Sunday 26 November 2017

തുമ്പികളെക്കുറിച്ച്


    
രണ്ട് ജോടി സുതാര്യമായ ചിറകുകളും 
സങ്കീർണ്ണമായ കണ്ണുകളോടും നീണ്ട ശരീരത്തോടും കൂടിയ പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. ആറു കാലുകളുണ്ടെങ്കിലും നടക്കുവാൻ ഇവയ്‌ക്കു സാധിക്കില്ല. ഇവ സാധാരണയായി കൊതുകുകൾ, ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികൾ തേനീച്ച, ചിത്രശലഭങ്ങൾ എന്നിവയെ ആഹാരമാക്കുന്നു.

തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാൽ ഇവയെ തടാകങ്ങൾ കുളങ്ങൾ കായലുകൾ നീർച്ചാലുകൾ ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിൽ കണ്ടുവരുന്നു. കല്ലൻതുമ്പികളേയും സൂചിത്തുമ്പികളേയും ഇൻസെക്റ്റ് ഉൾപ്പെടുന്ന ഒഡോനേറ്റ (Odonata) എന്ന വർഗ്ഗത്തിൽ പെടുത്തിയിരിക്കുന്നു. ഇന്ന് ലോകത്തിൽ 600 ജനുസുകളിലായി 6500 ഓളം ഇനങ്ങൾ ഉണ്ട്. ഇന്ത്യയിൽ 500-ലധികം തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. പ്രാദേശികമായ മേധാവിത്വം കാണിക്കുന്ന ജീവിവർഗ്ഗമാണ് തുമ്പികൾ. പ്രാദേശിക മേധാവിത്വം കൂടുതലായി പുറപ്പെടുവിക്കുന്ന ആൺതുമ്പികൾ മറ്റ് ആൺതുമ്പികളെ തങ്ങളുടെ അധീനതാ പ്രദേശത്ത് പ്രവേശിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു. ഈ പ്രവർത്തിക്കു വേണ്ടിയും അതോടൊപ്പം കൂടുതൽ പെൺതുമ്പികളുമായി ഇണ ചേരുവാനുമാണ് ഇവ കൂടുതലായി സമയം ചെലവാക്കുക.

🦋ജീവിതചക്രം

തുമ്പികളുടെ ജീവിതചക്രത്തിന് അപൂർണരൂപാന്തരണമാണുള്ളത് (Incomplete metamorphosis: egg -nymph -adult). ജലത്തിലും ജലസസ്യങ്ങളിലുമാണ് തുമ്പികൾ മുട്ടയിടുന്നത്. ഒരു തവണ ഒന്നിലേറെ മുട്ടയിടുന്ന തുമ്പികളിൽ സൂചിത്തുമ്പികൾ 100 മുതൽ 400 വരെ മുട്ടകളിടുന്നു. തുമ്പികൾ അവയുടെ തനത് ആവാസവ്യവസ്ഥയിൽ മാത്രമാണ് മുട്ടയിടുന്നത്. മറ്റൊരു ഉപ വിഭാഗമായ കല്ലൻ തുമ്പികൾ ആയിരത്തിലധികം മുട്ടകളിടും. സാധാരണ കാലാവസ്ഥയിൽ 5 മുതൽ 40 വരെ ദിവസങ്ങൾ കൊണ്ട് മുട്ടകൾ വിരിയുമെങ്കിലും പ്രതികൂല കാലാവസ്ഥയിൽ ചിലപ്പോൾ പല മാസങ്ങൾക്കു ശേഷമാണ് മുട്ടകൾ വിരിയുക. മുട്ട വിരിഞ്ഞുണ്ടാകുന്ന നിംഫ് (Nymph ) ജലത്തിലെ സൂക്ഷ്മ ജീവികളെയും സസ്യങ്ങളെയും ഭക്ഷിച്ചു വളരുന്നു. വളർച്ചക്കിടെ പല തവണ പടം പൊളിക്കും (moulting ) ചിത്രശലഭങ്ങളുടേതു പോലുള്ള സമാധി (പ്യൂപ്പ) തുമ്പികൾക്കില്ല. വളർച്ചയെത്തിയ നിംഫ് ജലത്തിൽ നിന്നും ഉയർന്നു കണപ്പെടുന്ന പാറകളിലോ, ചെറുസസ്യങ്ങളിലോ കയറിയിരിക്കുകയും സാവധാനത്തിൽ പുറംതോട് അടർത്തി പൂർണ വളർച്ചയെത്തിയ തുമ്പികൾ പുറത്തു വരും. അർദ്ധരാത്രിക്കു ശേഷവും പുലർകാലെയുമാണ് തുമ്പിയുടെ ലാർവകൾ പുറത്തു വരുന്നത്. തുമ്പിയുടെ വളർച്ചയ്ക്ക് താപവും സൂര്യപ്രകാശവും അത്യാവശ്യമായതിനാൽ ഉഷ്ണമേഖലാ രാജ്യങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.

