Sunday, 13 November 2016

STANDARD 4 MALAYALAM UNIT 6.2

മുരളി കണ്ട കഥകളി
പ്രൊഫ.അമ്പലപ്പുഴ രാമവര്‍മ്മ
PENCIL UNIT MODULE DOWNLOAD

   കേരളീയ ക്ളാസിക് കലകളുടെ പുനരുദ്ധാരണം, പ്രചാരണം എന്നിവയ്ക്കുവേണ്ടി അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത വ്യക്തിയാണ് പ്രൊഫ.അമ്പലപ്പുഴ രാമവര്‍മ്മ. നാലുദശാബ്ദങ്ങളുടെ അധ്യാപനപരിചയം സ്വന്തമായുള്ള ഇദ്ദേഹത്തിന് വകുപ്പുമേധാവിയെന്നനിലയില്‍ 26 വര്‍ഷത്തെ അപൂര്‍വ്വ സേവനപരിചയമാണുള്ളത്.

അമ്പലപ്പുഴ പുതിയകോവിലകത്ത് അംബിക അമ്മയുടെയും കിടങ്ങൂര്‍ വടവാമനയില്ലത്ത് സുബ്രഹ്മണ്യന്‍നമ്പൂതിരിയുടെയും മകനായി 1926 ഡിസംബര്‍ 10-ന് ഇദ്ദേഹം ജനിച്ചു. കെ.രാമവര്‍മ്മ തിരുമുല്‍പാട് എന്നാണ് മുഴുവന്‍പേര്. അമ്പലപ്പുഴയിലെ വിവിധ സ്കൂളുകളിലായിരുന്നു സ്കൂള്‍ പഠനം. അക്കാലത്ത് പ്രശസ്ത സംസ്കൃതപണ്ഡിതനും ആയുര്‍വ്വേദ വൈദ്യനുമായിരുന്ന രാമവര്‍മ്മന്‍ തിരുമുല്‍പാടില്‍നിന്ന് ഗുരുകുല വിദ്യാഭ്യാസരീതിയില്‍ സംസ്കൃതം അഭ്യസിച്ചു. സിദ്ധരൂപം, ബാലപ്രബോധനം, ശ്രീരാമോദന്തം, രഘുവംശത്തിലെയും ശ്രീകൃഷ്ണവിലാസത്തിലെയും ഏതാനും സര്‍ഗ്ഗങ്ങള്‍, അമരകോശത്തിലെ ഏതാനും ഭാഗങ്ങള്‍ എന്നിവ ഇങ്ങനെവശമാക്കി. പിന്നീട്, പഠനത്തിനും സാഹിത്യകലാപ്രവര്‍ത്തനങ്ങള്‍ക്കും ഈ പഠനം വളരെ പ്രയോജനപ്പെട്ടെന്ന് പ്രൊഫ. രാമവര്‍മ്മ പറയുന്നു.


നീണ്ട 26 വര്‍ഷക്കാലം സി.എം.എസ്. കോളേജിലെ മലയാളവിഭാഗം അധ്യക്ഷനായിരുന്നു പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ. ആട്ടക്കഥകള്‍, തുള്ളലുകള്‍, മഹാകാവ്യങ്ങള്‍, സംസ്കൃതനാടകപരിഭാഷകള്‍, ഖണ്ഡകാവ്യങ്ങള്‍, എഴുത്തച്ഛന്റെയും ചെറുശ്ശേരിയുടെയും കൃതികള്‍, സി.വി.യുടെ നോവലുകള്‍ എന്നിവയാണ് തന്റെ അദ്ധ്യാപനജീവിതകാലത്ത് ഇദ്ദേഹം പ്രധാനമായും പഠിപ്പിച്ചത്. 1986-ല്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ചു. തുടര്‍ന്ന്, കാലടി സംസ്കൃതസര്‍വ്വകലാശാലയുടെ ഏറ്റുമാനൂര്‍ പ്രാദേശികകേന്ദ്രത്തില്‍ ഡയറക്ടര്‍-ഇന്‍-ചാര്‍ജ്, മലയാളം പ്രൊഫസര്‍ എന്നീനിലകളില്‍ മൂന്നുവര്‍ഷത്തോളം ജോലിചെയ്തു. അങ്ങനെ 40 വര്‍ഷത്തെ അദ്ധ്യാപനജീവിതമെന്ന അപൂര്‍വ്വഭാഗ്യത്തിനുടമയാണ് പ്രൊഫ. രാമവര്‍മ്മ. 

