Wednesday 13 November 2019

വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്


ശിശുദിനത്തില്‍ പുതിയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ‘വിദ്യാലയം പ്രതിഭകളോടൊപ്പം’ എന്ന പദ്ധതിയിലൂടെ വിദ്യാഭ്യാസമേഖലയില്‍ മറ്റൊരു മാതൃകയാകും സൃഷ്ടിക്കപ്പെടുക. ഓരോ സ്‌കൂളുകളിലെയും അധ്യാപകരോടൊപ്പം വിദ്യാര്‍ത്ഥികള്‍ ഓരോ പ്രതിഭകളെയും വീട്ടില്‍ ചെന്ന് ആദരിക്കും. ഒപ്പം അവര്‍ക്ക് പുതിയ തലമുറയ്ക്ക് കൈമാറാനുള്ള സന്ദേശവും ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്ക് തുടക്കം കുറിക്കും.

പുതു തലമുറയ്ക്ക് അറിവിന്റെ ലോകത്ത് പുത്തന്‍ പ്രകാശമേകുന്നതാണ് വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതി. ഓരോ വിദ്യാലയത്തിന്റെയും പരിസരത്ത് താമസിക്കുന്ന പ്രതിഭകളെ വീട്ടില്‍ ചെന്ന് ആദരിക്കുവാനും അവര്‍ക്ക് പുതിയ തലമുറയ്ക്ക് കൈമാറാനുള്ള സന്ദേശം ഏറ്റുവാങ്ങുന്നതുമാണ് പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.

15 വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം എത്തിയാണ് അവരെ ആദരിക്കുക. ശിശുദിനമായ നവംബര്‍ 14 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കമാകുക. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചരിത്രകാരന്‍ കെ.എന്‍ പണിക്കരുടെ അടുത്തെത്തി ആദരിക്കും. സമാന്തരമായി സംസ്ഥാനവ്യാപകമായി തന്നെ അധ്യാപകര്‍ കൂട്ടികളുമായി പ്രതിഭകളുടെ അടുത്തെത്തും. ഈ മാസം 28 വരെ ഈ പദ്ധതിയുടെ ഭാഗമായുള്ള സന്ദര്‍ശനം നടക്കുക.

സാഹിത്യകാരന്‍മാര്‍, കലാകാരന്‍മാര്‍, ശാസ്ത്രജ്ഞര്‍, കായികതാരങ്ങള്‍ തുടങ്ങിയ പ്രതിഭകളെയാണ് സന്ദര്‍ശിക്കുക. കലാ – സാംസ്‌കാരിക നായകര്‍ പദ്ധതിക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. പദ്ധതിയീലൂടെ 14000 വിദ്യാലയങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ ആയിരക്കണക്കിന് പ്രതിഭകളിലേക്കെത്തുകയാണ്. ഈ പദ്ധതിയിലൂടെ സാമൂഹിക വിദ്യാഭ്യാസത്തിന് മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം

No comments:

Post a Comment