Friday 26 May 2017

എല്ലാ സ്‌കൂളുകളിലും ഈ വര്‍ഷം ഒന്നാംക്ലാസില്‍ മലയാളം നിര്‍ബന്ധം

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കി മലയാളഭാഷാപഠന ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. മലയാളം ഇതുവരെ പഠിപ്പിക്കാത്ത വിദ്യാലയങ്ങളില്‍ ഈവര്‍ഷം ഒന്നാംക്ലാസുമുതല്‍ ക്രമാനുഗതമായി പഠിപ്പിച്ചാല്‍മതി.
ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ഒരാശങ്കയും വേണ്ടെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. അവര്‍ക്ക് അവരുടെ മാതൃഭാഷയില്‍ത്തന്നെ തുടര്‍ന്നും പഠിക്കാം. മലയാളംകൂടി പഠിക്കണമെന്നുമാത്രം. സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ നിയമം നിര്‍മിക്കാമെന്നതിനാല്‍ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്‌ക്കേണ്ടെന്ന് നിയമമന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
 
മലയാളം ഇതുവരെ പഠിപ്പിക്കാത്ത ഭാഷാന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്കായി പ്രത്യേക പാഠപുസ്തകം എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കും. അഞ്ചാംക്ലാസ് മുതലുള്ള ഓറിയന്റല്‍ സ്‌കൂളുകളില്‍ ഈവര്‍ഷം അഞ്ചാംക്ലാസില്‍ മലയാളപഠനം തുടങ്ങണം. ഇതിനായി അധ്യാപകതസ്തികകള്‍ ഏര്‍പ്പെടുത്തും. മറ്റ് സംസ്ഥാനങ്ങളില്‍നിന്നോ വിദേശത്തുനിന്നോ കേരളത്തിലേക്ക് വരുന്ന കുട്ടികളെ പത്താംക്ലാസിലെ മലയാളം പരീക്ഷയില്‍നിന്ന് ഒഴിവാക്കും.
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ ഇപ്പോള്‍ എട്ടാംക്ലാസുവരെ മലയാളം ഉള്‍പ്പെടെ ത്രിഭാഷാപഠന പദ്ധതിയാണുള്ളത്. ഒമ്പത്, പത്ത് ക്ലാസുകളിലാണ് മലയാളം പഠിപ്പിക്കാത്തത്. ഇവിടങ്ങളില്‍ ഈവര്‍ഷം ഒമ്പതാം ക്ലാസിലേക്ക് എസ്.സി.ഇ.ആര്‍.ടി.യുടെ പാഠപുസ്തകം നല്‍കും.
മലയാളം പഠിക്കാത്ത കുട്ടികള്‍കൂടി മലയാളം പഠിക്കണമെന്ന ഉദ്ദേശ്യം മാത്രമാണ് നിയമത്തിനുള്ളത്. ഇതിനുള്ള എല്ലാസൗകര്യവും സര്‍ക്കാര്‍ ഒരുക്കും. 

No comments:

Post a Comment