കേരള, എം.ജി., കാലിക്കറ്റ് സര്‍വ്വകലാശാലകളില്‍ പരീക്ഷാബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനംവരെ വഹിച്ചിട്ടുണ്ട്. കേരളസര്‍വ്വകലാശാല പാഠപുസ്തകസമിതി അംഗം, എം.ജി. സര്‍വ്വകലാശാലയിലെ മലയാളം ബോര്‍ഡ് ഓഫ് സ്റഡീസിന്റെ ആദ്യചെയര്‍മാന്‍ എന്നീനിലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചു.
ചെറുപ്പം മുതലേ പൌരാണികകലകളോടും സാഹിത്യത്തോടും ഇദ്ദേഹത്തിന് എന്തെന്നില്ലാത്ത അഭിനിവേശമായിരുന്നു, പ്രത്യേകിച്ച്, കഥകളിയോട്. ചാക്യാര്‍കൂത്ത്, പാഠകം, തുള്ളല്‍, തിരുവാതിരകളി എന്നിവയിലും തത്പരനാണ്. കേരളീയ ക്ളാസ്സിക് കലകളുടെ പ്രചരണാര്‍ത്ഥം നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും പ്രൊഫ. രാമവര്‍മ്മയുടെ തൂലികയില്‍നിന്ന് പിറവിയെടുത്തിട്ടുണ്ട്. കഥകളിയെ സംബന്ധിച്ചുള്ളവയാണ് ഏറെയും. 

സുപ്രസിദ്ധരായ ആട്ടക്കഥാകൃത്തുകള്‍, കവികള്‍, കഥകളിയിലെ മണ്‍മറഞ്ഞ മഹാനടന്മാര്‍, പാട്ടുകാര്‍, മേളക്കാര്‍, ചുട്ടിവിദഗ്ദ്ധര്‍ എന്നിവരെക്കുറിച്ചും, ആധുനികരായ പ്രമുഖ കഥകളി കലാകാരന്മാരെക്കുറിച്ചും ഇദ്ദേഹമെഴുതിയ 200-ല്‍പരം ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേരളകലാമണ്ഡലം നിര്‍വ്വാഹകസമിതിയിലും, കേരള സാഹിത്യ അക്കാദമി, കേരള സാംസ്ക്കാരികവകുപ്പ് പ്രസിദ്ധീകരണവിഭാഗം എന്നിവയിലും, തകഴി ശിവശങ്കരപ്പിള്ള അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകസമിതിയുടെ പ്രസിഡന്റായിരിക്കെ അതിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്നനിലയിലും പ്രവര്‍ത്തിച്ചുകൊണ്ട് മലയാള സാംസ്കാരികരംഗത്ത് നിസ്തുലമായ സേവനങ്ങളാണ് പ്രൊഫ.അമ്പലപ്പുഴ രാമവര്‍മ്മ നടത്തിയിട്ടുള്ളത്.

കഥകളിനിരൂപണം, നവരശ്മി, സാഹിതീസൌരഭം, കവിപൂജയും കാവ്യാസ്വാദനവും (ഉപന്യാസങ്ങള്‍), ദേവീദേവന്മാര്‍-കേരളീയകലാസാഹിത്യരംഗങ്ങളില്‍, മുരളി കണ്ട കഥകളി (ബാലസാഹിത്യം), കവിതാകൌതുകം (കവിതകള്‍), തിരഞ്ഞെടുത്ത സുഭാഷിതങ്ങള്‍ (വൈജ്ഞാനികം) എന്നിവ ഇദ്ദേഹത്തിന്റെ പ്രധാനകൃതികളാണ്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയ്ക്ക് അവതാരിക എഴുതിയതും ഈ പ്രതിഭാധനന്‍ തന്നെ. എ.ആര്‍. രാജരാജവര്‍മ്മയുടെ സ്വപ്നവാസവദത്തം എന്ന കൃതിയുടെ സ്വതന്ത്രവിവര്‍ത്തനം നടത്തി. കേശവദേവിന്റെ എതിര്‍പ്പ്, ചരിത്രനോവലായ കേരളേശ്വരന്‍ എന്നിവയെപ്പറ്റി പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


