Tuesday, 6 September 2016

വരിക വരിക സഹജരേ

വരിക വരിക സഹജരേ സഹനസമരസമയമായ്
കരളുറച്ചു കൈകൾ കോർത്തു കാൽ നടയ്ക്കു പോക നാം
ബ്രിട്ടനെ വിരട്ടുവിൻ ചട്ടമൊക്കെ മാറ്റുവിൻ
ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിലച്ചിടാ

എത്ര നാളിങ്ങടിമയായ് കിടക്കണം സഖാക്കളേ
പുത്ര പൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ
ഗതഭയം ചരിക്ക നാം ഗരുഡതുല്യ വേഗരായ്
സഹഗമിക്ക സഹഗമിക്ക സഹഗമിക്ക ധീരരേ
ധീരരേ ധീരരേ
(വരിക വരിക....)

എത്ര പേർ രണത്തിലാണ്ട് മൃത്യുവേറ്റിടുന്നു നാം
തത്ര ചെന്നു സത്യയുദ്ധമിക്ഷണം ജയിക്കണം
വെടികളടികളിടികളൊക്കെ വന്നു മേത്തു കൊള്ളുകിൽ
പൊടി തുടച്ചു ചിരി ചിരിച്ചു മാറു കാട്ടി നിൽക്കണം
ധീരരേ ധീരരേ
(വരിക വരിക....)

ശക്തിയില്ല തോക്കുമില്ലയെങ്കിലും കരങ്ങളിൽ
രക്തമുള്ള നാൾ വരെ നമുക്കു യുദ്ധമാടണം
തത്ര തോക്കു കുന്തമീട്ടിയൊന്നുമില്ലയെങ്കിലും
ശത്രു തോറ്റു മണ്ടിടുന്നതെത്രയെത്രയൽഭുതം
ധീരരേ ധീരരേ
(വരിക വരിക....)

തീയർ പുലയരാദിയായ സാധു ജനതയെ ബലാൽ
തീയിലിട്ടു വാട്ടിടുന്ന ദുഷ്ടരോടെതിർക്കണം
വിജയമെങ്കിൽ വിജയവും മരണമെങ്കിൽ മരണവും
ഭയവിഹീനമഖിലജനവുമാഗ്രഹിച്ചിറങ്ങണം
ധീരരേ ധീരരേ
(വരിക വരിക....)

ഉപ്പു നാം കുറുക്കണം ആരു വന്നെതിർക്കിലും
അല്പവും കെടുത്തിടാതെ കോപിയാതെ നിൽക്കണം
(വരിക വരിക....)

-അംശി നാരായണപിള്ള

No comments:

Post a Comment