Monday 17 February 2020

സ്‌കൂളുകളുടെ ഡിജിറ്റൽ മാഗസിനുകൾ സ്‌കൂൾ വിക്കിയിൽ

'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടായിരത്തോളം സ്‌കൂളുകളിൽ വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ മാഗസിനുകൾ സ്‌കൂൾവിക്കി പോർട്ടലിൽ പ്രസിദ്ധീകരിച്ചു. ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.  സ്‌കൂൾ വിക്കി (www.schoolwiki.in) താളിൽ നിന്നും 'ഡിജിറ്റൽ മാഗസിൻ' ലിങ്ക് വഴി ജില്ല തിരിച്ച് ഈ വർഷത്തെ എല്ലാ ഡിജിറ്റൽ മാഗസിനുകളും കാണാനാകും.
വിക്കിപീഡിയ മാതൃകയിൽ സ്വതന്ത്ര വിവരശേഖരണം ലക്ഷ്യമാക്കി പതിനയ്യായിര സ്‌കൂളുകളെ കോർത്തിണക്കിയാണ് പ്രവർത്തിനം, സ്‌കൂൾ വിക്കിയിൽ 2017 മുതലുളള സംസ്ഥാന സ്‌കൂൾ കലോൽസവത്തിലെ രചനാ മത്സരങ്ങളുടെ സൃഷ്ടികളും 2019 മുതലുളള സ്‌കൂൾ ഡിജിറ്റൽ മാഗസിനുകളും ലഭ്യമാക്കുന്നു. പോർട്ടലിലെ മുഖചിത്രത്തിൽ മൗസ് കൊണ്ടുവരുമ്പോൾ മാസികയുടെ പേരും സ്‌കൂൾ പേരും ദൃശ്യമാകും. ഡിജിറ്റൽ മാഗസിൻ കാണാൻ  മാസികയുടെ പേരിലും, സ്‌കൂൾ പേജിലേക്ക് പോകാൻ സ്‌കൂൾ പേരിലുമാണ് ക്ലിക്ക് ചെയ്യേണ്ടത്.

ലിറ്റിൽ കൈറ്റ്സ് പരിശീലന പ്രവർത്തനങ്ങളുടെ ഭാഗമായി മലയാളം ടൈപ്പിങ്, വേർഡ് പ്രൊസസിങ്, റാസ്റ്റർ-വെക്ടർ ഇമേജ് എഡിറ്റിങ് തുടങ്ങിയവയും നടപ്പിലാക്കുന്നു.  പദ്ധതിയിലെ സർഗാത്മകപ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്വതന്ത്ര സോഫ്‌റ്റ്വെയറിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നത്. എഴുത്തും വരകളും ചിന്തകളുമെല്ലാം ഡിജിറ്റൽ രൂപത്തി ലേക്കു മാറ്റിയാണ് ഓരോ വർഷവും കുട്ടികൾ ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നത്. കടലാസ്‌രഹിതമായും ധനനഷ്ടം കൂടാതെയും എല്ലാവർക്കും കാണാവുന്ന തരത്തിൽ പ്രദർശിപ്പിക്കാനും സംവിധാനമൊരുങ്ങിയതായി കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.

No comments:

Post a Comment