Wednesday 12 April 2017

പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധം; ഓര്‍ഡിനന്‍സ് പുറത്തിറങ്ങി

സ്വകാര്യസര്‍ക്കാര്‍ ഭേദമോ സിലബസ് വ്യത്യാസമോ ഇല്ലാതെ പത്താം തരം വരെ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. നിയമം അടുത്ത അധ്യയന വര്‍ഷം തന്നെ നിലവില്‍ വരും.

 
കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങള്‍ക്കും സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാണ്. നിയമത്തില്‍ പറയാത്ത വല്ല സിലബസുകളിലും അധ്യയനം നടത്തുന്നുണ്ടെങ്കിലും മലയാളം നിര്‍ബന്ധമായിരിക്കും. തിങ്കളാഴ്ച കാലത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സ് അംഗീകരിച്ചത്. വൈകിട്ട് ഗവര്‍ണര്‍ അതിന് അംഗീകാരം നല്‍കി. ഹയര്‍ സെക്കണ്ടറി തലം വരെ മലയാളം നിര്‍ബന്ധമാക്കാനാണ് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അത് നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പത്താം തരെ വരെ മലയാളം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സ് ഇറക്കിയത്.
 
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ ഒരു വിലക്കും ഏര്‍പ്പെടുത്താന്‍ പാടില്ല. മറ്റേതെങ്കിലും ഭാഷയേ സംസാരിക്കാവൂ എന്ന് നിര്‍ദേശിക്കുന്ന ബോര്‍ഡുകളോ നോട്ടീസുകളോ പ്രചാരണമോ പാടില്ലെന്ന നിയമം നിര്‍ദേശിക്കുന്നു.   സിബിഎസ്ഇ, ഐസിഎസ്ഇ മുതലായ ബോര്‍ഡുകളുടെ കീഴിലുള്ള വിദ്യാലയങ്ങള്‍ക്ക് നിരാക്ഷേപ പത്രം (എന്‍ഒസി) നല്‍കുന്നതിന് നിര്‍ബന്ധിത മലയാള ഭാഷാപഠനം വ്യവസ്ഥ ചെയ്യും. മലയാളം പഠിപ്പിക്കാത്ത വിദ്യാലയങ്ങളുടെ എന്‍ഒസി റദ്ദാക്കും
 
കേരള വിദ്യാഭ്യാസ നിയമ പ്രകാരം അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മലയാള ഭാഷാ പഠനം നിര്‍ബന്ധമായിരിക്കും. നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ ലംഘിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍ക്ക് അയ്യായിരം രൂപ പിഴ ചുമത്താന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമം ലംഘിക്കുന്ന വിദ്യാലയങ്ങളുടെ അംഗീകാരം റദ്ദാക്കാം.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ വന്ന് പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് അതത് ക്ലാസുകളിലെ പാഠ്യപദ്ധതി പ്രകാരം മലയാളം പഠിക്കാന്‍ സാധ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം വിദ്യാര്‍ഥികളെ പത്താം തരം മലയാള ഭാഷാ പരീക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതാണ്.  ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായുള്ള സ്കൂളുകളില്‍ മലയാളം പഠിക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് അതിനാവശ്യമായ സൗകര്യം ചെയ്തുകൊടുക്കും.

No comments:

Post a Comment