എനിക്ക് ഒരു സ്വപ്നമുണ്ട്
മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
അമേരിക്കയിൽ കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ ഒരാളാണ് മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ (1929 ജനുവരി 15- 1968 ഏപ്രിൽ 4). വർണ്ണവിവേചനത്തിനെതിരെയുള്ള സമരം അദ്ദേഹത്തിനു 1964ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്തു. നോബൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു കിംഗ്. 1955-1956ലെ മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരത്തിനു നേതൃത്വം നൽകിയത് കിംഗ് ആയിരുന്നു. 1963ൽ അദ്ദേഹം വാഷിങ്ങ്ടണിലേക്ക് നടത്തിയ മാർച്ചിലെ 'എനിക്കൊരു സ്വപ്നമുണ്ട്' (I Have a Dream) എന്ന പ്രസംഗം വളരെ പ്രശസ്തമാണ്. 1968 ഏപ്രിൽ 4നു ടെന്നസി സംസ്ഥാനത്തിലെ മെംഫിസ് നഗരത്തിലെ ലൊറേൻ മോട്ടലിൽ ജയിംസ് ഏൾ റേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ് കിംഗ് മരണമടഞ്ഞു.ആദ്യകാല ജീവിതം
റവറന്റ് മാർട്ടിൻ ലൂതർ കിംഗ് സീനിയർ, അൽബെർട്ട വില്ല്യംസ് കിംഗ് എന്നിവരുടെ പുത്രനായി 1929 ജനുവരി 15നു അറ്റ്ലാന്റയിലാണ് ജനിച്ചത്. പിതാവിന്റെ ആദ്യനാമധേയം മൈക്കൽ കിംഗ് എന്നായിരുന്നതിനാൽ മൈക്കൽ ലൂതർ കിംഗ് ജൂനിയർ എന്നായിരുന്നു ആദ്യത്തെ പേര്. 1935ൽ മൈക്കൽ കിംഗ് സീനിയർ, ജർമ്മൻ പ്രൊട്ടസ്റ്റന്റായിരുന്ന മാർട്ടിൻ ലൂഥറിനോടുള്ള ബഹുമാനാർഥം, തന്റെ പേര് മാർട്ടിൻ ലൂഥർ കിംഗ് സീനിയർ എന്നും പുത്രന്റെ പേർ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ എന്നും മാറ്റി. ഈ ദമ്പതികൾക്ക് വില്ലി ക്രിസ്റ്റീൻ (ജനനം 1927 സെപ്റ്റംബർ 11) എന്നൊരു പുത്രിയും ആൽഫ്രഡ് ഡാനിയേൽ (1930 ജൂലൈ 30 - 1969 ജൂലൈ 1) എന്ന പുത്രനുമുണ്ടായിരുന്നുപൗരാവകാശത്തിനു വേണ്ടിയുള്ള പ്രവൃത്തികൾ 1953-1968
മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരം 1955
1955 ഡിസംബർ ഒന്നാം തീയ്യതി കറുത്ത വർഗ്ഗക്കാരിയായ റോസ പാർക്സ്, ഒരു വെള്ളക്കാരനു ബസ്സിൽ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനാൽ, ജിം ക്രോ നിയമലംഘനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇതിനെത്തുടർന്ന് മോണ്ട്ഗോമറിയിലെ എൻ. എ. എ. സി. പി
തലവനായിരുന്ന ഇ. ഡി. നിക്സൺ ആസൂത്രണം ചെയ്ത മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരം
നയിച്ചത് കിംഗായിരുന്നു. 385 ദിവസം നീണ്ടുനിന്ന ഈ സമരത്തിനിടെ കിംഗ്
അറസ്റ്റ് ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ വീടിനുനേരെ
ബോംബാക്രമണമുണ്ടാവുകയും ചെയ്തു. അലബാമയിലെ
യു. എസ്. ജില്ലാക്കോടതി ഈ കേസിൽ പ്രക്ഷോഭകർക്കനുകൂലമായി വിധി
പ്രഖ്യാപിക്കുകയും മോണ്ട്ഗോമറിയിലെ ബസ്സുകളിൽ വെള്ളക്കാർക്ക്
പ്രത്യേകസീറ്റുകൾ നിലവിലുണ്ടായിരുന്നത് നിർത്തലാക്കുകയും ചെയ്തു.
