Saturday 11 June 2016

വായനയെ ഓര്‍മ്മപ്പെടുത്തി വായനാദിനം


മലയാളിയോട് വായിക്കാന്‍ ഉണര്‍ത്തി ഒരു വായനാദിനം കൂടി കടന്നുപോയി. മലയാളിയെ അക്ഷരത്തിന്റെയും വായാനയുടെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19.
1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നു.
1909 മാര്‍ച്ച് 1-ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. അദ്ധ്യാപകനായിരുന്ന പി.എന്‍ പണിക്കര്‍ 1926-ല്‍, ‘സനാതനധര്‍മ്മം’ എന്ന വായനശാല സ്ഥാപിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയതും നയിച്ചതും അദ്ദേഹമായിരുന്നു. ഒരു സാധാരണ ഗ്രന്ഥശാല പ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ കഠിനയത്‌നമാണ് ‘കേരള ഗ്രന്ഥശാല സംഘം’. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന് കീഴില്‍ കൊണ്ടു വരാനും അദ്ദേഹത്തിന് കഴിഞ്ഞു.
മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ച പി.എന്‍ പണിക്കര്‍, 1995 ജൂണ്‍ 19-ന് അന്തരിച്ചു. പി.എന്‍ പണിക്കരുടെ ചരമദിനമാണ് മലയാളിയുടെ വായനാദിനം.
വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും..
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”
കുഞ്ഞുണ്ണി മാഷിന്റെ പ്രശസ്തമായ ഈ വരികള്‍ ഇന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. വായന മരിക്കുന്നുവെന്ന വിങ്ങിപ്പൊട്ടലാണ് പലര്‍ക്കും. പുസ്തകങ്ങള്‍ക്ക് പ്രാധാന്യമില്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന പരാതിയും. പുതുയുഗത്തില്‍ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ആധിക്യം വായനയെ കൊല്ലുന്നു എന്ന് പറഞ്ഞ്, പുസ്തക ലോകത്തേക്ക് മലയാളിയെ തിരിച്ചു വിടാന്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്.
ഇന്റര്‍നെറ്റിന്റെ തരംഗം വായനയെ ഒരിക്കലും തഴയുന്നില്ലെന്നതാണ് സത്യം. പക്ഷെ, പുസ്തക വായനയുടെ സുഖം ‘ഇ-വായന’ക്കുണ്ടാകുന്നില്ല എന്നതു കൊണ്ട് അധികനേരം വായിക്കാന്‍ പലരും തുനിയുന്നില്ല. സമയത്തെ പഴി പറയാറുണ്ടെങ്കിലും, പുസ്തകാനുഭവം ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വായന എന്നത് ഒരു അനുഭവം മാത്രമല്ല. ഒരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്. വായനയിലൂടെ വളര്‍ത്തുന്നത് സംസ്‌കാരത്തെ തന്നെയാണ്.
വീണ്ടുമൊരു വായനാദിനം കൂടി കടന്നു പോകുമ്പോള്‍, പുതിയ തലമുറയുടെ സംസ്‌കാര സമ്പന്നതക്ക് പ്രചോദകമാകുന്ന രീതിയില്‍, വായനയെ പരിപോഷിപ്പിക്കാന്‍ നാം തയ്യാറാകണമെന്ന് തയ്യാറാകണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

No comments:

Post a Comment