Sunday 1 January 2017

നാളെ ശുക്ര - ചന്ദ്ര സംഗമം കാണാം.

നാളെ (02-01-17, തിങ്കൾ) സന്ധ്യക്ക് പടിഞ്ഞാറൻ മാനത്ത് ശുക്ര - ചന്ദ്ര സംഗമം കാണാം. സന്ധ്യക്ക് 6.30 മുതൽ 9.30 വരെയാണ് ഈ അപൂർവ കാഴ്ച ദൃശ്യമാവുക. തെക്കുപടിഞ്ഞാറൻ മാനത്ത് ചന്ദ്രക്കലക്ക് തൊട്ടു താഴെയായി ശുക്രൻ സംഗമിക്കുമ്പോൾ രണ്ടും കൂടി ചേർന്ന് സൃഷ്ടിക്കുന്ന അതി മനോഹര ദൃശ്യം നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ കണ്ട് ആസ്വദിക്കാം. ശുക്രനെ പരസഹായമില്ലാതെ കണ്ട് തിരിച്ചറിയാനുള്ള ഒരവസരം കൂടിയാണിത്. ചന്ദ്രനും ശുക്രനുമിടയിൽ ഏതാണ്ട് മൂന്ന് പൂർണ ചന്ദ്രൻമാർക്ക് നിൽക്കാവുന്ന വിടവുള്ളതായാണ് ഈ ദിവസം നിരീക്ഷിക്കുമ്പോൾ നമുക്ക് തോന്നുക. ചന്ദ്രൻ കിഴക്കോട്ട് നീങ്ങുന്നതിനാൽ അടുത്ത ദിവസം മുതൽ ഈ വിടവ് കൂടിക്കൂടി വരും.
 ചന്ദ്രനെപ്പോലെ വൃദ്ധി ക്ഷയങ്ങൾ കാണിക്കുന്ന ശുക്രനെ ഇപ്പോൾ ടെലസ്ക്കോപ്പിലൂടെ നിരീക്ഷിച്ചാൽ ഏതാണ്ട് ഒരു അർധചന്ദ്രനെപ്പോലെ കാണാം. ഇപ്പോൾ ദിനം പ്രതി ക്ഷയിച്ചു വരുന്ന ശുക്രനെ ഒരു മാസം കൂടി കഴിഞ്ഞ് ടെലസ് കോപ്പിലൂടെ നോക്കുന്നത് കൂടുതൽ ആസ്വാദ്യകരമായിരിക്കും.

 ഈ വിവരം വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യൂ. പരമാവധി ആളുകൾക്ക്  നിരീക്ഷിക്കാൻ അവസരം ലഭിക്കട്ടെ. വാനനിരീക്ഷണത്തിന് ഏറെ അനുകൂലമായ കാലാവസ്ഥയായാണല്ലോ ഇപ്പോഴുള്ളത്.

ഇല്യാസ് പെരിമ്പലം

No comments:

Post a Comment