Sunday 24 September 2017

എല്ലാ ജില്ലകളിലും കൈറ്റിന്റെ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ഒക്ടോബര്‍ 2-ന്


സോഫ്റ്റ്‍ വെയര്‍ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കൈറ്റിന്റെ (കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍) നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഒക്ടോബര്‍ 2-ന് സ്വതന്ത്രസോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇന്‍സ്റ്റാള്‍ഫെസ്റ്റില്‍ എത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐടി@സ്കൂള്‍ ഗ്നു/ലിനക്സ് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഓഫീസ് ആവശ്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗപ്രദമായ ഓഫീസ് പാക്കേജുകള്‍, മള്‍ട്ടിമീ‍ഡിയാ സോഫ്റ്റ്‍വെയറുകള്‍, ഗ്രാഫിക്സ്,
വീഡിയോ-ഓഡിയോ എഡിറ്റിങ്ങ്, അനിമേഷന്‍ സോഫ്റ്റ്‍വെയറുകള്‍, വിദ്യാഭ്യാസ സോഫ്റ്റ്‍വെയറുകള്‍, പ്രോഗ്രാമിങ് ടൂളുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഐടി@സ്കൂള്‍ ഗ്നു/ലിനക്സ് സഞ്ചയമാണ് ലഭ്യമാക്കുന്നത്. ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‍വെയറുകളുടെ വിലയുമായി താരതമ്യംചെയ്താല്‍ ഏകദേശം ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പാക്കേജുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഐടി@സ്കൂളിന്റെ ജില്ലാ റിസോഴ്സ് കേന്ദ്രങ്ങളില്‍ വച്ചാണ് വിപുലമായ പരിപാടികളോടെ ഇന്‍സ്റ്റാള്‍ഫെസ്റ്റ് നടത്തുന്നത്.
പ്രസ്തുത പരിപാടിയില്‍ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ സംബന്ധമായ വിദഗ്ദ്ധരുടെ ക്ലാസുകളും ഗ്നു/ലിനക്സ് സംശയ നിവാരണ സെഷനും ഉണ്ടായിരിക്കുന്നതാണ്. തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ ഇന്‍സ്റ്റലേഷന്‍ സംബന്ധമായ പരിശീലനം നല്‍കുന്നതാണ്.

വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിര്‍വഹണം തുടങ്ങി എല്ലാ മേഖലകളിലും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവല്‍ക്കരിക്കുകയാണ് സ്വതന്ത്രസോഫ്റ്റ്‍വെയര്‍ ദിനാചരണത്തിന്റെ ലക്ഷ്യം. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്വതന്ത്രസോഫ്റ്റ്‍വെയര്‍ ഉപയോഗം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ നിഷ്കര്‍ഷിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും ബൃഹത് സംരംഭമാണ് ഐടി@സ്കൂളിന്റേത്. ഹൈടെക് ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി ടെണ്ടര്‍ വിളിച്ച 60250 ലാപ്ടോപ്പുകളില്‍ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നതു കൊണ്ടുമാത്രം ഖജനാവിന് 900 കോടി രൂപ ലാഭിക്കാനാവും. ജില്ലാതല ഇന്‍സ്റ്റാള്‍ഫെസ്റ്റിന്റെ തുടര്‍ച്ചയായി ആദ്യം 161 സബ് ജില്ലകളിലും പിന്നീട് മുഴുവന്‍ സ്കൂളുകളും കേന്ദ്രീകരിച്ച് ഇന്‍സ്റ്റാള്‍ ഫെസ്റ്റ് നടത്തും. 

ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.kite.kerala.gov.in വെബ്സൈറ്റില്‍ 'ഇന്‍സ്റ്റാള്‍ ഫെസ്റ്റ് രജിസ്ട്രേഷന്‍' എന്ന ലിങ്കില്‍ സെപ്റ്റംബര്‍ 26-നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

No comments:

Post a Comment