നിരവധി പുരസ്കാരങ്ങള്‍ മികവിന് അംഗീകാരമായി ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കഥകളിക്കുള്ള എം.കെ.കെ. നായര്‍ അവാര്‍ഡ് (1993), കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം (2004), ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുരസ്കാരം (2006), 2008-ല്‍ മികച്ച അദ്ധ്യാപകനുള്ള ഗുപ്തന്‍നായര്‍ പുരസ്കാരം എന്നിവ അവയില്‍ ചിലതാണ്. തന്റെ ഗുരുനാഥനായിരുന്ന ഗുപ്തന്‍നായരുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ ഇദ്ദേഹം ഏറെ സന്തുഷ്ടനാണ്. പ്രൊഫ. ഡി.പി. ഉണ്ണി, പ്രൊഫ. കുറ്റിപ്പുഴ കൃഷ്ണപിള്ള, ഡോ. കെ. ഗോദവര്‍മ്മ, പ്രൊഫ ഇളംകുളം കുഞ്ഞന്‍പിള്ള, പ്രൊഫ. എന്‍. കൃഷ്ണപിള്ള തുടങ്ങിയ പ്രഗല്ഭര്‍ ഇദ്ദേഹത്തിന്റെ അദ്ധ്യാപകരായിരുന്നു. 

മുന്‍ കേരള മുഖ്യമന്ത്രി പി.കെ.വി., ആരോഗ്യമന്ത്രിയായിരുന്ന അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, പി.ഗോവിന്ദപ്പിള്ള, ഗുരു നിത്യചൈതന്യയതി, പി. പരമേശ്വരന്‍, അയ്യപ്പപ്പണിക്കര്‍, തോട്ടം രാജശേഖരന്‍, ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന ഡോ. ഒ.എം. അനുജന്‍ തുടങ്ങി നിരവധി പ്രമുഖര്‍ രാമവര്‍മ്മയുടെ സതീര്‍ത്ഥ്യരാണ്.


വിവിധ തുറകളില്‍ പ്രശസ്തരായ വലിയൊരു ശിഷ്യവൃന്ദം ഈ അദ്ധ്യാപകശ്രേഷ്ഠനുണ്ട്. സുപ്രീംകോടതി മുന്‍ ജസ്റിസ് കെ.ടി. തോമസ്, ഉമ്മന്‍ചാണ്ടി, സുരേഷ്കുറുപ്പ്, ഉത്തരകേരള മഹായിടവക ബിഷപ്പായിരുന്ന റവ. കെ.സി. സേത്ത്, മേലുകാവ് മുന്‍ ബിഷപ്പ് റവ. കെ.മൈക്കിള്‍ ജോണ്‍, ചെമ്മനം ചാക്കോ, കടമ്മനിട്ട രാമകൃഷ്ണന്‍, പ്രൊഫ. ഏറ്റുമാനൂര്‍ സോമദാസന്‍, വേളൂര്‍ കൃഷ്ണന്‍കുട്ടി, തിരുവിഴ ജയശങ്കര്‍, ചെന്നൈ മുന്‍ ഡി.ജി.പിയായിരുന്ന കെ.കെ. രാജശേഖരന്‍ നായര്‍, സിനിമ സംവിധായകനായിരുന്ന അരവിന്ദന്‍, നടന്‍ പ്രേംപ്രകാശ് തുടങ്ങിയവരെല്ലാം രാമവര്‍മ്മസാറിന്റെ ശിഷ്യരില്‍പ്പെടുന്നു. 

ഇപ്പോഴും എഴുത്തിലും വായനയിലും വ്യാപൃതനാണ് ഇദ്ദേഹം. കഴിഞ്ഞ അരനൂറ്റാണ്ടായി ആകാശവാണിയില്‍ സുഭാഷിതങ്ങളും പ്രഭാഷണങ്ങളും അവതരിപ്പിച്ചുവരുന്നു. മുമ്പ് എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളതും എന്നാല്‍ പുസ്തകരൂപത്തില്‍ ആക്കാത്തതുമായ പ്രധാന ലേഖനങ്ങളെല്ലാം ഇനം തിരിച്ച് രണ്ടുമൂന്ന് ഗ്രന്ഥങ്ങളായി പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ് പ്രൊഫ. രാമവര്‍മ്മ ഇപ്പോള്‍. കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകസമിതി, ഭാരതീയ നൃത്യകലാലയം എന്നിവയുടെ പ്രസിഡന്റാണ്. ഗുരു ഗോപിനാഥ് ട്രസ്റിന്റെ വൈസ്പ്രസിഡന്റ്, അഖിലകേരള തുള്ളല്‍ കലാസമിതി രക്ഷാധികാരി, അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകസമിതി ചെയര്‍മാന്‍ എന്നീനിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പ്രൊഫ. രാമവര്‍മ്മ മികച്ചൊരു പ്രഭാഷകനുമാണ്. 

