Tuesday, 3 January 2017

NEST ഇപ്പോള്‍ അപേക്ഷിക്കാം

ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ്‌ റിസർച്ച് (NISER), മുംബൈയിലെ യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ- ഡിപ്പാർട്ടുമെന്റ് ഓഫ് ആറ്റമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (UM-DAE CEBS) എന്നീ സ്വയംഭരണ സ്ഥാപനങ്ങളിലെ 2017-ലെ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്‌സി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള നാഷണൽ എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ് 2017 (NEST 2017), മേയ് 27 ഞായറാഴ്ച രാവിലെ 10 മുതൽ 1 വരെ നടക്കും. 

അപേക്ഷ, www.nestexam.in എന്ന വെബ്‌സൈറ്റ് വഴി ജനുവരി 2 മുതൽ മാർച്ച് 6 വരെ നൽകാം.
കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.
പരീക്ഷയ്ക്ക് അഞ്ച് വിഭാഗങ്ങളിലായി മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടായിരിക്കും. ആദ്യ സെക്ഷൻ എല്ലാവർക്കും നിർബന്ധമായുള്ളതും പൊതുസ്വഭാവമുള്ളതുമായിരിക്കും. 

മൊത്തം 30 മാർക്ക്. ഉത്തരം തെറ്റിയാൽ മാർക്ക് നഷ്ടപ്പെടില്ല. ഈ ഭാഗത്തിന് പ്രത്യേകം സിലബസില്ല. അസ്‌ട്രോണമി, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്, എൻവയൺമെന്റൽ സയൻസ് തുടങ്ങിയ മേഖലകളിലെ ചരിത്രപരമായ നാഴികക്കല്ലുകളെക്കുറിച്ചുള്ള അറിവ് ഈഭാഗത്ത് പരിശോധിക്കപ്പെടും. ശാസ്ത്രസംബന്ധിയായ ഖണ്ഡികകൾ സംബന്ധിച്ച ധാരണാശക്തി, അപഗ്രഥനപരമായ കഴിവ് എന്നിവയൊക്കെ അളക്കുന്ന ചോദ്യങ്ങൾ ഈ ഭാഗത്തുണ്ടാകാം.

ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലെ ചോദ്യങ്ങളടങ്ങുന്നതായിരിക്കും 2 മുതൽ 5 വരെയുള്ള ഭാഗം. ഓരോ ഭാഗത്തു നിന്നും 50 മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും. ഇതിലെത്ര ഭാഗം വേണമെങ്കിലും അപേക്ഷാർഥിക്ക് തിരഞ്ഞെടുത്ത് ഉത്തരം നൽകാം. ഇതിന്റെ സിലബസ്, NEST വെബ്‌സൈറ്റിൽ (https://nestexam.in) ലഭ്യമാണ്. അവിടെയുള്ള ഇൻഫർമേഷൻ ബ്രോഷറിലും സിലബസ് ലഭിക്കും. ഈഭാഗത്ത് ചില ചോദ്യങ്ങൾക്ക് ഉത്തരം തെറ്റിയാൽ മാർക്ക് നഷ്ടമാകുന്ന രീതിയുണ്ടാകും. 

ഒന്നിൽ കൂടുതൽ ശരിയുത്തരങ്ങളുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം. പക്ഷേ, ഇവയ്ക്ക് എല്ലാ ശരിയുത്തരങ്ങൾക്കും മറുപടി നൽകുകയും തെറ്റായ ഒരുത്തരവും രേഖപ്പെടുത്താതിരിക്കുകയും ചെയ്താലേ മാർക്ക് ലഭിക്കുകയുള്ളൂ.  ഈ നാലു ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന മൂന്നു ഭാഗങ്ങളിലെ മാർക്കും ആദ്യഭാഗത്തെ മാർക്കും പരിഗണിച്ചാണ് മെറിറ്റ് പട്ടിക രൂപവത്‌കരിക്കുക.
മുൻവർഷങ്ങളിലെ ചോദ്യങ്ങൾ വെബ്‌സൈറ്റിലുണ്ട്. 

ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ മൂന്നെണ്ണമെങ്കിലുമുള്ള കോമ്പിനേഷൻ, 11, 12 ക്ലാസുകളിൽ പഠിച്ച്, അംഗീകൃത സ്ഥാപനത്തിൽ നിന്നും 12-ാം ക്ലാസ് പരീക്ഷ, മൊത്തത്തിൽ 60 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ വാങ്ങി (SC/ST/PD വിഭാഗക്കാർ 55 ശതമാനം മാർക്ക് നേടി), 2015 ലോ 2016 ലോ ജയിച്ചവർക്കും 2017-ൽ പ്രസ്തുത പരീക്ഷ ഈ മാർക്കോടെ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

ജനറൽ/ഒ.ബി.സി. വിഭാഗക്കാർ, 1997 ആഗസ്ത് ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. SC/ST/PD വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവുണ്ട്. 

ഒരാൾക്ക് NEST എത്ര തവണ വേണമെങ്കിലും  അഭിമുഖീകരിക്കാം.
അപേക്ഷാ ഫീസ് ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിലെ ആൺകുട്ടികൾക്ക് 700 രൂപയാണ്.
SC/ST/PD വിഭാഗക്കാർക്കും പെൺകുട്ടികൾക്കും 350 രൂപയാണ് അപേക്ഷാ ഫീസ്. െക്രഡിറ്റ്/ െഡബിറ്റ് കാർഡ് വഴിയോ നെറ്റ് ബാങ്കിങ്ങിലൂടെയോ ഫീസടയ്ക്കാം. ഇതിനുള്ള മാർഗനിർദേശം വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

ഓൺലൈൻ അപേക്ഷ നൽകിയ ശേഷം അതിന്റെ ഒരു പ്രിന്റൗട്ട് എടുത്ത് ഭാവിയിലെ ആവശ്യങ്ങൾക്കായി കരുതിവയ്ക്കാം. ഒരു രേഖയും എവിടേക്കും അയച്ചുകൊടുക്കേണ്ടതില്ല.
ഏപ്രിൽ 16 മുതൽ അഡ്മിറ്റ് കാർഡ് വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്തെടുക്കാം. ജൂൺ 16 ഓടെ ഫലം പ്രതീക്ഷിക്കാം. 

NISER-ൽ 170 ഉം, CEBSൽ 45 ഉം സീറ്റുണ്ട്.
പ്രതിമാസം 5,000 രൂപ നിരക്കിൽ INSPIRE സ്കോളർഷിപ്പുകൾ കുറച്ചുപേർക്ക് ലഭിക്കാം. ഇതു ലഭിക്കുന്നവർക്ക് പ്രതിവർഷം 20,000 രൂപയും ഒരു സമ്മർ പ്രോജക്ടിന് ലഭിക്കും
മികച്ച സ്കോർ നേടി പഠനം പൂർത്തിയാക്കുന്നവർക്ക് BARC ട്രെയിനിങ്  സ്കൂൾ പ്രവേശനത്തിൽ നേരിട്ട് ഇന്റർവ്യൂവിന് അർഹത ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.niser.ac.in, www.cbs.ac.in, www.nestexam.in എന്നീ സൈറ്റുകൾ കാണേണ്ടതാണ്

No comments:

Post a Comment