Wednesday 9 August 2017

സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുളള ബോണസും ഉത്സവബത്തയും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു

ബോണസ് 4000 രൂപ, 
ഉത്സവബത്ത 2,750 രൂപ,
പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ

സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുളള ബോണസും ഉത്സവബത്തയും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ബോണസ് ലഭിക്കുന്നതിനുളള ശമ്പളപരിധി പുതുക്കിയ സ്കെയിലില്‍ 22,000 രൂപയില്‍ നിന്ന് 24,000 രൂപയായും പഴയ സ്കെയിലില്‍ 21,000 രൂപയില്‍നിന്ന് 23,000 രൂപയായും വര്‍ദ്ധിപ്പിക്കും. ബോണസ് ഇരുവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 3,500 രൂപയില്‍നിന്നും 4,000 രൂപയായി ഉയര്‍ത്തി. ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് നല്‍കുന്ന ഉത്സവബത്ത 2400 രൂപയില്‍നിന്ന് 2,750 രൂപയായി ഉയര്‍ത്തി. എല്ലാവിഭാഗത്തില്‍പ്പെട്ട പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവ ബത്തയായി 1000 രൂപ നല്‍കും.

1,000 രൂപയ്ക്കും 1,200 രൂപയ്ക്കുമിടയില്‍ കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ചിരുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 100 രൂപ അധികം നല്‍കും. എക്സ്ഗ്രേഷ്യാ കുടുംബ പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ ഉത്സവബത്ത നല്‍കും. ഇതുവരെ ഈ വിഭാഗത്തിലുളളവര്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നില്ല. 

സ്വാതന്ത്ര്യസമര പെന്‍ഷന്‍ ഉയര്‍ത്തി

കേരള സ്വാതന്ത്ര്യസമരസേനാനി പെന്‍ഷന്‍, തുടര്‍ പെന്‍ഷന്‍ എന്നിവ 10,800 രൂപയില്‍നിന്ന് 11,000 രൂപയായി വര്‍ദ്ധിപ്പിച്ചു. സ്വാതന്ത്ര്യസമര പെന്‍ഷന്‍, തുടര്‍ പെന്‍ഷന്‍ എന്നിവ ലഭിക്കുന്നവരുടെ ക്ഷാമബത്ത സംസ്ഥാന സര്‍വ്വീസ് പെന്‍ഷന്‍കാരുടെ നിരക്കുകള്‍ക്ക് തുല്യമായി പരിഷ്കരിക്കാനും തീരുമാനിച്ചു. 

പ്രവാസിക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു

കേരള പ്രവാസിക്ഷേമ  പെന്‍ഷന്‍ ഏകീകൃതനിരക്കില്‍ 2000 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ രണ്ടു നിരക്കിലാണ് കേരള പ്രവാസിക്ഷേമ ബോര്‍ഡ് മുഖേന  പെന്‍ഷന്‍ നല്‍കുന്നത്. 300 രൂപ അംശാദായം അടക്കുന്നവര്‍ക്ക് 1000 രൂപയും 100 രൂപ അടക്കുന്നവര്‍ക്ക് 500 രൂപയുമാണ് നിലവില്‍ പെന്‍ഷന്‍. ഇനിമുതല്‍ എല്ലാവര്‍ക്കും 2000 രൂപ ലഭിക്കും. 

കൃഷിവകുപ്പിനു കീഴിലുളള സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷനിലെ സ്റ്റാഫ്, ഓഫീസര്‍ വിഭാഗത്തില്‍പെട്ടവരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

No comments:

Post a Comment