1963 ആഗസ്ത് 28ന് മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ പ്രസിദ്ധമായ പ്രസംഗങ്ങളിലൊന്നാണ് "എനിക്കൊരു സ്വപ്നമുണ്ട്...."
. വാഷിംഗ്ടൺ ഡി.സിയിലെ ഏബ്രഹാം ലിങ്കണിന്റെ സ്മാരകത്തിനിനു എതിർവശത്തുള്ള
'നാഷണൽ മാളി'ലായിരുന്നു ഈ പ്രസംഗം. കിംഗിന്റെ നേതൃത്വത്തിൽ കറുത്തവർഗക്കാർ
വാഷിംഗ്ടണിലേക്കു നടത്തിയ ഈ മാർച്ചിന്റെയും പ്രസംഗത്തിന്റെയും അനുസ്മരണങ്ങൾ
വിപുലമായി 2013 ഓഗസ്റ്റിൽ ആഘോഷിച്ചിരുന്നു.
" എനിക്കൊരു സ്വപ്നമുണ്ട്; ഈ രാജ്യം അതിൻറെ യഥാർഥ അന്തഃസത്തയിലേക്ക്
ഉയിർത്തെഴുന്നേൽക്കുന്ന ഒരുദിനം വരും. എല്ലാ മനുഷ്യരും തുല്യരായാണു
സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന സത്യം അന്നു നമ്മൾ ഉയർത്തിപ്പിടിക്കും.
എനിക്കൊരു സ്വപ്നമുണ്ട് അടിമകളുടെയും ഉടമകളുടെയും മക്കൾക്ക് ഒരേ
മേശയ്ക്കുചുറ്റും സഹോദരന്മാരെപ്പോലെ ഇരിക്കാൻ കഴിയുന്ന ഒരു ദിനം. "
എനിക്കൊരു സ്വപ്നമുണ്ട്
1963 ആഗസ്റ്റ് 28നു അമേരിക്കയിലെ സാമൂഹ്യപ്രവർത്തകനും ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ പ്രവർത്തകനുമായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ നടത്തിയ വിഖ്യാതമായ പ്രസംഗമാണ് എനിക്കൊരു സ്വപ്നമുണ്ട്
എന്നത്. തൊഴിലിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാഷിങ്ങ്ടണിലേക്ക് നടത്തിയ
വമ്പിച്ച ജനമുന്നേറ്റത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ പ്രസംഗം നിർവഹിച്ചത്.
2013 ആഗസ്റ്റിൽ ഇതിന്റെ അമ്പതാം വാർഷികം ആഘോഷിച്ചു.
