Wednesday, 14 October 2020

ഒക്ടോബർ 15 പ്രിയങ്കരനായ രാഷ്ട്രപതിയുടെ ജന്മദിനം



സ്കൂളിൽ അസംബ്ലീയിൽ മൈക്കിൽകൂടി 
കേൾപ്പിച്ച് കൊടുക്കാനായി 

ഒക്ടോബർ 15 - ലോകവിദ്യാർത്ഥി ദിനം
(വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ സന്ദേശം)

ഒക്ടോബർ 15, മുൻ രാഷ്ട്രപതി ഡോ. അബ്ദുൾ കലാം പിറന്നനാൾ.

ഒക്ടോബർ 15 ഇനി മുതൽ ലോക വിദ്യാർത്ഥി ദിനം ആയിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡോ.കലാമിന്റെ 80ആം ജന്മദിനത്തിൽ ഐക്യരാഷ്ട്രസഭ അദ്ദേഹത്തെ ആദരിച്ചു. ജനങ്ങളുടെ “അദ്ധ്യാപകൻ’ ആയി മാത്രം അറിയപ്പെടാനാണ് ഡോ.കലാം ആഗ്രഹിച്ചി­രുന്നത്. അതുകൊണ്ടു തന്നെ ഒക്ടോബർ 15 ലോക വിദ്യാർത്ഥിദിനമായി ആചരിക്കാൻ തീരുമാനിച്ചത് ഏറ്റവും ഉചിതമായി.

    കുട്ടികളോട് സംവദിക്കാനായിരുന്നു ഡോ. കലാമിന് എന്നും ഏറെ ഇഷ്ടം. ഉണർന്നിരിക്കുമ്പോഴും സ്വപ്നം കാണാൻ അവരോട് അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കൂടുതൽ ഉയരങ്ങളിലേക്ക്, വലിയ ലക്ഷ്യങ്ങളിലേക്ക് പറന്നുയരാൻ അദ്ദേഹം അവർക്ക് ചിറകുകൾ നല്കി.
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ഒരദ്ധ്യാപകന്റെ കടമ ആഹ്ലാദത്തോടെ അദ്ദേഹം നിറവേറ്റി. മദ്യവും മയക്കുമരുന്നും സങ്കുചിത ചിന്തകളും യുവതലമുറയെ അരാജകത്വത്തിലേക്ക് നയിക്കുന്ന കാഴ്ച സമകാലിക ലോകത്ത് കൂടുതൽ കൂടുതൽ പ്രകടമാവുമ്പോൾ ഡോ. അബ്ദുൾ കലാം പകർന്നു നല്കിയ ദിശാബോധം എത്ര മഹത്തരമാണെന്ന് നമ്മൾ തിരിച്ചറിയണം. ആധുനിക ലോകത്തിന്റെ സൃഷ്ടിയിൽ പുതുതലമുറക്ക് ഒരുപാട് സംഭാവനകൾ നല്കാനുണ്ടെന്ന് തിരിച്ചറിഞ്ഞ ഉത്തമനായ അദ്ധ്യാപകനായിരുന്ന ഡോ. അബ്ദുൾ കലാമിനെ വിദ്യാർത്ഥികൾ കൂടുതൽ കേൾക്കുകയും വായിക്കുകയും വേണം. അദ്ദേഹം ആഗ്രഹിച്ചതുപോലെ ഐശ്വര്യസമൃദ്ധവും സുരക്ഷിതവുമായ ഇന്ത്യയെ വരും തലമുറകൾക്ക് നല്കാൻ നിതാന്ത ശ്രദ്ധയും ജാഗ്രതയും പുലർത്തുമെന്ന് ലോക വിദ്യാർത്ഥി ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം
======================================================

  • ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു (2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27). 
  • പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. 
  • തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.
  •  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്.  
  • പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടി-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായി അദ്ദേഹം.  
2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ  ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

No comments:

Post a Comment