Wednesday 31 October 2018

GOVT ORDERS & CIRCULARS

സാലറി ചാലഞ്ചിൽ പങ്കെടുത്ത് ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകാൻ താൽപര്യമുള്ളവർ സമ്മതപത്രം നൽകണമെന്നു ധനവകുപ്പിന്റെ നിർദേശം. നേരത്തെ സാലറി ചാലഞ്ചിൽ പങ്കെടുത്തിട്ടു സമ്മതപത്രം നൽകാൻ കഴിയാത്തവർക്കും ഇതു ബാധകമാണ്. സമ്മതപത്രമില്ലാതെ ഒരു ജീവനക്കാരന്റെ പോലും ശമ്പളത്തിൽ നിന്നു സംഭാവനത്തുക കുറവു ചെയ്യാൻ പാടില്ല. ഇത്തരത്തിൽ കുറവു ചെയ്തു ബിൽ തയ്യാറാക്കിയിട്ടുണ്ടെങ്കിൽ സമ്മതപത്രം ഉടൻ വാങ്ങണം. ഇതിനു കഴിഞ്ഞില്ലെങ്കിൽ ബിൽ റദ്ദാക്കി പുതിയ ബിൽ തയാറാക്കണം.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ പുതിയ ഉത്തരവിനു മുൻപ് തയാറാക്കിയ ശമ്പള ബില്ലുകൾ ഉത്തരവിനു വിരുദ്ധമല്ലെങ്കിൽ റദ്ദാക്കേണ്ടതില്ല. ഡിഡിഒമാർ ഒരു സാക്ഷ്യപ്പെടുത്തൽ കത്തു ട്രഷറിയിൽ നൽകി ബിൽ മാറിയാൽ മതിയാകുമെന്നു ധനവകുപ്പ് നിർദേശിച്ചു. ഒരു മാസത്തെ ശമ്പളത്തിൽ കുറഞ്ഞുള്ള തുക സാലറി ചാലഞ്ചിൽ ഉൾപ്പെടുത്തി സ്വീകരിക്കില്ല. അങ്ങനെ നൽകണമെന്നുള്ളവർക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നേരിട്ടു കൈമാറാം.

4,85,469 സർക്കാർ ജീവനക്കാരിൽ 2,88,904 പേരാണു സാലറി ചാലഞ്ചിൽ പങ്കെടുത്തിട്ടുള്ളത്. 1,96,565 പേർ വിസമ്മത പത്രവും നൽകി. എന്നാൽ, സുപ്രീംകോടതി വിസമ്മതപത്രം റദ്ദാക്കിയതോടെ സാലറി ചാലഞ്ചിൽ പങ്കെടുത്ത 2,88,904 പേരിൽ നിന്നു സമ്മതപത്രം വാങ്ങേണ്ടതുണ്ട്. ഇതിൽ 89% പേർ തങ്ങളുടെ സംഭാവന കുറവു ചെയ്യുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുത്തു കത്തു നൽകിയിരുന്നു. ഇതു സമ്മതപത്രമായി കണക്കാക്കും. ബാക്കിയുള്ള മുപ്പതിനായിരത്തോളം പേരിൽ നിന്നാണ് ഇനി സമ്മതപത്രം വാങ്ങാനുള്ളത്.
ശമ്പളം നൽകാൻ വിവിധ മാർഗങ്ങൾ (ഓപ്ഷൻ) തിരഞ്ഞെടുത്തുകൊണ്ടുള്ള രേഖകൾ നൽകിയവർ പുതുതായി സമ്മതപത്രം നൽകേണ്ടതില്ല.

1 comment: