Sunday 2 February 2020

ഹൈടെക് സ്‌കൂൾ പദ്ധതിയിലെ 440976 ഉപകരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി



പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് സ്‌കൂൾ-ഹൈടെക് ലാബ് പദ്ധതികളിൽ ഉൾപ്പെടുത്തി വിന്യസിച്ച 440976 ഉപകരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. 547.73 കോടി രൂപ മൂല്യമുള്ള ഉപകരണങ്ങൾക്കാണ് പൊതുമേഖലാ കമ്പനിയായ യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കോർപ്പറേഷനുമായി ചേർന്ന് കൈറ്റ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും വിപുലമായ ഇൻഷുറൻസ് കവറേജ് ഐ.ടി. ഉപകരണങ്ങൾക്ക് നൽകുന്നത്. കൈറ്റ് സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ വിതരണം ചെയ്ത 114858 ലാപ്‌ടോപ്പ്, 66592 പ്രൊജക്ടർ, 4714
ഡി.എസ്.എൽ.ആർ ക്യാമറ, 4545 എൽ.ഇ.ഡി. ടി.വി., 4720 വെബ്ക്യാം, 23104 പ്രൊജക്ഷൻ സ്‌ക്രീൻ, 41878 എച്ച്.ഡി.എം.ഐ കേബിൾ, 40614 ഫേസ്‌പ്ലേറ്റ്, 41789 സീലിംഗ് മൗണ്ട് കിറ്റ്, 97825 യു.എസ്.ബി സ്പീക്കർ, 337 ഡെസ്‌ക്ടോപ്പ് എന്നിവയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ഉപകരണങ്ങൾ സ്‌കൂൾ കാമ്പസിനുള്ളിലായിരിക്കുമ്പോൾ സംഭവിക്കുന്ന കേടുപാടുകൾക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളു. ലാപ്‌ടോപ്പ് പോലെയുള്ള ഉപകരണങ്ങൾ നിലവിലുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് സ്‌കൂൾ അധികൃതരുടെ അനുവാദത്തോടെ ക്യാമ്പസിനു പുറത്തേക്ക് കൊണ്ടുപോകുമ്പോൾ അധികൃതർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.

No comments:

Post a Comment