കായംകുളം കൃഷ്ണപുരം കുറ്റിയില്‍ കോവിലകത്ത് പരേതയായ സതീഭായിയാണ് ഭാര്യ. 2000 നവംബര്‍ നാലിനായിരുന്നു മരണം. മക്കള്‍: പരേതയായ ഗീത (ചെന്നൈ), രമണി (ധനലക്ഷ്മി ബാങ്ക്), ശ്രീകുമാര്‍ (പത്രപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍), മധുകുമാര്‍ (ഡി.സി. ബുക്സ്). മരുമക്കള്‍: വി.കെ.കെ. വര്‍മ്മ (റിട്ട. പ്രസിഡന്റ്, ബെസ്റ് ആന്‍ഡ് ക്രോംപ്റ്റണ്‍, ചെന്നൈ), റിട്ട. പ്രൊഫ. കെ.എന്‍. സുരേന്ദ്രനാഥവര്‍മ്മ. 

അന്യംനിന്നുപോകാനിടയുള്ള കേരളീയ പൌരാണിക കലാരൂപങ്ങളുടെ കാവലാളായി വര്‍ത്തിക്കുകയാണ് ഈ സാംസ്കാരികനായകന്‍. പ്രായമേറെയായെങ്കിലും തന്റെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ ഊര്‍ജ്ജസ്വലനായി നിലകൊള്ളുന്നു. കേരളത്തിന്റെ കലാസാഹിത്യസാംസ്കാരികമേഖലകളില്‍ ഇദ്ദേഹം നടത്തുന്ന സജീവമായ ഇടപെടലുകള്‍ വരുംതലമുറയ്ക്ക് ഏറെ ഗുണകരമാകുമെന്നതില്‍ സംശയമില്ല.

കഥകളി

കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളി. ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻ കലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം ഒരുകാലത്ത് വരേണ്യവിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോക പ്രസിദ്ധി കൈവരിച്ചിരിക്കുന്നു

പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി ഉദ്ഭവിച്ചത്‌. കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌. 1555-നും 1605-നും ഇടയ്ക്കാണ് രാമനാട്ടം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്.

കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെ നിറുത്തുന്ന രീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും എല്ലാം  വെട്ടത്തുരാജാവിന്റെ സംഭാവനയാണ്‌. ഇതിനെ വെട്ടത്തുനാടൻ എന്നാണ്‌ വിളിക്കുന്നത്.  വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്‌ കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു.

വെട്ടത്തു സമ്പ്രദായം

രാമനാട്ടം കഥകളിയായി പരിഷ്കരിക്കപ്പെടുന്നതിന് വെട്ടtthuജാവ് വരുത്തിയ മാറ്റങ്ങൾ ഇവയാണ്.
  • നടൻമാർക്ക് വാചികാഭിനയം വേണ്ടെന്ന് തീർച്ചപ്പെടുത്തി.
  • പാട്ടിനെ പിന്നണിയിലേയ്ക്കെത്തിച്ചു.
  • കത്തി, താടി വേഷങ്ങൾക്ക് തിരനോട്ടം ഏർപ്പെടുത്തി.
  • രാമനാട്ടത്തിലെ തൊപ്പിമദ്ദളത്തിനുപകരം ചെണ്ട ഏർപ്പെടുത്തി.
  • കൂടിയാട്ടത്തിനനുസരിച്ചുള്ള പച്ച, കത്തി, താടി എന്നീ മുഖത്തുതേപ്പടിസ്ഥാനത്തിലുള്ള വേഷവിഭജനം കൊണ്ടുവന്നു.
  • മുദ്രകളോടെയുള്ള ആംഗികാഭിനയം കൊണ്ടുവന്നു.
വെട്ടത്തുസമ്പ്രദായത്തെ പരിഷ്കരിച്ച്‌ കഥകളിയെ ഒരു നല്ല നൃത്തകലയാക്കി തീർത്തത്‌ കപ്ലിങ്ങാടൻ നമ്പൂതിരിയും. ഇന്നു കാണുന്ന കഥകളിവേഷങ്ങളുടെയെല്ലാം ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു. കപ്ലിങ്ങാടന്റെ സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയിൽ പരിഷ്കാരങ്ങൾ വരുത്തി
കഥകളി കാണാം: കല്യാണ സൌഗന്ധികം