പ്രഭാഷണം
Martin Luther King - I Have A Dream Speech - August 28, 1963 (Full Speech)
"സ്വാതന്ത്ര്യത്തിനു വേണ്ടി നമ്മുടെ രാജ്യത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ ജനകീയമുന്നേറ്റമെന്നു ചരിത്രം രേഖപ്പെടുത്താൻ പോകുന്ന ഒന്നിനായി നിങ്ങളോടൊപ്പം പങ്കുചേരാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. നാമിപ്പോൾ ആരുടെ പ്രതീകാത്മകമായ നിഴലിലാണോ നിൽക്കുന്നത് ആ മഹാനായ മനുഷ്യൻ, ഒരു നൂറ്റാണ്ട് മുൻപ്, അടിമത്ത നിരോധന വിളംബരത്തിൽ ഒപ്പുവെയ്ക്കുകയുണ്ടായി. ആ മഹത്തായ പ്രഖ്യാപനം, അനീതിയുടെ തീജ്വാലയിൽ വെന്തുരുകിയ അനേക ലക്ഷംപേരടങ്ങിയ നീഗ്രോജനതയ്ക്ക് മഹത്തായ പ്രതീക്ഷയുടെ ദീപസ്തംഭമായി മാറി. അടിമത്തത്തിന്റെ അതിദീർഘമായ ഘോരാന്ധകാരം അവസാനിച്ച് സന്തോഷകരമായ ഒരു പ്രഭാതം വന്നണയുന്നതുപോലെയായിരുന്നു അത്.എന്നാൽ നൂറുവർഷം കഴിഞ്ഞിട്ടും, നീഗ്രോ സ്വതന്ത്രനായിട്ടില്ല എന്ന യാഥാർത്ഥ്യത്തെ നാം അഭിമുഖീകരിക്കുന്നു. നൂറുവർഷമായിട്ടും നീഗ്രോ ഇപ്പോഴും അതേ വിവേചനങ്ങളുടെ ചങ്ങലകളിൽ, ഒറ്റപ്പെടുത്തലിന്റെ കൈവിലങ്ങുകളിൽ ബന്ധിതനായി, അതിദയനീയമായി മുടന്തിക്കൊണ്ടിരിക്കുന്നു. നൂറു വർഷം കഴിഞ്ഞിട്ടും, സമ്പന്നമായ ഭൗതികപുരോഗതിയുടെ മഹാസമുദ്രത്തിനു നടുവിൽ ദാരിദ്ര്യത്തിന്റെ ഏകാന്തദ്വീപിൽ കഴിഞ്ഞുകൂടുന്നു. നൂറുവർഷം കഴിഞ്ഞിട്ടും ഇപ്പോഴും അമേരിക്കൻ സമൂഹത്തിന്റെ മൂലകളിൽ അതിദയനീയനായി, സ്വന്തം രാജ്യത്തിനകത്തു തന്നെ നാടുകടത്തപ്പെട്ടവനായി, നീഗ്രോ തന്നെത്തന്നെ കണ്ടെത്തുന്നു. അതുകൊണ്ട് ഭയാനകമായ ആ അവസ്ഥയെ നാടകീയമായി ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് നാം ഇന്നിവിടെ എത്തിച്ചേർന്നിരിക്കുന്നത്. ഒരർത്ഥത്തിൽ നാമിന്ന് തലസ്ഥാനത്ത് വന്നു ചേർന്നിട്ടുള്ളത്, ഒരു പഴയ ചെക്ക് മാറ്റിക്കിട്ടുന്നതിനാണ്. മഹനീയമായ പദങ്ങൾ കൊണ്ട് സ്വന്തം ഭരണഘടനയും സ്വാതന്ത്ര്യപ്രഖ്യാപനവും എഴുതുമ്പോൾ ഈ റിപ്പബ്ലിക്കിന്റെ ശില്പികൾ എല്ലാ അമേരിക്കക്കാർക്കും അർഹതപ്പെട്ട ഒരു പ്രോമിസറി നോട്ടിൽ ഒപ്പുവെയ്ക്കുകയായിരുന്നു. ആ പത്രികയിൽ എല്ലാ മനുഷ്യർക്കും ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യം, ആഹ്ലാദമനുഭിക്കാനുള്ള അവസരം എന്നിവ ഉറപ്പാക്കുമെന്നുള്ള വാഗ്ദാനമാണ് എഴുതിവെച്ചിരുന്നത്.
1963 ഒരവസാനമല്ല. ഒരാരംഭമാണ്. നീഗ്രോ ജനതയ്ക്ക് കിട്ടേണ്ടത് കിട്ടി എന്നു വിചാരിച്ച് സമാധാനപൂർവം പതിവു പരിപാടികളിലേക്ക് മടങ്ങിപ്പോകാമെന്നാണ് അമേരിക്ക കരുതുന്നതെങ്കിൽ അവർക്ക് പരുക്കൻ യാഥാർത്ഥ്യങ്ങളിലേക്ക് ഞെട്ടിയുണരേണ്ടിവരും. നീഗ്രോ ജനതയ്ക്ക് നീതിയും പൗരത്വാവകാശങ്ങളും അനുവദിക്കുന്നതുവരെ അമേരിക്കയിൽ വിശ്രമമോ സമാധാനമോ ഉണ്ടാവുകയില്ല. നീതിയുടെ പ്രകാശപൂർണ്ണമായ ദിനം പ്രത്യക്ഷപ്പെടുന്നതുവരെ ഈ രാജ്യത്തിന്റെ അടിത്തറയെ പിടിച്ചുലയ്ക്കുന്ന പ്രതിഷേധത്തിന്റെ ചുഴലിക്കൊടുങ്കാറ്റ് ഇവിടെ വീശിയടിച്ചു കൊണ്ടിരിക്കും.
