Monday, 27 June 2016

മഹാഭാരതകഥ-13 (ഗുരുദക്ഷിണ, ധൃഷ്ടദ്യുമനന്‍‌, പാഞ്ചാലി)


ഗുരുദക്ഷിണ
വിദ്യാഭ്യാസം എല്ലാം കഴിഞ്ഞപ്പോള്‍‍ തന്റെ ശിക്ഷ്യന്മാര്‍ ഗുരുദക്ഷിണ നല്‍കാനായി അടുത്തു ചെല്ലുമ്പോള്‍,ദ്രുപദരാജാവ് തന്നെ അപമാനിച്ചതിന് ഒരു പാഠം പഠിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ജീവിച്ചിരുന്ന ദ്രോണര്‍, ആവശ്യപ്പെടുന്നത് ‘ദ്രുപദരാജാവിനെ തോല്‍പ്പിച്ചു കൊണ്ടുവരിക’ എന്നതായിരുന്നു. (ദ്രോണര്‍ക്ക് ദ്രുപദനോട് ശത്രുത തോന്നാന്‍ കാരണം എങ്ങിനെ എന്ന് ഇവിടെ ഉണ്ട്)

ദുര്യോദനന്‍ ആവേശപ്പെട്ട് ആദ്യം യുദ്ധത്തിനു ചെന്നെങ്കിലും ദ്രുപദനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു മടങ്ങി വരുന്നു.

അര്‍ജ്ജുനന്‍ വിജയശ്രീലാളിതനായി ദ്രുപദമഹാരാജാവിനെ തോല്‍പ്പിച്ച് ദ്രോണരുടെ മുന്നില്‍ കൊണ്ടു നിര്‍ത്തുന്നു..

അപമാനത്താല്‍ കുനിഞ്ഞ ശിരസ്സോടെ നില്‍ക്കുന്ന ദ്രുപദനോട്, ‘ഇപ്പോള്‍ നാം തുല്യരായോ?’ എന്ന് ചോദിക്കുന്നു. യുദ്ധത്തില്‍ മരണപ്പെടുന്നതിനെക്കാളും വലിയ ദുഃഖമാണ് തോല്‍പ്പിച്ചവന്റെ നിന്ദ. അതുകേട്ട് ദ്രുപദന്റെ ശിരസ്സ് വീണ്ടും കുനിയുന്നു..

ഗുരുപത്നിയായ കൃപിയുടെ ഇടപെടല്‍ കാരണം (കൃപി ചോദിക്കുന്നു, ‘അങ്ങും ദ്രുപദനെപ്പോലെ വിവേകമില്ലാതെ പക വച്ചുപുലര്‍ത്തിയാല്‍ പിന്നെ അങ്ങും സാധാരണക്കാരും തമ്മില്‍ എന്തു വ്യത്യാസം.. പൊറുക്കുന്നവനാണ് ശ്രേഷ്ഠന്‍..’എന്നൊക്കെയുള്ള ഓര്‍മ്മപ്പെടുത്തല്‍..) ദ്രോണര്‍ ദ്രുപദന് തന്റെ രാജ്യം തിരിച്ചു നല്‍കിവിട്ടയക്കുന്നു..

ദ്രുപദന് പക്ഷെ തനിക്കേര്‍പ്പെട്ട അപമാനം സഹിക്കാനാവുന്നതല്ലായിരുന്നു.. ആ വാശിയില്‍ തിരിച്ച് പോയി വളരെ വിശേഷപ്പെട്ട രീതിയില്‍ ഒരു യാഗം നടത്തുന്നു. ദ്രോണരെ കൊല്ലാനായി ഒരു പുത്രനെ കിട്ടാനായിരുന്നു യജ്ഞം നടത്തിയത്.

ഹോമകുണ്ഡത്തില്‍ നിന്നും സൂര്യതേജസ്സുള്ള ഒരു പുത്രനും ലക്ഷ്മീദേവിയെപ്പോലെ ഒരു മകളും ദ്രുപദന് കിട്ടുന്നു. മകന്‍ ധൃഷ്ടദ്യുമനനും, മകള്‍ കൃഷ്ണ (പാഞ്ചാലി), പിന്നീട് നപുംസകമായ ശിഖണ്ഡിയും ജനിക്കുന്നു.. (ശിഖണ്ഡി ദ്രുപദരാജ്യത്ത് പുനര്‍ജനിക്കുന്നു എന്ന് എഴുതിയിരുന്നല്ലൊ).

ദ്രോണരെ കൊല്ലാനായി ജനിച്ച ധൃഷ്ടദ്യുമ്നന്‍ ദ്രോണരുടെ കീഴില്‍ നിന്നു തന്നെ വിദ്യ അഭ്യസിക്കുന്നു..
പകയെല്ലാം മറന്ന് ദ്രോണര്‍ ധൃഷ്ടദ്യുമനനെ ശിഷ്യനായി അംഗീകരിക്കുന്നു..

No comments:

Post a Comment