Monday, 11 September 2017

കുട്ടികൾക്കെതിരെയുള്ള കേസുകളിൽ ഇനി എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ല??? പകരം എസ് ബി ആർ!

ഏഴ് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാവുന്നതും മുതിർന്ന ആളുകളുമായി ഒരുമിച്ച്  കുറ്റകൃത്യം ആരോപിക്കപ്പെട്ട  സാഹചര്യത്തിലും  ഒഴികെ കുട്ടികൾക്കെതിരെ എഫ്ഐആർ (First Information Report-FIR) രജിസ്റ്റർ ചെയ്യേണ്ടതില്ല.
എഫ്ഐആറിനു പകരം എസ് ബി ആർ - സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് (Social Background Report -SBR) അഥവാ സാമൂഹ്യ പശ്ചാത്തല റിപ്പോർട്ടാണ് പോലീസ് ഇനി എഫ്ഐആറിനു പകരം തയ്യാറാക്കേണ്ടത്. 2016-ലെ ബാലനീതി ചട്ടം ഫോറം നമ്പർ 1 പ്രകാരമാണ് എസ് ബി  ആർ  തയ്യാറാക്കേണ്ടത്. ആരോപിക്കപ്പെട്ട കുറ്റം ജനറൽ ഡയറിയിൽ (General Diary-GD) രേഖപ്പെടുത്തിയതിനു ശേഷം ആയിരിക്കും എസ് ബി അർ തയ്യാറാക്കുന്നത്.  തയ്യാറാക്കിയ എസ് ബി ആർ ജുവനൈൽ ജസ്റ്റിസ്  ബോർഡിനു മുമ്പാകെ ഹാജരാക്കുകയും വേണം. 

 എഎസ്ഐ റാങ്കിൽ കുറയാത്ത പോലിസ് ഉദ്യോഗസ്ഥൻ അഥവാ ചൈൽഡ് വെൽഫേർ പോലീസ് ഓഫീസർ  അല്ലെങ്കിൽ സ്പെഷൽ ജുവനൈൽ പോലീസ് യൂണിറ്റ് ആയിരിക്കണം എസ് ബി ആർ തയ്യാറാക്കേണ്ടത്.

എസ് ബി ആർ തയ്യാറാക്കേണ്ട കേസുകളിൽ കുട്ടിയ്ക്ക് പോലീസ് സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യം  നൽകാവുന്നതും ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പിൽ കുട്ടിയെ ഹാജരാകുന്നതിന് രക്ഷിതാക്കളെയോ മാതാപിതാക്കളെയോ ചുമതലപ്പെടുത്തുകയും ചെയ്യാവുന്നതാണ്. 
എന്നാൽ ഹീന കൃത്യങ്ങളിൽ ഉൾപ്പെടുന്നതും (ഏഴ് വർഷത്തിൽ കൂടുതൽ തടവ് ലഭിക്കാവുന്ന തരം കുറ്റകൃത്യങ്ങൾ   ഉദാഹരണം - കൊലപാതകം, ബലാൽസംഗം തുടങ്ങിയവ)  മുതിർന്ന ആളുകളുമായി ഒരുമിച്ചു ചെയ്യുന്ന കുറ്റകൃത്യങ്ങളിലും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കെതിരെയും  എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതും ബാലനീതി നിയമപ്രകാരം നടപടികൾ സ്വീകരിക്കുന്നതുമാണ്.

കുട്ടികളുടെ സുരക്ഷ മുൻ നിർത്തിയും ഉത്തമ താൽപര്യം സംരക്ഷിക്കേണ്ട സാഹചര്യത്തിലും, വീണ്ടും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാഹചര്യം നിലവിലുള്ള  സാഹചര്യത്തിലും, നീതി നിഷേധം ആകുന്ന സാഹചര്യത്തിലും മാത്രമേ ജുവനൈൽ ജസ്റ്റിസ് ബോർഡ് കുട്ടികൾക്ക് ജാമ്യം നിഷേധിക്കൂ. അത്തരം സന്ദർഭങ്ങളിൽ കുട്ടികളെ  ഒബ്സർവേഷൻ ഹോമിൽ ആയിരിക്കും താമസിപ്പിക്കുക.

(സംസ്ഥാന പോലീസ് മേധാവിയുടെ 25.08.2017 തീയതിയിലെ 21/ 2017 നമ്പർ സർക്കുലർ,  ബാലനീതി നിയമം 2015, ബാലനീതി ചട്ടം 2016 പ്രകാരം തയ്യാറാക്കിയത്.)

No comments:

Post a Comment