നീതിയുടെ രാജകൊട്ടാരത്തിലേക്കുള്ള ഊഷ്മളമായ കവാടത്തിനു മുന്നിൽ നിൽക്കുമ്പോൾ എനിക്ക് എന്റെ ജനതയോട് ചിലകാര്യങ്ങൾ കൂടിപറയാനുണ്ട്. നമുക്കവകാശപ്പെട്ട ശരിയായ സ്ഥാനത്തിനു വേണ്ടി നാം നടത്തുന്ന ഈ പോരാട്ടപ്രക്രിയയിൽ നാം ഒരിക്കലും തെറ്റായ രിതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നമ്മുടെ ദാഹം തീർക്കാൻ, നാം കുടിക്കേണ്ടത്, ഒരിക്കലും വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പാനപാത്രത്തിൽ നിന്നാവരുത്.
നമ്മുടെ സമരം നയിക്കേണ്ടത് എല്ലായ്പ്പോഴും അന്തസിന്റേയും അച്ചടക്കത്തിന്റേയും ഏറ്റവും ഉന്നതമായ തലങ്ങളിൽ നിന്നുകൊണ്ടാവണം. നാം നമ്മുടെ സർഗാത്മകമായ സമരപദ്ധതിയെ കായികമായ അക്രമത്തിന്റെ തലത്തിലേക്ക് ഒരിക്കലും തരം താഴ്ത്താൻ പാടില്ല. കായികമായ ശക്തിയെ ആത്മബലം കൊണ്ട് നേരിടുന്ന മഹോന്നതമായ ഒരവസ്ഥയിലേക്ക് നാമുയരണം. നമ്മുടെ രാജ്യത്തിന്റെ പ്രതാപപൂർണ്ണമായ പുതിയ സൈനികശക്തി, കറുത്ത ജനതയുടെ ജീവിതത്തിനു ചുറ്റുമായി വിന്യസിക്കപ്പെട്ടിരിക്കുകയാണ്. എങ്കിലും നാം ഈ രാജ്യത്തുള്ള വെള്ളക്കാരായ സഹോദരന്മാരെ മുഴുവൻ അവിശ്വസിക്കാൻ അത് കാരണമായിത്തീരരുത്. ഇവിടെ നമ്മളോടൊപ്പം കൂടിയിരിക്കുന്ന വെള്ളക്കാരായ സുഹൃത്തുക്കൾ തന്നെ, അവർ ഇക്കാര്യങ്ങൾ ശരിയായി തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതിനു തെളിവാണ്. അവരുടെ ഭാവി നമ്മുടെ ഭാവിയുമായി കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നും അവരുടെ സ്വാതന്ത്ര്യം നമ്മുടെ സ്വാതന്ത്ര്യവുമായി വേർപെടുത്താനാവാത്തവണ്ണം ബന്ധപ്പെട്ടുകിടക്കുന്നുവെന്നും അവർ മനസ്സിലാക്കിയിരിക്കുന്നു. നമുക്കാവട്ടെ ഒറ്റയ്ക്ക് മുന്നോട്ട് പോകാനുമാകില്ല.