ഐതിഹ്യം

കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായ കൃഷ്ണനാട്ടം നിർമ്മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.

ചടങ്ങുകൾ

കേളികൊട്ട്

കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന മേളമാണ് കേളി. സന്ധ്യയ്ക്ക് മുമ്പാണ് കേളികൊട്ട്. കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവ സമന്വയിപ്പിച്ച് കൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്....

അരങ്ങുകേളി

കളി തുടങ്ങിക്കഴിഞ്ഞുവെന്നറിയിക്കുന്ന ഗണപതികൊട്ടാണ് അരങ്ങുകേളി. ചെണ്ടയില്ലാതെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ദേവ വാദ്യമായ മദ്ദളം ആദ്യമായി അരങ്ങത്ത് എത്തിക്കുന്നതു കൊണ്ട് പ്രത്യേക ഐശ്വര്യം കൈവരുന്നതായി വിശ്വസിക്കപ്പെടുന്നു. ശുദ്ധമദ്ദളം, കേളിക്കൈ, ഗണപതിക്കൊട്ട് എന്നീ പേരുകളും ഈ ചടങ്ങിനുണ്ട്.

തോടയം

ഇത് ഇഷ്ടദേവതാ പൂജയാണ്. കുട്ടിത്തരം വേഷക്കാർ തിരശ്ശീലയ്‌ക്ക് പുറകിൽ നിന്നു നടത്തുന്ന സ്‌തുതിപരമായ നൃത്തമാണു തോടയം. വളരെ ലഘുവായ അണിയല് മാത്രമെ ഈ വേഷക്കാർക്കുണ്ടാവൂ. പ്രകൃതിയും പുരുഷനും ആയുള്ള അഥവാ ശിവനും ശക്തിയും ആയുള്ള കൂടിച്ചേരലിലൂടെ സൃഷ്ടി നടക്കുന്നു എന്നുള്ള പ്രതീകാത്മകമായുള്ള അവതരണം കൂടിയാണു തോടയം. എല്ലാ നടൻമാരും തോടയം കെട്ടിയതിനു ശേഷമേ അവരവരുടെ വേഷം കെട്ടാവൂ​ എന്നാണു നിയമം.തോടയത്തിന് ചെണ്ട ഉപയോഗിക്കുകയില്ല. കഥകളിയിൽ ഉപയോഗിക്കുന്ന ചെന്പട, ചന്പ, പഞ്ചാരി, അടന്ത എന്നീ നാലു താളങ്ങളും അവയുടെ നാലുകാലങ്ങളും തോടയത്തിൽ ഉപയോഗിക്കും. നാടകത്തിലെ നാന്ദിയുടെ സ്ഥാനമാണ് കഥകളിയിൽ തോടയത്തിനുള്ളത്. കോട്ടയത്തു തന്പുരാനും, കാർത്തിക തിരുന്നാളും രചിച്ച രണ്ടു തോടയങ്ങളാണ് സാധാരണ പാടാറുള്ളത്.

വന്ദനശ്ലോകം

തോടയം കഴിഞ്ഞാൽ ഗായകൻ ഇഷ്ടദേവതാ സ്തുതി പരമായ വന്ദനശ്ലോകങ്ങൾ ആലപിക്കുന്നു. ഒരു ശ്ലോകമെങ്കിലും നിർബന്ധമാണ്. സാധാരണ കോട്ടയത്തു തന്പുരാൻ രചിച്ച, മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും..... എന്നു തുടങ്ങുന്ന ശ്ലോകം ആദ്യം ചൊല്ലും. തുടർന്ന് മറ്റുചില ശ്ലോകങ്ങളും ചൊല്ലാറുണ്ട്.

