Monday, 24 October 2016

പയറിനെ അറിയാന്‍ പുതുവര്‍ഷം......

2016 പയര്‍വിളകള്‍ക്കു വേണ്ടിയുള്ള വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചിരിക്കുന്നു. നവംബറില്‍ ചേര്‍ന്ന 68- ാമത് ജനറല്‍ അസംബ്ലിയിലാണിത് പ്രഖ്യാപിച്ചത്. ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) ആണ് ആചരണത്തിന്റെ ചുമതല. സുസ്ഥിര ഭാവിക്ക് പോഷക മൂല്യമുള്ള വിത്ത് (Natritious seeds for a sustainable future-)എന്നതാണ് വര്‍ഷാചരണത്തിന്റെ മുദ്രാവാക്യം.



  കഞ്ഞിയും പയറും മലയാളികളുടെ ഇഷ്ടവിഭവമാണ്. പയര്‍ വര്‍ഗങ്ങള്‍ കൊണ്ടുള്ള കറികള്‍ നമ്മുടെ ഭക്ഷണത്തിലെ ഒരു ഘടകം കൂടിയാണ്. നാം ഇങ്ങനെ നിത്യവും കഴിക്കുന്ന പയര്‍വര്‍ഗങ്ങളുടെ പ്രസക്തിയും പ്രാധാന്യവും അതിന്റെ പോഷകമൂല്യവുമെല്ലാം ജനങ്ങളില്‍ എത്തിക്കാനും ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ പയര്‍വര്‍ഗങ്ങളുടെ പങ്കിനെക്കുറിച്ച് ധാരണ ഉണ്ടാക്കുന്നതിനുമാണ് 2016 പയര്‍വര്‍ഗ വര്‍ഷമായി ആചരിക്കുന്നത്. ഒപ്പം പയര്‍വര്‍ഗ വിളകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചറിയുന്നതിനും അവയുടെ കൃഷി വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. 

പുതിയ ലക്ഷ്യങ്ങള്‍


അന്തര്‍ദേശീയ പയര്‍വര്‍ഗ വിളകള്‍-2016-മായി ബന്ധപ്പെട്ട് 4 പ്രമേയങ്ങള്‍ പരിഗണിക്കുന്നുണ്ട്. അവയാണ്:
1. ഭക്ഷ്യസുരക്ഷയും പോഷണവും
2. ബോധവല്‍ക്കരണം
3. വിപണിസാധ്യതയും സ്ഥിരതയും
4. ഉത്പാദനക്ഷമതയും പാരിസ്ഥിതിക സുസ്ഥിരതയും.

പോഷകങ്ങളുടെ കലവറകള്‍
ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ പ്രോട്ടീനുകളുടെ കേന്ദ്രമാണ് പയര്‍വര്‍ഗങ്ങള്‍. അമിനോ ആസിഡുകള്‍, കാര്‍ബോ ഹൈഡ്രേറ്റ്, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവയെല്ലാം ഇവയില്‍ അടങ്ങിയിരിക്കുന്നു. 'പാവപ്പെട്ടവന്റെ മാംസം' എന്നാണ് പയര്‍വര്‍ഗങ്ങള്‍ അറിയപ്പെടുന്നത്. മാംസത്തിലേതുപോലെയുള്ള കൊളസ്‌ട്രോള്‍ ഇതിലില്ല.
പയര്‍ വര്‍ഗങ്ങളുടെ നിത്യേനയുള്ള ഉപയോഗം പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ മുതലായ മാരക രോഗങ്ങളുടെ പ്രതിരോധത്തിന് ഏറെ സഹായകരമാണ്. മുളപ്പിച്ച് ഉപയോഗിക്കലാണ് പയര്‍ വര്‍ഗങ്ങളില്‍ നിന്നും പോഷണം നേരിട്ട് ലഭിക്കാനുള്ള മാര്‍ഗം.

100 ഗ്രാം കടലയിലെ പോഷക ഘടകങ്ങള്‍
പ്രോട്ടീന്‍- 18  DV (Daily Value)  ഊര്‍ജം- 1642 കിലോ കലോറി
ഫൈബര്‍- 30 DV അന്നജം- 27.42 ഗ്രാം     ഫാറ്റ്- 2.5 ഗ്രാം
ഫോളേറ്റ്- 43  DV മാംസ്യം- 8.86 ഗ്രാം
മാംഗനീസും മറ്റു മിനറലുകളും - 52  DV ജലം- 60.2 ഗ്രാം