മുന്നോട്ട് പോകുമ്പോൾ മുന്നോട്ട് തന്നെ പോകുമെന്ന് നാം പ്രതിജ്ഞ ചെയ്യണം. ഒരിക്കലും പിന്തിരിയരുത്. പൗരാവകാശങ്ങളുടെ ആരാധകന്മാരായ ആളുകൾ പോലും ചോദിക്കാറുണ്ട്, നിങ്ങൾ എപ്പോഴാണ് സംതൃപ്തരായിത്തീരുകയെന്ന്. നഗരങ്ങളിലെ ഹോട്ടലുകളിലും ഹൈവേകളിലെ മോട്ടലുകളിലും പ്രവേശനം കിട്ടാതെ, കഠിനയാത്രാ ക്ഷീണം കൊണ്ട് നമ്മുടെ ശരീരങ്ങൾ തളർന്നിരിക്കുന്ന കാലം വരെ, നാം സംതൃപ്തരാവുകയില്ല. നീഗ്രോയ്ക്ക് ഒരിടുങ്ങിയ വാസസ്ഥലത്തു നിന്നു വിശാലമായ ഒരിടത്തേക്ക് സഞ്ചരിക്കാൻ കഴിയുന്ന കാലം വരെ നമ്മൾ സംതൃപ്തരായിരിക്കുകയില്ല. മിസ്സിസ്സിപ്പിയിലെ നീഗ്രോകൾക്ക് വോട്ടവകാശമില്ലാത്ത കാലത്തോളവും ന്യുയോർക്കിലെ ഒരു നീഗ്രോ വോട്ട് ചെയ്തിട്ട് കാര്യമില്ലെന്നും കരുതുന്ന കാലത്തോളവും നമുക്ക് സംതൃപ്തരായിരിക്കാൻ കഴിയില്ല. അല്ല; നാം ഒരിക്കലും സംതൃപ്തരല്ല. നീതി ജലകണങ്ങൾ പോലെ ഒഴുകി വീഴുന്നതുവരെയും, സത്യവും നന്മയും ഒരരുവിപോലെ ശക്തമായി പ്രവഹിക്കുന്നതുവരെയും നമ്മൾ സംതൃപ്തരാവുകയില്ല.
നിങ്ങളിൽ പലരും വലിയ വിചാരണകൾക്കും ക്ലേശകരമായ പീഡനങ്ങൾക്കും ശേഷം ഇവിടെയെത്തിച്ചേർന്നവരാണെന്ന് എനിക്കറിയാം. നിങ്ങളിൽ ചിലർ ഇപ്പോൾ ഇടുങ്ങിയ തടങ്കലിൽ നിന്നു പുറത്തുവന്നതേയുള്ളുവെന്നും അറിയാം. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്വേഷണത്തിൽ കൊടുങ്കാറ്റ് പോലുള്ള വിചാരണകളെയും മൃഗീയമായ പോലീസ് തേർവാഴ്ചകളുടെ സംഭ്രാന്തജനകമായ കാറ്റുകളേയും നേരിടേണ്ടിവന്ന ഇടങ്ങളിൽ നിന്നാണ് നിങ്ങൾ വരുന്നതെന്നെനിക്കറിയാം. നിങ്ങൾ യാതനകളെ സർഗാത്മകമായി നേരിടുന്നതിൽ തഴക്കം വന്നവരാണ്. നിഷ്‌പ്രയോജനകരമായ യാതനകളിൽ നിന്നു ഒരിക്കൽ മോചിരാകുമെന്ന് കരുതി പ്രവർത്തിക്കുക.
എങ്ങനെയെങ്കിലും ഈ അവസ്ഥയെ മാറ്റിത്തീർക്കുമെന്നും മാറ്റിത്തീർക്കാമെന്നുമുള്ള തിരിച്ചറിവോടെ നിങ്ങൾ മിസിസിപ്പിയിലേക്ക് മടങ്ങിപ്പോകുക. അലബാമയിലേക്ക് മടങ്ങിപ്പോകുക. ജോർജ്ജിയയിലേക്ക് മടങ്ങുക. ലുയീസിയാനയിലേക്ക് മടങ്ങുക. നമ്മുടെ വടക്കൻ സംസ്ഥാനങ്ങളിലെ ദുരിതം നിറഞ്ഞ ചേരികളിലേക്കും ഇടുങ്ങിയ വാസസ്ഥലങ്ങളിലേക്കും മടങ്ങിപ്പോകുക. നമ്മൾ നിരാശയുടെ ചെളിപുരണ്ട താഴ്വരയിൽ ആഴ്ന്നു കിടക്കേണ്ടവരല്ല.