പുറപ്പാട്

ഒരു പുരുഷവേഷവും സ്ത്രീവേഷവും തിരശ്ശീല നീക്കി രംഗത്തു ചെയ്യുന്ന പ്രാർത്ഥനാപരമായ ചടങ്ങാണ് പുറപ്പാട്‌. സാധാരണ പുരുഷവേഷം കൃഷ്ണനായിരിക്കും. കൃഷ്ണവേഷം മാത്രമായിട്ടും പുറപ്പാട് അവതരിച്ച് കണ്ടിട്ടുണ്ട്. അഞ്ചു വേഷത്തോടുകൂടി പകുതി പുറപ്പാട് എന്ന രീതിയിലും ഈ ചടങ്ങ് നടത്തുന്ന സമ്പ്രദായം ധാരാളമായി ഉത്തരകേരളത്തിൽ നിലവിലുണ്ട്. പുറപ്പാട് സാധാരണയായി തുടക്കകാരാണ്‌ (കുട്ടിത്തരക്കാർ) രംഗത്ത് അവതരിപ്പിക്കാറുള്ളത്. കഥകളിയിലെ ഏറെക്കുറെ ഏല്ലാ കലാശങ്ങളും അടവുകളും ഈ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പുറപ്പാട് ചെയ്ത് ഉറപ്പിക്കുന്ന ഒരു കലാകാരന് മറ്റ് വേഷങ്ങൾ രംഗത്ത് അവതരിപ്പിക്കുന്നതിനുള്ള പരിശീലനമായും ഈ ചട‍ങ്ങ് പ്രയോജനപ്പെടുന്നു.
മനോഹരങ്ങളായ പലതരം ചുഴിപ്പുകളും നിലകളും പുറപ്പാടിലടങ്ങിയിട്ടുണ്ട്. പുറപ്പാടിലെ പദത്തിനുശേഷം ത്രിപുട താളത്തിൽ കാർത്തിക തിരുന്നാൻറെ ദേവദേവ ഹരേ കൃപാലയ..... എന്ന നിലപ്പദം പാടുന്നു (ഭാരത കഥകൾക്ക്). പുറപ്പാടുമുതൽ ചെണ്ട ഉപയോഗിക്കുന്നു. മേൽക്കട്ടി, ആലവട്ടം, ശംഖനാദം എന്നിവയോടു കൂടിയാണ് പുറപ്പാട് നിർവ്വഹിക്കുന്നത്.

മേളപ്പദം

പുറപ്പാടിനുശേഷം ജയദേവൻറെ ഗീതാഗോവിന്ദത്തിലെ 21 ാം അഷ്ടപദിയായ “മഞ്ജൂതര കുഞ്ജദള കേളീ സദനേ” എന്നതിൻറെ ആദ്യത്തെ 8 ചരണങ്ങൾ വ്യത്യസ്ത രാഗങ്ങളിൽ പാടുന്നതാണ് മേളപ്പദം. സാധാരണയായി 6 ചരണങ്ങളാണ് പാടാറുള്ളത്. ചമ്പ താളത്തിൽ 40,20,10 എന്നീ അക്ഷരകാലങ്ങളിൽ രാഗമാലികയായി അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നത്. മഞ്ജുതര എന്ന ചരണം മോഹനത്തിലും വിഹിതപദ്മാവതി എന്ന ചരണം മധ്യമാവതിയിലുമാണ് പാടാറുള്ളത്. പദത്തിന്റെ അവസാനത്തിൽ മേളക്കാർ മുമ്പോട്ടുവന്ന്‌ അവരുടെ അഭ്യാസം പ്രകടിപ്പിക്കുന്നു.


കഥാരംഭം

കഥകളി കഥയുടെ ആരംഭംകുറിക്കുന്നതാണ് കഥാരംഭം.

