ്കൂളിലെയും ഐടി ക്ലബിലെ കുട്ടികളെ അനിമേഷന്‍ ആന്‍ഡ് മള്‍ട്ടീമീഡിയ, ഹാര്‍ഡ്വെയര്‍, ഇലക്‌ട്രോണിക്സ്, ഭാഷാ കംപ്യൂട്ടിങ്, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും എന്നിങ്ങനെ അഞ്ചു മേഖലകള്‍ തിരിച്ചു വിദഗ്ധ പരിശീലനം നല്‍കും. ഐടി @ സ്കൂള്‍ പ്രോജക്‌ട് ഇതു തുടര്‍ച്ചയായി മോണിറ്റര്‍ ചെയ്യും. കുട്ടിക്കൂട്ടായ്മയുടെ സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ പിടിഎ പ്രസിഡന്റ് ചെയര്‍മാനും ഹെഡ്മാസ്റ്റര്‍ കണ്‍വീനറും ആയ സമിതി ഏകീകരിപ്പിക്കും. സ്കൂളിലെ ഐടി കോര്‍ഡിനേറ്റര്‍മാര്‍ ഇവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. ക്ലാസ് സമയം നഷ്ടപ്പെടുത്താതെയാകും കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനം.

   ഒരു ലക്ഷം വിദ്യാര്‍ഥികളെ ഈ വര്‍ഷം തന്നെ 'ഹായ് സ്കൂള്‍ കളിക്കൂട്ടത്തിന്റെ' ഭാഗമാകുന്നതോടൊപ്പം ഇവരെ ഉപയോഗിച്ചു ക്രമേണ മറ്റു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം ബോധവല്‍ക്കരണവും പരിശീലനങ്ങളും നല്‍കാനും ഐടി @ സ്കൂള്‍ സംവിധാനം ഒരുക്കുമെന്ന് ഐടി @ സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐടി നെറ്റ്വര്‍ക്ക് ആയി ഇതു മാറും. അടുത്ത അധ്യയന വര്‍ഷം അംഗങ്ങളുടെ എണ്ണം ചുരുങ്ങിയതു രണ്ടു ലക്ഷമാക്കി ഉയര്‍ത്തും.
നിലവില്‍ ഇന്റര്‍നെറ്റ് സുരക്ഷിതത്വ പ്രവര്‍ത്തനങ്ങളില്‍ ഗൂഗിള്‍, ഇലക്‌ട്രോണിക്സില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് എന്നിങ്ങനെ വിവിധ ഏജന്‍സികള്‍ പങ്കാളിത്തം ഉറപ്പു തന്നിട്ടുണ്ട്. ഇതു വിപുലപ്പെടുത്തുകയും സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടുകളും (സിഎസ്‌ആര്‍) കുട്ടികള്‍ക്ക് ഹാര്‍ഡ്വെയര്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ ഫണ്ടും ലഭ്യമാക്കാന്‍ ഐടി @ സ്കൂള്‍ പദ്ധതികള്‍ സമര്‍പ്പിക്കും.

   2010-11ല്‍ സ്കൂള്‍ സ്റ്റുഡന്റ് ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ഐടി@സ്കൂള്‍ പ്രോജക്‌ട് വിപുലമായ പരിശീലനപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിരുന്നതു സ്കൂളുകളിലെ ഹാര്‍ഡ്വെയര്‍ പരിപാലനം, ഡിജിറ്റല്‍ ഉള്ളടക്ക നിര്‍മാണം തുടങ്ങിയ ഐടി വളര്‍ച്ചയിലെ നിര്‍ണായക ചുവടുവയ്പുകളായിരുന്നുവെങ്കിലും പിന്നീട് ആ സംവിധാനം തുടര്‍ന്നില്ല.

   പദ്ധതിയുമായി ബന്ധപ്പെട്ട് ഡിപിഐയുടെ സര്‍ക്കുലര്‍ ഉള്‍പ്പടെയുള്ള വിശദമായ റിപ്പോര്‍ട്ട് www.itschool.gov.inല്‍ നല്‍കിയിട്ടുണ്ട്. ഓരോ സ്കൂളില്‍നിന്നും കുറഞ്ഞത് 20 കുട്ടികളെങ്കിലും പദ്ധതിയില്‍ അംഗങ്ങളായി ഉണ്ടായിരിക്കണം. പരമാവധി അംഗങ്ങളുടെ എണ്ണം ഹൈസ്കൂള്‍ വിഭാഗം കുട്ടികളുടെ എണ്ണത്തിന്റെ 12%. പദ്ധതിയില്‍ അംഗത്വം ലഭിക്കാന്‍ ആഗ്രഹിക്കുന്നവരുടെ പേരുകള്‍ സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ ഐടി @ സ്കൂള്‍ വെബ്സൈറ്റിലെ Training Management System - ല്‍ 2017 ജനുവരി 24നകം നല്‍കേണ്ടതാണ്. ഒന്നാം ഘട്ട പരിശീലനം 2017 മാര്‍ച്ച്‌ 31 ന് മുന്‍പു പൂര്‍ത്തിയാക്കും. വിശദമായ പരിശീലനം അവധിക്കാലത്തു നടത്തും.

No comments:

Post a Comment