ഈ നിമിഷം വരെയുണ്ടായിട്ടുള്ള പ്രയാസങ്ങളും നിരാശകളുമൊക്കെ മറന്ന്, സുഹൃത്തുക്കളേ ഞാൻ നിങ്ങളോട് പറയുന്നു, എനിക്കിപ്പോഴും ഒരു സ്വപ്നമുണ്ട്. അമേരിക്കൻ ജനതയുടെ സ്വപ്നത്തിൽ ആഴത്തിൽ വേരോടിക്കിടക്കുന്ന ഒരു സ്വപ്നമാണത്. “സ്വയം തെളിയിക്കും വിധം എല്ലാ മനുഷ്യരും തുല്യരാണെന്ന സത്യത്തെ ഞങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന്” നാം എഴുതിവെച്ച ആ വിശ്വാസപ്രമാണത്തിന്റെ യഥാർത്ഥ സത്തയിലേക്ക് ഈ രാജ്യം ഉയരുമെന്ന സ്വപ്നമാണത്.
പഴയ അടിമകളെ സ്വന്തമാക്കി വെച്ചിരുന്നവരുടെ മക്കളും അന്നത്തെ അടിമകളായിരുന്നവരുടെ മക്കളും ഒന്നിച്ച് ജോർജിയായുടെ ചുവന്ന കുന്നിൻ പുറങ്ങളിൽ, സാഹോദര്യത്വത്തോടെ, ഒരു മേശയ്ക്കു ചുറ്റുമിരിക്കാൻ കഴിയുന്ന ഒരു നാളിനെപറ്റി എനിക്കൊരു സ്വപ്നമുണ്ട്. അനീതിയുടെയും അടിച്ചമർത്തലിന്റെയും ചൂടേറ്റ് വരണ്ടുണങ്ങി, മരുഭൂമിയായിക്കിടക്കുന്ന മിസ്സിസ്സിപ്പി സംസ്ഥാനം പോലും സ്വാതന്ത്ര്യത്തിന്റേയും നീതിബോധത്തിന്റേയും പച്ചപ്പിലേക്ക് രൂപാന്തരപ്പെടുന്ന ഒരു നാളിനെ പറ്റി എനിക്കൊരു സ്വപ്നമുണ്ട്.
തൊലിനിറത്തിന്റെ പേരിലല്ലാതെ, സ്വന്തം ചെയ്തികളുടെ പേരിൽ മാത്രം വിലയിരുത്തപ്പെടുന്ന ഈ ഒരു രാജ്യത്ത്, എന്റെ നാലുമക്കളും ജീവിക്കണമെന്ന് എനിക്കൊരു സ്വപ്നമുണ്ട്.
ഇന്നെനിക്കൊരു സ്വപ്നമുണ്ട്.
ഇപ്പോൾ കറുത്തവംശജരുടെ ആവശ്യങ്ങൾക്ക് നേരെ തടസ്സവാദങ്ങൾ ഉന്നയിക്കുന്നതിനും അവരുടെ അവകാശങ്ങളെല്ലാം റദ്ദാക്കുന്നതിനും വേണ്ടിമാത്രം നാവു ചലിപ്പിക്കുന്ന ഒരു ഗവർണ്ണർ ഭരിക്കുന്ന അലബാമ സംസ്ഥാനത്ത്, ഒരിക്കൽ കറുത്തവരുടെ ആണ്മക്കളും പെണ്മക്കളും, വെളുത്തവരുടെ ആണ്മക്കളും പെണ്മക്കളും എല്ലാം സഹോദരങ്ങളെപോലെ കൈകോർത്ത് നടക്കുന്ന ഒരു നാളിനെപറ്റി എനിക്കൊരു സ്വപ്നമുണ്ട്.