🦋ശരീരഘടന

തല, ഉദരം, ഉടൽ എന്ന് മൂന്നായി ശരീരത്തെ വേർതിരിക്കാം. നീണ്ടു നേർത്ത ഉടലുള്ളവയാണ്‌ തുമ്പികൾ. ഇത് പത്തു ഖണ്ഡങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. തന്മൂലം ശരീരം ആവശ്യാനുസരണം വളയ്ക്കുവാൻ സാധിക്കുന്നു. തുമ്പികൾ ഇണ ചേരുന്നത് ചക്രരൂപത്തിൽ പരസ്പരം കോർത്തു പിടിച്ചാണ്. ഇത്തരത്തിൽ കോർത്തു പിടിക്കുവാനുള്ള അവയവം വാൽഭാഗത്തായി കാണപ്പെടുന്നു. ഇണ ചേരുവാനായി ആൺതുമ്പികളിൽ രണ്ടും മൂന്നും ഖണ്ഡങ്ങളിൽ ഉപ പ്രത്യുൽപ്പാദന അവയവവും പെൺതുമ്പികളിൽ മുട്ടയിടുവാനുള്ള ഓവിപോസിറ്ററും ഉണ്ട്. തുമ്പികൾക്ക് അവയുടെ കണ്ണുകളുടെ പ്രത്യേകതകളാൽ നാൽപ്പത് അടി ദൂരത്തിലുള്ള കാഴ്ചകൾ 360 ഡിഗ്രിയിൽ കാണുവാൻ സാധിക്കും.

🦋വർഗ്ഗീകരണം

ശാരീരികമായ പ്രത്യേകതകളാൽ ഒഡോനേറ്റ (പല്ലുള്ളത് എന്നർത്ഥം) വർഗ്ഗത്തെ വീണ്ടും മൂന്നായി തരം തിരിച്ചിട്ടുണ്ട്.

       1.സൂചിത്തുമ്പികൾ

 (സൈഗോപ്‌റ്ററ) - (Zygoptera) - Damselfly -

സൂചിപോലെ നേർത്ത ഉടലോട് കൂടിയവയാണ് സൂചിത്തുമ്പികൾ. അധികദൂരം പറക്കാത്ത ഇവ ഇരിക്കുമ്പോൾ രണ്ടു ജോടി ചിറകുകളും ഉടലിനോട് ചേർത്ത് വയ്ക്കുന്നു. എന്നാൽ സൂചിത്തുമ്പികളിൽ ലെസ്റ്റിഡേ എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന ഇനം ചിറകകൾ വിടർത്തിപ്പിടിക്കുന്നവ ആയതിനാൽ ഇവയെ സ്പ്രെഡ്‌വിങ്സ് എന്നു വിളിക്കുന്നു.

     2.കല്ലൻ തുമ്പികൾ
                  കല്ലൻ തുമ്പികൾ (അനിസോപ്‌റ്ററ) - (Anisoptera) - Dragon flies - തുമ്പികളിൽ ശക്തനായ ഇനമാണ് കല്ലൻതുമ്പികൾ. ഇരിക്കുമ്പോൾ നിവർത്തിപ്പിടിക്കുന്ന ചിറകുകളും ശക്തമായ കാലുകളുള്ള ശരീരവുമാണ് ഇവയുടെ പ്രത്യേകത.

3.അനിസോസൈഗോപ്‌റ്ററ

അനിസോസൈഗോപ്‌റ്ററ - (Anisozygoptera) - അനിസൈഗോപ്റ്റെറ എന്ന വർഗ്ഗം ജീവിക്കുന്ന ഫോസിലായാണ്‌ പരിഗണിക്കുന്നത്. ഇവയിൽ രണ്ടു തരങ്ങളാണുള്ളത്. ഇതിൽ Epiphebia laidlawi എന്ന വിഭാഗം ഇന്ത്യയിൽ ഡാർജിലിങ്ങിലാണ് കാണപ്പെടുന്നത്. മറ്റു രണ്ടു വർഗ്ഗങ്ങളും തമ്മിൽ ഇവ വളരെ വ്യത്യസ്തമാണെങ്കിലും അവയുടെ ജീവിത ചക്രങ്ങൾ സാദൃശ്യമുള്ളവയാണ്‌