വയറുനിറയെ കഴിക്കാം!
ഇന്ത്യ പയര്‍വര്‍ഗ വിളകളുടെ വലിയ ഉത്പാദകരും ഉപഭോക്താക്കളുമാണ്. ഭൂരിഭാഗം ജനങ്ങളും നിത്യേന എന്നോണം അവ കഴിക്കാന്‍ ശ്രദ്ധിക്കാറുമുണ്ട്. വികസിത രാജ്യങ്ങളില്‍ പയര്‍ വിളകള്‍ പ്രധാനമായും കാലിത്തീറ്റയ്ക്ക് വേണ്ടിയാണ് കൃഷി ചെയ്യുന്നതെങ്കില്‍ വികസ്വര രാജ്യങ്ങളില്‍ പ്രോട്ടീന്‍ ലഭ്യതയ്ക്കുവേണ്ടിയാണ് ഇവ കൃഷിചെയ്യുന്നത്.
കടല, ചെറുപയര്‍, വന്‍പയര്‍, തുവരപ്പരിപ്പ്, പട്ടാണിപ്പയര്‍, മുതിര, ഉഴുന്ന്, സോയാബീന്‍ മുതലായവയെല്ലാം പയര്‍വര്‍ഗ വിളകളില്‍ ഉള്‍പ്പെട്ടവയാണ്. തോടോടുകൂടിയ ഉണങ്ങിയ വിത്തുകളുള്ളവയാണിതില്‍ ഭൂരിഭാഗവും. പച്ചപ്പയര്‍, അച്ചിങ്ങ, ബീന്‍സ്, കൊത്തമര, അമര (ഇതിന്റെ കായയില്‍ ധാരാളം ഇന്‍സുലിന്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു), ചതുരപ്പയര്‍ മുതലായവ പയര്‍വര്‍ഗവിളകളാണെങ്കിലും പച്ചക്കറികളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആകൃതി, നിറം, വലുപ്പം, ഉപയോഗം തുടങ്ങിയ കാര്യങ്ങളില്‍ ഒട്ടേറെ വൈവിധ്യം ഇവയില്‍ കാണപ്പെടുന്നുണ്ട്.

മണ്ണിനും പോഷകങ്ങള്‍
പയര്‍ വര്‍ഗങ്ങള്‍ മനുഷ്യനു മാത്രമല്ല മണ്ണിനും പോഷകഘടകങ്ങള്‍ നല്‍കുന്നുണ്ട്. പയര്‍ച്ചെടിയുടെ വേരുമുഴകളില്‍ കണ്ടുവരുന്ന റൈസോബിയം ഇനത്തില്‍ പെട്ട ബാക്ടീരിയ (നൈട്രിഫയിങ് ബാക്ടീരിയ) അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്ത് നൈട്രേറ്റ് ലവണമാക്കി മണ്ണില്‍ കലര്‍ത്തുന്നു. സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒരു മൂലകമാണ് നൈട്രജന്‍.  കര്‍ഷകര്‍, നെല്ലും മറ്റും കൃഷി ചെയ്തതിനുശേഷം അവിടെ പയര്‍വര്‍ഗവിളകള്‍ കൃഷി ചെയ്യാറുണ്ട്. 

മണ്ണില്‍ നൈട്രജന്‍ വേണ്ടത്ര ലഭിക്കുന്നതിനും പച്ചിലവളത്തിനും വേണ്ടിമാത്രം വളര്‍ത്തുന്ന പയര്‍ച്ചെടികളുണ്ട്. ഡെയിഞ്ച (സെസ്ബാനിയ അക്കുലിയേറ്റ), മനില അഗത്തി (സെസ്ബാനിയ റൊസ്‌ട്രേറ്റ), കൊഴിഞ്ഞിപ്പയര്‍, കാട്ടുനീലം ചെടി, കാട്ടുപയര്‍ (ഇതിന്റെ വിത്ത് ചെറുപയര്‍ പോലെ തന്നെ ഭക്ഷ്യയോഗ്യവുമാണ്) എന്നിവയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവയാണ്.
മനില അഗത്തിക്ക് വേരുകളില്‍ മാത്രമല്ല തണ്ടിലും നൈട്രജന്‍ ആഗിരണം ചെയ്യാന്‍ ശേഷിയുളള ബാക്ടീരിയ മുഴകള്‍ കാണാറുണ്ട്.

ഭക്ഷ്യസുരക്ഷാ മിഷന്‍
ഇന്ത്യയില്‍ ഭക്ഷ്യയോഗ്യങ്ങളായ നെല്ല്, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര കൃഷി-സഹകരണ മന്ത്രാലയത്തിന്റെ പദ്ധതിയാണ് ദേശീയ ഭക്ഷ്യസുരക്ഷാ മിഷന്‍. കൃഷിസ്ഥലം വര്‍ധിപ്പിക്കുക, മണ്ണിന്റെ ഫലഭൂഷ്ഠിയും ഉത്പാദനശേഷിയും നിലനിര്‍ത്തുക എന്നിവയെല്ലാമാണ് മിഷന്റെ പ്രധാന ലക്ഷ്യങ്ങള്‍.