ഇന്നെനിക്കൊരു സ്വപ്നമുണ്ട്.
എല്ലാ താഴ്വരകളും മഹത്ത്വവൽക്കരിക്കപ്പെടുകയും എല്ലാ കുന്നുകളും കുലപർവതങ്ങളും തലകുനിക്കുകയും, എല്ലാ പരുക്കൻ പ്രദേശങ്ങളും സമതലങ്ങളായി മാറുകയും എല്ലാ കുടിലമായ സ്ഥലങ്ങളും ഋജുവായ ഇടങ്ങളായി മാറുകയും, അതിലൂടെ ദൈവത്തിന്റെ മഹത്ത്വം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന, മനുഷ്യശരീരങ്ങളെല്ലാം ഒന്നിച്ചൊന്നായ് നിന്ന് ആ കാഴ്ചകാണുന്ന, ഒരു ദിനത്തെപ്പറ്റി എനിക്കൊരു സ്വപ്നമുണ്ട്.
ഇതാണ് ഞങ്ങളുടെ പ്രത്യാശ. ഒരിക്കൽ നാം സ്വതന്ത്രരാകുമെന്ന് നാം കരുതുന്നു. ഈ വിശ്വാസത്തോടു കൂടിയാണ് ഞാൻ തെക്കൻ മേഖലയിലേക്ക് മടങ്ങുന്നത്. ഈ ഒരു വിശ്വാസം കൂടെയുള്ളതുകൊണ്ടാണ് നിരാശയുടെ വലിയ പർവതശിഖരത്തിൽ നിന്നും പ്രത്യാശയുടെ ഒരു ചെറിയ കല്ലെങ്കിലും പുഴക്കിയെടുക്കാൻ നമുക്ക് കഴിയുന്നത്. ഈ വിശ്വാസമുള്ളതുകൊണ്ട് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന പൊരുത്തക്കേടിന്റെ അപസ്വരങ്ങളെല്ലാം മായ്ച് കളഞ്ഞ് സാഹോദര്യത്തിന്റേതായ ഒരു മനോഹര സിംഫണി സൃഷ്ടിക്കാൻ നമുക്ക് കഴിയും. ഈ വിശാസത്തോടുകൂടി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ കഴിയും. ഒന്നിച്ചു പ്രാർത്ഥിക്കാനും ഒന്നിച്ചു സമരം ചെയ്യാനും പറ്റും. സ്വാതന്ത്ര്യത്തിനു വേണ്ടി ഒന്നിച്ചു നിൽക്കാനും ഒന്നിച്ചു ജയിലിൽ പോകാനും കഴിയും.
ആ ദിവസം മാത്രമായിരിക്കും, ദൈവത്തിന്റെ എല്ലാ കുട്ടികൾക്കും ഒത്തുചേർന്ന്, ഒരു പുതിയ അർത്ഥത്തോടെ ‘എന്റെ രാജ്യമേ നീ സ്വാതന്ത്ര്യത്തിന്റെ എത്ര മധുരമനോജ്ഞമായ ഭൂമിയാണ്, നിന്നെക്കുറിച്ചു ഞാൻ പാടുന്നു. എന്റെ പിതാക്കന്മാർ ജീവിച്ചു മരിച്ച മണ്ണ്. തീർത്ഥാടകപൂർവികരുടെ അഭിമാന ഭൂമി. നിന്റെ എല്ലാ പർവതസാനുക്കളിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ മണി മുഴങ്ങട്ടെ’ എന്നു ആത്മാർഥമായി പാടുവാൻ കഴിയൂ.