മുദ്രകൾ

കഥകളി പദങ്ങളുടെ രംഗഭാഷയണ് മുദ്രകൾ. ഹസ്തലക്ഷണ ദീപികയിലെ മുദ്രകളാണ്‌ കഥകളിയിൽ അനുവർത്തിക്കപ്പെടുന്നത്. പ്രധാനമായും 24 മുദ്രകൾ അടിസ്ഥാനമുദ്രകളായി കണക്കാക്കപ്പെടുന്നു.  വ്യത്യസ്ത ശാസ്ത്രവിഭാഗങ്ങളിൽ ഒരേ പേരിലുള്ള മുദ്രകൾ ഉണ്ടെങ്കിലും, അവ രൂപത്തിൽ വ്യത്യസ്തങ്ങളാണ്‌. മുദ്രകളുടെ ഉപയോഗത്തിനു നാട്യശാസ്ത്രവും അടിസ്ഥാനമാക്കിയിട്ടുണ്ട്. അഭിനയദർപ്പണം, ബാലരാമഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളും അടിസ്ഥാനം തന്നെ. ആസ്വാദകൻ തന്റെ അരങ്ങുപരിചയത്താൽ നടൻ കാണിക്കുന്നത്‌ സന്ദർഭാനുസരണം മനസ്സിലാകുന്നതാണ് നല്ലത്. മിക്ക കലാകാരന്മാരും പലരും മുദ്രകൾ ചുരുക്കി കാണിക്കാറുണ്ട്. 24 അടിസ്ഥാന മുദ്രകൾ താഴെ കൊടുക്കുന്നു.

വേഷങ്ങൾ

കഥകളിക്ക് ചുട്ടികുത്തുന്നു
കഥകളിയിൽ പ്രധാനമായി ആറു തരത്തിലുള്ള വേഷങ്ങളാണുള്ളത്. കഥാപാത്രങ്ങളുടെ ആന്തരീകസ്വഭാവത്തിനനുസരിച്ചാണ് വിവിധവേഷങ്ങൾ നൽകുന്നത്. ഇവരുടെ ചമയത്തിലുള്ള നിറക്കൂട്ടുകളും വേഷവിധാ‍നങ്ങളും ഈ വേഷങ്ങൾ അനുസരിച്ച് വ്യത്യസ്തമാണ്.

 

പച്ച

സാത്വിക സ്വഭാവമുള്ള കഥാപാത്രങ്ങൾക്ക് പച്ചവേഷം; ഇതിഹാസങ്ങളിലെ വീരനായകന്മാരെയെല്ലാം പച്ച വേഷത്തിൽ അവതരിപ്പിക്കുന്നു. നന്മയുടെ ഭാവങ്ങളാണ് പച്ചവേഷങ്ങൾ. വീരരായ രാജാക്കന്മാർ, രാമൻ, ലക്ഷ്മണൻ, തുടങ്ങിയവർക്ക് പച്ചവേഷങ്ങളാണ്. മുഖത്ത് കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച്, അരിമാവും ചുണ്ണാമ്പും ചേർത്തുകുഴച്ച് ചുട്ടിയിട്ട്, കടലാസുകൾ അർധചന്ദ്രാകൃതിയിൽ വെട്ടി മീതെ വച്ച് പിടിപ്പിക്കുന്നു. നെറ്റിയുടെ മധ്യഭാഗത്തായി ഗോപി വരയ്ക്കുന്നതിനു “നാമം വയ്‌ക്കുക” എന്നു പറയുന്നു. ബലഭദ്രൻ, ശിവൻ തുടങ്ങിയവർക്ക് നാമം വയ്ക്കുന്നതിനു വെള്ളമനയോലയുടെ സ്ഥാനത്ത് കറുത്ത മഷി ഉപയോഗിക്കുന്നു.

