Showing posts with label ഓണം. Show all posts
Showing posts with label ഓണം. Show all posts

Sunday, 1 September 2019

ഓണം പാട്ടുകളിലൂടെ

കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പാടങ്ങളില്‍ നെല്‍ക്കതിരുകള്‍ വിളയുന്ന ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് ആഘോഷം. പ്രജാതല്‍പ്പരനായി കേരളം വാണ അസുരചക്രവര്‍ത്തി മഹാബലിയെ ദേവന്മാരുടെ അപേക്ഷപ്രകാരം മഹാവിഷ്‌ണു വാമനരൂപം ധരിച്ചു വന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും വര്‍ഷത്തിലൊരിക്കല്‍ വന്ന് തന്റെ പ്രജകളെ കാണാന്‍ അനുവദിക്കുകയും ചെയ്‌തെന്ന് പുരാണം.
ചരിത്രം പറയുന്നത് ഓണാഘോഷത്തിന്റെ അടിസ്ഥാനകേന്ദ്രം 'തൃക്കാക്കര' ആയിരുന്നു എന്നാണ്. ചേരരാജ്യത്തിന്റെ തലസ്ഥാനം കൊടുങ്ങല്ലൂരിനടുത്തുള്ള മഹോദയപുരം ആകുന്നതിനുമുമ്പ് തൃക്കാക്കരയായിരുന്നു. കൊടുങ്ങല്ലൂരിന്റെ 'തെക്ക്' ആയ 'കര'യാണ് തൃക്കാക്കര.

തൃക്കാക്കര, തെക്കേക്കര..
തുമ്പമരം പൂത്തേ..

എന്നിങ്ങനെ ഒരു നാടന്‍പാട്ടില്‍ പരാമര്‍ശം കാണുന്നു.

തൃക്കാക്കരയില്‍ ഓണാഘോഷം തുടങ്ങിയത് മന്നന്‍ എന്ന രാജാവാണെന്ന് വിശ്വാസം. ദക്ഷിണേന്ത്യ ആക്രമിച്ച സമുദ്രഗുപ്‌തനെ ഈ രാജാവ് യുദ്ധത്തില്‍ തോല്‍പ്പിക്കുകയും ആ വിജയം ഉത്സവമായി ആഘോഷിക്കാന്‍ ഓണം നാളില്‍ വിളംബരപ്പെടുത്തുകയും ചെയ്‌തു. ജനങ്ങളുടെ വിജയാഘോഷമാണ് 'തിരു' ഓണമായി പരിണമിച്ചതെന്നൊരു കഥയും പ്രചാരത്തില്‍ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു നാടന്‍പാട്ടും കാണുന്നു.

ഓണ ചൊല്ലൂകള്‍, ശൈലികള്‍

അത്തം പത്തിന് പൊന്നോണം.
അത്തം വെളുത്താൽ ഓണം കറുക്കും.
അത്തം പത്തോണം.
ഓണം പോലെയാണോ തിരുവാതിര?
ഓണം മുഴക്കോലുപോലെ.
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
ഓണം വരാനൊരു മൂലം വേണം.
ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?

ഓണവാക്കുകള്‍

  • 1.ഓണസദ്യ
  • 2.ഓണക്കോടി
  • 3.ഓണപ്പൂവ്
  • 4.ഓണപ്പുടവ
  • 5.ഓണപ്പൂക്കളം
  • 6. ഓണപ്പൂക്കൂട
  • 7.ഓണപ്പാട്ട്

Saturday, 2 September 2017

ഓണ വിശേഷങ്ങള്‍


തൃക്കാക്കരയപ്പൻ

തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേൽക്കുന്നതിനായാണ്‌ വീട്ടുമുറ്റത്തോ ഇറയത്തോ ആണ്‌ തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ (തൃക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു.(ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്). തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങൾ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവിൽ, മലർ തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു. തൃക്കാക്കരയപ്പൻ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ്‌ എന്നും വിശ്വസിക്കുന്നുണ്ട്. തൃക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം കഴിക്കാവു.

തൃക്കാരപ്പോ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണാനും വയോ (മൂന്നൂ പ്രാവശ്യം ആവർത്തിച്ച്)
ആർപ്പേ.... റ്വോ റ്വോ റ്വോ

എന്ന് ആർപ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു. ഇത് ഓണത്തപ്പനെ വരവേൽക്കുന്ന ചടങ്ങാണ്‌. തുടർന്ന് അരിമാവുകൊണ്ടുള്ള കോലം വീടിലെ മറ്റു സ്ഥലങ്ങളിലും അണിയുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നു. ഓണസദ്യയാണ്‌ തിരുവോണനാളിലെ പ്രധാന ഇനം. ഓണനാളിൽ വീട്ടിലെ മൃഗങ്ങൾക്കും ഉറുമ്പുകൾക്കും സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്. ഉറുമ്പുകൾക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളിൽ അവിടവിടെയായി വക്കാറുണ്ട്. ഇതിനുശേഷം ഓണക്കളികളും.