ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്.
മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.
തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ
വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ
യോഗയ്‌ക്കുള്ള കഴിവ് അതുല്യമാണ്. ഈ പശ്ചാത്തലത്തിൽ, ആധുനികചികിത്സാ
സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന
സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ ഒരു
വശത്തു നടക്കുമ്പോൾ തന്നെ, സർവ്വ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലിയെന്ന
നിലയിൽ യോഗയെ ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ വേറൊരു ഭാഗത്ത് ഊർജ്ജിതമാണ്.
ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട്
യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ
നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ
ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി
ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്.
പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം. പക്ഷേ
ഋതുവായിരിക്കുന്ന അവസരങ്ങളിലും ഗർഭാവസ്ഥയിലും സ്ത്രീകൾ യോഗാഭ്യാസം ചെയ്യാൻ
പാടില്ല.
നേരത്തേ ഉണരാൻ ശീലിക്കുക. ഏതെങ്കിലും ഈശ്വരനെ സങ്കൽ പിച്ച് എഴുന്നേൽക്കുക.
വെറും വയറ്റിൽ ഒരു ഗ്ലാസ് ശുദ്ധ ജലം കുടിക്കുക. തലേന്ന് രണ്ടോ മൂന്നോ തുളസിയിലയിട്ട് വച്ചിരുന്ന വെള്ളമോ, ചെറുനാരങ്ങയിൽ തേൻചേർത്ത
വെള്ളമോ ആയാൽ വളരെ നല്ലതാണ്. അതിനു ശേഷം പ്രഭാത കൃത്യങ്ങൾ കൃത്യമായ്
ചെയ്യുക. അതിന് ശേഷം നല്ലതുപോലെ വായു സഞ്ചാരം ഉള്ള മുറിയിൽ, കട്ടിയുള്ളതും
നീളവും വീതിയുമുള്ള വിരിപ്പ് വിരിക്കുക. അതിൽ വടക്കോട്ടോ കിഴക്കോട്ടോ
അഭിമുഖമായിരുന്ന് യോഗ ആരംഭിക്കാം. തുടക്കത്തിൽ ശാന്തിമന്ത്രവും അതിനു ശേഷം
ഏതെങ്കിലും ഇഷ്ട പ്രാർത്ഥനയും ചൊല്ലുക.
ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുക എന്നതാണ് യോഗയുടെ മുഖ്യലക്ഷ്യം.ഇതിനുള്ള അനേകം ഉപായങ്ങളും ഉപദേശങ്ങളുമാണ് യോഗശാസ്ത്രം പ്രതിപാദിച്ചിരിയ്കുന്നത്. ആസന പ്രാണായാമാദികളാണ് പ്രധാനമായ യോഗസാധനകൾ . പ്രകൃതിചികിത്സയിൽ യോഗ നിർബന്ധമാണ്.
No comments:
Post a Comment