ജനപ്പെരുപ്പമെന്ന പ്രശ്‌നത്തിലേക്ക്
ജനശ്രദ്ധ കൊണ്ടുവരാനാണ് 1989ല്‍ ഐക്യരാഷ്ട്രസഭ ജൂലൈ 11 ലോക ജനസംഖ്യാ
ദിനമായി ആചരിക്കാന്‍ നിര്‍ദ്ദേശിച്ചത്. സ്ത്രീ ശാക്തീകരണമാണ് ഐക്യരാഷ്ട്രസഭ
ഇത്തവണത്തെ ലോക ജനസംഖ്യാദിനത്തില്‍ ഉയര്‍ത്തുന്ന സന്ദേശം.
ലോക ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു.
അതിനനുസരിച്ച് വിഭവങ്ങള്‍ കുറയുകയും ദാരിദ്ര്യവും പട്ടിണിയും ഭീതിദമായി
കൂടുകയും ചെയ്യുന്നു. പോഷകാഹാരക്കുറവും നിരക്ഷരതയും തൊഴിലില്ലായ്മയും
യുദ്ധങ്ങളും കുടിയേറ്റങ്ങളും എല്ലാം കോടിക്കണക്കിന് ആളുകള്‍ നേരിടുകയാണ്. ഈ
വെല്ലുവിളികളെ നേരിടാനുള്ള പ്രതിവിധികളിലൊന്ന് സ്ത്രീ ശാക്തീകരണമാണ്. ഇത്
സാധ്യമാക്കാന്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കു വേണ്ടി നിക്ഷേപം എന്നതാണ്
ഈ വര്‍ഷത്തെ ഐക്യരാഷ്ട്രസഭയുടെ സന്ദേശം.
ലോകത്താകമാനം കൗമാരക്കാരായ പെണ്‍കുട്ടികള്‍ നിരവധി വെല്ലുവിളികള്‍
നേരിടുകയാണ്. ശൈശവ വിവാഹവും കൗമാരത്തിലേ അമ്മയാവുകയും ചെയ്യുന്നത്
പെണ്‍കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വിലങ്ങുതടിയാണ്.
ദാരിദ്ര്യവും സ്വന്തം ജീവിതത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള
അധികാരമില്ലായ്മയും അവരെ കടുത്ത ചൂഷണത്തിനു വിധേയരാക്കുന്നു. വികസ്വര
രാജ്യങ്ങളില്‍ മൂന്നിലൊന്നു പെണ്‍കുട്ടികള്‍ 18 വയസ്സാവുന്നതിനു മുന്‍പേ
വിവാഹിതരാവുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ പ്രതിദിനം
800 പെണ്‍കുട്ടികള്‍ ഗര്‍ഭകാലത്തും പ്രസവസമയത്തും മരണപ്പെടുന്നു.
പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും തുടര്‍ വിദ്യാഭ്യാസം
ഉറപ്പാക്കി അവരെ ശാക്തീകരിക്കുന്നതിലൂടെ ആരോഗ്യകരമായ വരും തലമുറയാണ്
നമുക്ക് സ്വായത്തമാവുന്നത്. അങ്ങനെ സമൂഹവും അഭിവൃദ്ധിപ്പെടും. ഇതാണ്
ലോകജനസംഖ്യാ ദിനത്തില്‍ ഐക്യരാഷ്‌ട്രസഭ മുന്നോട്ടുവെയ്‌ക്കുന്ന സന്ദേശം.
No comments:
Post a Comment