ഇന്ത്യയില്‍
ലോകത്ത് ഏറ്റവുമധികം പയര്‍വര്‍ഗം ഉല്‍പാദിപ്പിക്കുകയും അവ ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അഥവാ ആഗോള പയറുല്‍പാദനത്തിന്റെ 25 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലായും കൃഷി ചെയ്യുന്നത്. 2014 ല്‍ 18.5 മില്യണ്‍ ടണ്‍ ഉല്‍പാദനം ഇന്ത്യ നടത്തി.
കേരളത്തില്‍ പയര്‍വര്‍ഗ കൃഷിക്ക് അത്ര വേരോട്ടം കിട്ടിയിട്ടില്ല. 2013-14 വര്‍ഷത്തെ കണക്കനുസരിച്ച് 2989 ഹെക്ടര്‍ സ്ഥലത്ത് 3019 ടണ്‍ പയര്‍ ഇനങ്ങളാണ് കേരളം ഉല്‍പാദിപ്പിച്ചത്. പാലക്കാട് ജില്ലയില്‍ ആണ് ഇതില്‍ ഏറെയും.

പ്രധാന പയര്‍ ഇനങ്ങള്‍
ലോകത്താകെ 13,000 ഇനം പയര്‍ വര്‍ഗങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു. ഇതില്‍ ഒരു ഡസനിലധികം ഇന്ത്യയില്‍ കൃഷി ചെയ്യുന്നുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടലയും തുവരയുമാണുള്ളത്. വന്‍പയര്‍, ചെറുപയര്‍, ഉഴുന്ന്, മുതിര, ഗ്രീന്‍പീസ്, സോയാബീന്‍ തുടങ്ങിയവയും കേരളം കൃഷി ചെയ്യുന്നവയാണ്.

വന്‍പയര്‍
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പയറുവിളയാണ് വന്‍പയര്‍. മാമ്പയര്‍, അച്ചിങ്ങപ്പയര്‍, വള്ളിപ്പയര്‍, പച്ചക്കറിപ്പയര്‍ തുടങ്ങി പലയിടത്തും പലപേരില്‍ ഇത് അറിയപ്പെടുന്നു. വള്ളികളായി പടര്‍ന്നു വളരുന്ന ഇവ ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നവയാണ്. മധ്യആഫ്രിക്കയാണ് ഇതിന്റെ ജന്മദേശം.

ഉഴുന്ന്
നമ്മുടെ പ്രാതല്‍ വിഭവങ്ങളായ ഇഡ്ഡലി, ദോശ, വട എന്നിവയിലെ പ്രധാന ഘടകമാണ് ഉഴുന്ന്. പ്രോട്ടീന്‍, വിറ്റാമിന്‍ എ, കാല്‍സ്യം, അയണ്‍, നിയാസിന്‍ തുടങ്ങിയ പോഷക മൂലങ്ങള്‍ ഉഴുന്നിലുണ്ട്. വാതം, പിത്തം, ക്ഷയം, ജ്വരം, ചുമ, മലബന്ധം എന്നിവയ്ക്ക് ഔഷധമാണ്.

മുതിര
കുതിരകളുടെ ഭക്ഷണമായാണ് മുതിര അറിയപ്പെടുന്നത്. അത്‌കൊണ്ടാണ് ഇതിന് ഹോഴ്‌സ് ഗ്രാം (Horse gram) എന്ന് ഇംഗ്ലീഷില്‍ പേരു വന്നത്.
പ്രോട്ടീന്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം, ഈസ്ട്രജന്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റ് തുടങ്ങിയ പോഷക മൂല്യങ്ങള്‍ അടങ്ങിയതാണ് മുതിര. വയര്‍ കുറക്കാനും അമിത വണ്ണം തടയാനും ഇത് ഏറെ ഫലപ്രദമാണ്. കഫം, വാതം, മൂത്രക്കല്ല്, പ്രമേഹം, ആര്‍ത്തവ തടസ്സം എന്നിവ തടയാന്‍ ഉത്തമമാണ്.

കടല
ലോകത്ത് ഏറ്റവും കൂടുതല്‍ കടല കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്. കറുപ്പ്, വെളുപ്പ്, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ നാലുതരം നിറങ്ങളിലുള്ള കടലകളുണ്ട്. അന്നജം, പ്രോട്ടീന്‍, ജീവകങ്ങള്‍, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി നിരവധി പോഷക മൂല്യങ്ങളുള്ള വിത്താണിത്. കടലപ്പിണ്ണാക്ക് നല്ല ജൈവവളമാണ്. ശ്വാസംമുട്ട്, ജ്വരം, പിത്തം, പീനസം, പ്രമേഹം എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

