Friday, 7 July 2017

അടൽ ഇന്നവേഷൻ മിഷൻ


കേന്ദ്രസർക്കാർ അടൽ ഇന്നവേഷൻ മിഷൻ എന്ന പേരിൽ ഒരു പദ്ധതിക്ക് കഴിഞ്ഞവർഷം രൂപംനൽകി. ശാസ്ത്രസാങ്കേതിക, സംരംഭക മേഖലയിൽ പ്രതിഭകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം ശാസ്ത്രസാങ്കേതികമേഖലയിൽ മുന്നിട്ടുനിൽക്കുന്ന സ്കൂളുകൾക്ക് അടൽ ടിങ്കറിങ് ലാബ്, സ്റ്റാർട്ടപ്പുകൾ വളരാനുള്ള സാഹചര്യമൊരുക്കുന്ന അടൽ ഇൻക്യുബേഷൻ സെന്റർ, നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഇൻക്യുബേഷൻ സെന്ററുകളെ ലോകനിലവാരത്തിൽ എത്തിക്കാനുള്ള സാമ്പത്തികസഹായം തുടങ്ങിയവയാണ് അടൽ ഇന്നവേഷൻ മിഷന്റെ ഭാഗമായുള്ള പദ്ധതികൾ.
നൂതനാശയങ്ങൾ കണ്ടെത്തുകയും അത് വളർത്താനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയുമാണ് പദ്ധതിയിലൂടെ നീതി ആയോഗ് ലക്ഷ്യമിടുന്നത്. അടൽ ടിങ്കറിങ് ലാബിന് സ്കൂളുകൾക്കും അടൽ ഇൻക്യുബേഷൻ സെന്ററിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. വിദ്യാർഥികളുടെ പ്രതിഭ ഉപയോഗപ്പെടുത്തി രാജ്യത്ത് ഒരു സ്റ്റാർട്ടപ്പ് വിപ്ലവം സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം 475 സ്കൂളുകളെയാണ് തിരഞ്ഞെടുത്തത്. ശാസ്ത്രസാങ്കേതിക മേഖലയിൽ വിദ്യാർഥികൾക്ക് അവരുടെ ആശയങ്ങൾ പുറത്തുകൊണ്ടുവരാനും സ്വന്തമായി പഠിക്കാനും പുതിയകാര്യങ്ങൾ കണ്ടെത്താനും ഇതിലൂടെ സാധിക്കും.

അടൽ ‌ടിങ്കറിങ് ലാബ്
ശാസ്ത്രസാങ്കേതിക മേഖലയിൽ വിദ്യാർഥികൾക്ക് കാഴ്ചപ്പാട് രൂപപ്പെടുത്താനും സാങ്കേതികവിദ്യാപഠനത്തിനുമാണ് സ്കൂളുകളിൽ അടൽ ടിങ്കറിങ് ലാബുകൾ എന്ന ആശയം നീതി ആയോഗ് മുന്നോട്ടുവെക്കുന്നത്. ഓരോ സ്കൂളിനും 20 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ 10ലക്ഷം രൂപയും തുടർച്ചെലവുകൾക്കായി അഞ്ചുവർഷത്തേക്ക് 10ലക്ഷം രൂപയുമാണ് നൽകുക. ആറുമുതൽ 12 വരെ ക്ലാസുകളുള്ള സർക്കാർ, തദ്ദേശസ്വയംഭരണസ്ഥാപനം, ട്രസ്റ്റ്, സൊസൈറ്റികൾ എന്നിവ നടത്തുന്ന സ്കൂളുകൾക്ക് അപേക്ഷിക്കാം.
1500 ചതുരശ്രയടി വിസ്തൃതിയുള്ള മുറിയിൽ ലാബ് ഒരുക്കണം. സയൻസ്, ഇലക്‌ട്രോണിക്സ്, റോബോട്ടിക്സ്, എന്നിവയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ലാബിലുണ്ടാകും. കുട്ടികൾക്ക് സ്വയം പ്രവർത്തിപ്പിക്കാവുന്ന ഉപകരണങ്ങളടങ്ങിയ കിറ്റുകൾ, ത്രീഡി പ്രിന്റർ, വീഡിയോ കോൺഫറൻസിങ് സംവിധാനം തുടങ്ങിയവ ലാബിലുണ്ടാകും.  പാഠ്യപദ്ധതിയുടെ ഭാഗമായി ലാബിനെ ഉൾപ്പെടുത്തണം. പ്രവൃത്തിസമയത്ത് ഇതിനായി പ്രത്യേകം പിരീഡുകൾ നീക്കിവെക്കണം. സ്കൂൾ പ്രവൃത്തിസമയം കഴിഞ്ഞും ലാബ് ഉപയോഗിക്കാൻ വിദ്യാർഥികളെ അനുവദിക്കണം. 

അധ്യാപകരെ നിയമിക്കേണ്ടത് സ്കൂളുകളാണ്. അറിവ് കൈമാറ്റത്തിനായി വ്യവസായം, അക്കാദമിക്-ഗവേഷണമേഖല, പൊതുസമൂഹം എന്നിവയുമായി ബന്ധിപ്പിക്കുന്ന ആശയവിനിമയ ശൃംഖല സ്ഥാപിക്കണം. ആശയരൂപവത്‌കരണം, രൂപകൽപ്പന, ആദ്യമാതൃക, നെറ്റ് വർക്കിങ്, ഫിസിക്കൽ കംപ്യൂട്ടിങ് എന്നിവയിൽ വിദ്യാർഥികളെ പരിശീലിപ്പിക്കണം. കൂടാതെ ലാബുമായി ബന്ധപ്പെട്ട് ശാസ്ത്രപ്രദർശനം, പ്രഭാഷണപരമ്പര തുടങ്ങിയവ സംഘടിപ്പിക്കണം.
വ്യവസായ, സംരംഭക മേഖലയിലെ വിദഗ്ധരുമായി സംവാദം, സർവകലാശാലകൾ അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ എന്നിവ ലാബിന്റെ ഭാഗമായി നടത്തണം. അക്കാദമിക് വിദഗ്ധരുമായി വിദ്യാർഥികൾക്ക് അവരുടെ ആശയങ്ങൾ ചർച്ചചെയ്യാനുള്ള അവസരങ്ങളും ഒരുക്കണം.  ലാബ് പ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പായി പ്രത്യേക കമ്മിറ്റിക്ക് രൂപംനൽകണം. ഇതിൽ സ്കൂൾ പ്രിൻസിപ്പലാകും ചെയർമാൻ, അധ്യാപകൻ കൺവീനറായി രക്ഷിതാവ്, വ്യവസായ മേഖലയിൽനിന്ന് വിദഗ്ധർ എന്നിവരടങ്ങിയ സമിതിയാണ് മേൽനോട്ടംവഹിക്കുക. 

പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റംവഴിയാണ് പണം നൽകുക. കേന്ദ്രസർക്കാരിന്റെ പൂർണനിയന്ത്രണത്തിലുള്ള പദ്ധതിയിൽ പങ്കാളികളാകാൻ രാജ്യത്തെ പ്രധാന കമ്പനികളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലാബുകൾക്ക് കൂടുതൽ സഹായങ്ങൾ നൽകാൻ കമ്പനികൾ മുന്നോട്ടുവന്നിട്ടുണ്ട്.

അവസാനതീയതി: ജൂലായ് 15. വിവരങ്ങൾക്ക്: www.niti.gov.in/

No comments:

Post a Comment