🦋കേരളത്തിലെ തുമ്പികൾ

കേരളത്തിൽ 6 കുടുംബങ്ങളിലായി 54 ജനുസ്സുകളിൽ ഉൾപ്പെടുന്ന 95 ജാതി കല്ലൻ  തുമ്പികളെയും; 8 കുടുംബങ്ങളിലായി 28 ജനുസ്സുകളിൽ പെടുന്ന 59 ജാതി സൂചിത്തുമ്പികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകരായ ശ്രീമതി. എമിലിയമ്മ, ശ്രീ. ജാഫർ പാലോട്ട് എന്നിവർ ലെസ്റ്റിഡേ കുടുംബത്തിലെ ലെസ്റ്റസ് നോടാലിസ് ( Lestes nodalis Selys, 1891) എന്ന സ്പീഷിസിനെ 2016ൽ കോഴിക്കോട് ജില്ലയിൽ നിന്നും കണ്ടെത്തിയതോടെ ഇപ്പോൾ കേരളത്തിൽ ആകെയുള്ള തുമ്പികളുടെ എണ്ണം 155 ആയിട്ടുണ്ട്. വയനാട് മേഖലയിൽ നടത്തിയ സർവേയിൽ 67 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 38 ഇനങ്ങൾ കല്ലൻതുമ്പികളുടെ ഗണത്തിൽപ്പെടുന്നതാണ്. സൂചിത്തുമ്പികളുടെ പട്ടികയിൽപ്പെട്ടത് 29 ഇനങ്ങളും

🦋കേരളത്തിലെ തുമ്പികളെ തദ്ദേശീയമായി അറിയപ്പെടുന്ന പേരുകൾ   

വയനാടൻ മുളവാലൻ, ചുട്ടിച്ചിറകൻ തണൽത്തുമ്പി, ചെറിയ തണൽതുമ്പി (മരതകത്തുമ്പി), മേഘവർണ്ണൻ, കൂട്ടുമുളവാലൻ, കാട്ടുപൂത്താലി, നാട്ടുപൂത്താലി, ചെമ്മുഖപ്പൂത്താലി, ഇളനീലി പൂത്താലി, മഞ്ഞ വരയൻ പൂത്താലി, പുള്ളിവാലൻ, ചോലക്കടുവ, പെരുവാലൻ കടുവ, പുഴക്കടുവ, നീലനീർതോഴന്, കുറുനഖവാലൻ, നീർമാണിക്യൻ, ഓണത്തുമ്പി, തുലാത്തുമ്പി, കാട്ടുവിരിചിറകൻ, കുങ്കുമചിറകൻ, നീലരാജൻ, നീലച്ചുട്ടി, പത്തി പുൽചിന്നൻ, വെള്ളപ്പുൽ ചിന്നൻ, ചതുരവാലൻ കടുവ, ചങ്ങാതി തുമ്പി, സ്വാമി തുമ്പി, തുരുമ്പൻ തുമ്പി, ഹെലിക്കോപ്റ്റർ തുമ്പി, വയൽ തുമ്പി, കനൽ തുമ്പി, ചൂണ്ടവാലൻ കടുവ തുമ്പി, ചെങ്കറുപ്പൻ അരുവിയാൻ, നാട്ടുകടുവ, നാട്ടുപുൽ ചിന്നൻ, കാട്ടു പുൽചിന്നൻ, നീലച്ചിന്നൻ, സിന്ദൂര ചിറകൻ, ചെൻമുഖ പൂത്താലി, മഞ്ഞക്കാലി പാൽത്തുമ്പി, തവളക്കണ്ണൻ, നീലക്കണ്ണി ചേരച്ചിറകൻ, പീലിത്തുമ്പി, കുള്ളൻ തുമ്പി, അരുവിത്തുമ്പി. കനൽവാലൻ ചതുപ്പൻ, നാട്ടുചതുപ്പൻ, കരിംപച്ച ചതുപ്പൻ, തീച്ചതുപ്പൻ, മഞ്ഞപ്പുൽ മാണിക്യൻ, നീല പുൽമാണിക്യൻ, കരിയിലത്തുമ്പി, എണ്ണക്കറുപ്പൻ, കരിമ്പൻ അരുവിയൻ

No comments:

Post a Comment