സോയാബീന്‍
കിഴക്കനേഷ്യ ജന്മ ദേശമായിട്ടുള്ള പയര്‍ വര്‍ഗ സസ്യമാണ് സോയാബീന്‍സ്. പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമുള്ളവയാണ്. കൊഴുപ്പ് തീരെ കുറവായതിനാല്‍ കൊളസ്‌ട്രോള്‍ ഭീഷണി ഒട്ടും ഇല്ല.
സ്തനാര്‍ബുധ സാധ്യത കുറക്കാനും ഓര്‍മശക്തി അധികരിപ്പിക്കാനും സോയാബീന്‍ ഉതകും. ഇവ പച്ചയ്ക്ക് ഉപയോഗിക്കുന്നത് ദോഷകരമെന്ന് ഓര്‍ക്കുക.
സോയാബീന്‍ ടോഫു, സോയ മില്‍ക്, സോയ ഓയില്‍, സോയ പ്രോട്ടീന്‍ തുടങ്ങി പല രൂപത്തിലേക്കും സോയാബീന്‍ മാറ്റപ്പെടുന്നുണ്ട്.

ചെറിയ പയറല്ല ചെറുപയര്‍
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൃഷി ചെയ്യുന്ന പയര്‍ വര്‍ഗ ചെടിയാണ് ചെറുപയര്‍. 30 മുതല്‍ 120 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ നിവര്‍ന്നു വളരുന്ന ഏക വര്‍ഷി സസ്യമാണിത്. ഇലകള്‍ മൂന്ന് ഇതളുകള്‍ വീതമുള്ളവയാണ്. നാലോ അഞ്ചോ പൂക്കള്‍ വീതമുള്ള പൂങ്കുലകളാണുണ്ടാവുക. ഇവ നീണ്ട കായ്കളായി വളര്‍ന്ന് 10 മുതല്‍ 15 വരെ വിത്തുകള്‍ അതില്‍ ഉണ്ടാവും.

പച്ചയും മഞ്ഞയും നിറത്തിലുള്ള രണ്ടുതരം ചെറുപയറുകളുണ്ട്. പച്ചയാണ് അത്യുത്തമം. ഇതില്‍ ആഫ്രിക്കന്‍ ചെറുപയറാണ് ഏറ്റവും മുന്തിയവ.

അന്നജം, കൊഴുപ്പ്, നാരുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കാല്‍സ്യം, മാഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം തുടങ്ങി നിരവധി പോഷകഗുണങ്ങളുണ്ട് ഈ ചെറിയ പയറില്‍. രക്തദോഷം, പിത്തം, മഞ്ഞപിത്തം, നേത്രരോഗം, കരള്‍വീക്കം എന്നിവക്ക് ശുദ്ധ ഔഷധവുമാണ്.  ചെറുപയര്‍പൊടി കുട്ടികള്‍ക്ക് നല്‍കുന്നത് ദഹനത്തിനും ശരീരത്തിന്റെയും ബുദ്ധിയുടെയും വളര്‍ച്ചയ്ക്കും ഓര്‍മശക്തി കൂട്ടാനും നല്ലതാണ്. ശരീര സൗന്ദര്യത്തിനും മുഖകാന്തിക്കും ചെറുപയര്‍പൊടി അത്യുത്തമം തന്നെ
 

സങ്കരയിനം പയറുകൾ

 

  • മാലിക
  • ശാരിക
  • കെ.എം.വി-1
  • വൈജയന്തി
  • ലോല
  • കനകമണി
  • കൈരളി
  • വരുൺ
  • അനശ്വര
  • ജ്യോതിക
  • ഭാഗ്യലക്ഷ്മി
 
കഞ്ഞിയും പയറും മലയാളികളുടെ ഇഷ്ടവിഭവമാണ്. പയര്‍ വര്‍ഗങ്ങള്‍ കൊണ്ടുള്ള കറികള്‍ നമ്മുടെ ഭക്ഷണത്തിലെ ഒരു ഘടകം കൂടിയാണ്. നാം ഇങ്ങനെ നിത്യവും കഴിക്കുന്ന പയര...

Read more at: http://www.mathrubhumi.com/print-edition/vidya/article-malayalam-news-1.780150
കഞ്ഞിയും പയറും മലയാളികളുടെ ഇഷ്ടവിഭവമാണ്. പയര്‍ വര്‍ഗങ്ങള്‍ കൊണ്ടുള്ള കറികള്‍ നമ്മുടെ ഭക്ഷണത്തിലെ ഒരു ഘടകം കൂടിയാണ്. നാം ഇങ്ങനെ നിത്യവും കഴിക്കുന്ന പയര...

Read more at: http://www.mathrubhumi.com/print-edition/vidya/article-malayalam-news-1.780150

1 comment:

  1. We are urgently in need of kidney donors in Kokilaben Hospital India for the sum of $450,000,00,For more info
    Email: kokilabendhirubhaihospital@gmail.com
    WhatsApp +91 7795833215

    ReplyDelete