അമേരിക്ക ഒരു മഹത്തായ രാജ്യമായിത്തീരണമെങ്കിൽ ഇത് സത്യമായിത്തീർന്നേ മതിയാവൂ. അതുകൊണ്ട് ന്യൂ ഹാംഷെയറിന്റെ സമുന്നതമായ കുന്നിൻപുറങ്ങളിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ മണിമുഴങ്ങട്ടെ. ന്യുയോർക്കിലെ ബലിഷ്ഠങ്ങളായ പർവതങ്ങളിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ മണി മുഴങ്ങട്ടെ. പെനിസിൽവാനിയയുടെ മഹോന്നതമായ പ്രാന്തങ്ങളിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ മണി മുഴങ്ങട്ടെ. കൊളറാഡോയിലെ മഞ്ഞു തൊപ്പിയണിഞ്ഞ റോക്കി പർവതനിരകളിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ മണി മുഴങ്ങട്ടെ! കാലിഫോർണിയയുടെ വളഞ്ഞുപുളഞ്ഞു പോകുന്ന കുന്നിൻ ചെരുവുകളിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ മണിമുഴങ്ങട്ടെ!
എന്നാൽ അതുമാത്രം പോരാ. ജോർജ്ജിയായിലെ വലിയ പാറക്കെട്ടുകളിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ മണി നാദമുയരട്ടെ, ടെന്നസ്സിയിലെ എല്ലാവരും തേടുന്ന മലമുകളിൽ നിന്നു സ്വാതന്ത്ര്യത്തിന്റെ മണി നാദമുയരട്ടെ, മിസിസ്സിപ്പിയിലെ ചെറുതും വലുതുമായ കുന്നിൻപുറങ്ങളിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ മണിനാദമുയരട്ടെ, എല്ലാ മലയോരങ്ങളിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ മണിനാദമുയരട്ടെ!
എപ്പോഴാണോ ഇതുണ്ടാവുന്നത്, എപ്പോഴാണോ സ്വാതന്ത്ര്യത്തിനു അതിന്റെ മണിമുഴക്കം സൃഷ്ടിക്കാൻ കഴിയുന്നത്, എപ്പോഴാണോ എല്ലാ ഗ്രാമഗ്രാമാന്തരങ്ങളിൽ നിന്നും, സർവസംസ്ഥാനങ്ങളിൽ നിന്നും സർവനഗരങ്ങളിൽ നിന്നും, സ്വാതന്ത്ര്യത്തിന്റെ മണി മുഴക്കമുയരുന്നത്, അപ്പോൾ മാത്രമേ നമുക്ക്, ദൈവമക്കളായ കറുത്തവർക്കും വെളുത്തവർക്കും, ജുതന്മാർക്കും ഇതരമതസ്ഥർക്കും, കത്തോലിക്കർക്കും പ്രൊട്ടസ്റ്റന്റുകൾക്കും, കൈകോർത്ത് നിന്ന്, പഴയ നീഗ്രോഗാനത്തിന്റെ ആത്മീയഭാവമുൾക്കൊണ്ട് പാടാൻ കഴിയൂ, 'ഒടുവിൽ സ്വതന്ത്രരായിരിക്കുന്നു, ഒടുവിൽ സ്വതന്ത്രരായിരിക്കുന്നു! സർവശക്തനായ ദൈവമേ, നന്ദി! ഒടുവിൽ ഞങ്ങൾ സ്വതന്ത്രരായിരിക്കുന്നു' എന്ന്"
“
എല്ലാ താഴ്വരകളും മഹത്ത്വവൽക്കരിക്കപ്പെടുകയും എല്ലാ കുന്നുകളും കുലപർവതങ്ങളും തലകുനിക്കുകയും, എല്ലാ പരുക്കൻ പ്രദേശങ്ങളും സമതലങ്ങളായി മാറുകയും എല്ലാ കുടിലമായ സ്ഥലങ്ങളും ഋജുവായ ഇടങ്ങളായി മാറുകയും, അതിലൂടെ ദൈവത്തിന്റെ മഹത്ത്വം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന, മനുഷ്യശരീരങ്ങളെല്ലാം ഒന്നിച്ചൊന്നായ് നിന്ന് ആ കാഴ്ചകാണുന്ന, ഒരു ദിനത്തെപ്പറ്റി എനിക്കൊരു സ്വപ്നമുണ്ട്. | ” |
No comments:
Post a Comment