Monday 12 November 2018

അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി: മന്ത്രി സി രവീന്ദ്രനാഥ്

ലോകത്തിലെ ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ പുതിയ പാഠ്യപദ്ധതി അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ഹയര്‍ സെക്കന്ററി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കടന്നുപോയ എല്ലാ പാഠ്യപദ്ധതികളുടെയും നന്മകള്‍ ഉള്‍ക്കൊണ്ടായിരിക്കും പുതിയ പാഠ്യപദ്ധതി. അതിനുള്ള ശ്രമം കരിക്കുലം കമ്മിറ്റി ആരംഭിച്ചു കഴിഞ്ഞു. അടുത്ത പ്രവേശനോത്സത്തിന് മുമ്പായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 141 പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുമെന്നും ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ സ്‌കൂളുകളും ഹൈടെക്കാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി  കേരളം മാറും. സംസ്ഥാനത്തെ പഠന പെഡഗോജി നവീകരിക്കുന്നതിന് സമഗ്ര പോര്‍ട്ടല്‍ രൂപീകരിച്ച് പാഠഭാഗങ്ങളെ ഡിജിറ്റലൈസ് ചെയ്ത് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയാണ്. ടെക്നോളജിക്കല്‍ പെഡഗോജി എന്ന ആധുനിക സംവിധാനം സ്‌കൂളുകളില്‍ കൊണ്ടുവരികയാണ്.  

    സംസ്ഥാനത്ത് 500 ഓളം സ്‌കൂളുകളാണ് ഭൗതിക നിലവാരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നത്. സംസ്ഥാനത്തെ 45000 ക്ലാസ്സുകള്‍ ഹൈടെക് ആയി കഴിഞ്ഞു. യു പി, എല്‍ പി സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന്  ഈ വര്‍ഷം സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും 300 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത ഒരു ക്ലാസ്സ് മുറിയില്‍ നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത ഒരു സമൂഹത്തിലേക്ക് എന്നതാണ് നമ്മുടെ മറ്റൊരു മുദ്രാവാക്യം. നാട്ടിലെ ഏത് പാവപ്പെട്ടവനും അത്യന്താധുനികമായ വിദ്യാഭ്യാസം ലഭിക്കാനുള്ള സാധ്യത കേരളത്തില്‍ ഉണ്ടാവുകയാണ്. ഇത് അനന്യമായ നേട്ടമാണ്. ഇതെല്ലാം കേരളത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതിന് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.

    കെ സി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ പുതിയ ബ്ലോക്കിന്റെ തറക്കല്ലിടല്‍ പി കെ ശ്രീമതി ടീച്ചര്‍ എം പിയും ലാബുകളുടെ ഉദ്ഘടനം ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരിയും നിര്‍വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ഥികള്‍ നല്‍കുന്ന സാധു വിദ്യാര്‍ഥി നിധി ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി അനസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് അംഗം പി കെ സരസ്വതി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി അബ്ദുല്‍ ഖാദര്‍, ഇരിക്കൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സഫീറ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി വി എന്‍ യാസിറ, കണ്ണൂര്‍ ഹയര്‍ സെക്കന്ററി ആര്‍ ഡി ഡി കെ ശകുന്തള, കണ്ണൂര്‍ ഡി ഡി ഇ പി എ നിര്‍മ്മലകുമാരി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇ കെ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ കെ രവി കിഫ്ബി പ്രൊജക്റ്റും ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ റിപ്പോര്‍ട്ടും  അവതരിപ്പിച്ചു.

No comments:

Post a Comment