കത്തി

കത്തിവേഷം അണിഞ്ഞ കഥകളി കലാകാരൻ
രാജസസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണ് സാധാരണയായി കത്തിവേഷം നൽകുക. രാവണൻ, ദുര്യോധനൻ, കീചകൻ, ശിശുപാലൻ, നരകാസുരൻ തുടങ്ങിയവർക്ക് കത്തിവേഷമാണ്. ഇതിൽ കണ്ണുകൾക്ക് തഴെയായി നാസികയോട് ചേർത്തും പുരികങ്ങൾക്ക് മുകളിലും ആയി കത്തിയുടെ ആകൃതിയിൽ അല്പം വളച്ച് ചുവപ്പ് ചായം തേച്ച് ചുട്ടിമാവു കൊണ്ട് അതിരുകൾ പിടിപ്പിക്കുന്നു. കത്തിവേഷത്തെ “കുറുംകത്തി” എന്നും “നെടുംകത്തി” എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. കവിൺതടങ്ങൾക്കു താഴെ കത്തിയുടെ ആകൃതിയിൽ വരയ്ക്കുന്ന അടയാളത്തിന്റെ അഗ്രഭാഗം വളച്ചുവച്ചാൽ കുറുംകത്തിയും, വളയ്‌ക്കാതെ നീട്ടി കൺപോളകളുടെ അഗ്രങ്ങൾ വരെ എത്തിച്ചു വരച്ചാൽ നെടുംകത്തിയും ആകുന്നു. ശൃംഗാര രസം അഭിനയിക്കുന്നവരുടെ വേഷം കുറുംകത്തിതന്നെ ആയിരിക്കണം. ദുശ്ശാസനൻ, ഘടോൽഘചൻ തുടങ്ങിയവരുടെ വേഷം നെടുംകത്തിയായിരിക്കണം. ‘പച്ച‘ വേഷത്തോടു സമാനമായ നിറക്കൂട്ടിൽ ചുവന്ന വരകൾ കവിളുകളിൽ വരയ്ക്കുകയും മൂക്കിലും നെറ്റിയിലും വെള്ള ഉണ്ടകൾ വയ്‌ക്കുകകയും ചെയ്യുന്നു. വസ്ത്രാഭരണങ്ങൾ എല്ലാം പച്ചവേഷം പോലെ തന്നെയാണ്.

താടി

ചുവന്ന താടി വേഷത്തിൽ ദുശ്ശാസനൻ

പ്രധാനമായും മൂന്ന് തരത്തിലുള്ള താടി വേഷങ്ങളാണുള്ളത്.
    • വെള്ളത്താടി - ഹനുമാൻ, നന്ദികേശ്വരൻ പോലെയുള്ള അതിമാനുഷരും സ്വാതികസ്വഭാവത്തോടുകൂടിയവരും ആയ കഥാപാത്രങ്ങൾക്ക് വെള്ളത്താടി വേഷമാണ് നൽകുക.
    • ചുവന്നതാടി - താമസസ്വഭാവികളായ കഥാപാത്രങ്ങൾക്കാണ് ചുവന്ന താടി നൽകുക.ഉദാ:ബകൻ, ബാലി, സുഗ്രീവൻ,ദുശ്ശാസനൻ,ത്രിഗർത്തൻ
    • കറുത്തതാടി-ദുഷ്ടകഥാപാത്രങ്ങൾക്കാണ് കറുത്ത താടി വേഷം

കരി

കാട്ടാളൻ കരിവേഷത്തിൽ
താമസസ്വഭാവികളായ വനചാരികൾക്കാണ് കരിവേഷം നൽകുക. ഇവരിൽ ആണ്കരിക്ക് കറുത്തതാടി കെട്ടിയിരിക്കും. ഉദാ:കാട്ടാളൻ. പെൺകരിക്ക് നീണ്ടസ്തനങ്ങളും കാതിൽ തോടയും കെട്ടിയിരിക്കും. ഉദാ: നക്രതുണ്ടി, ശൂർപ്പണഖ, ലങ്കാലക്ഷ്മി.


മിനുക്ക്

ദ്രൗപദി മിനുക്ക് വേഷത്തിൽ
കഥകളിയിലെ മിനുക്കുവേഷങ്ങൾ വേഗത്തിൽ ചെയ്യാവുന്നതാണ്. മനയോല വെള്ളം ചേർത്തരച്ച് മുഖത്ത് തേയ്ക്കുന്നതിന് ‘മിനുക്ക് ‘എന്നു പറയുന്നു. ഇതിൽ അല്‌പം ചായില്യംകൂടി ചേർത്താൽ ഇളം ചുവപ്പുനിറം കിട്ടും. സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കുവേഷമാണ് നൽകുക. ഇവർക്ക് തിളങ്ങുന്ന, മഞ്ഞനിറമുള്ള നിറക്കൂട്ട് ആണു നൽകുക. സ്ത്രീകൾക്ക് കണ്ണെഴുത്ത്, ചുണ്ടു ചുവപ്പിക്കൽ തുടങ്ങിയവ മനോധർമം പോലെ ചെയ്ത് ഉടുത്തുകെട്ട്, കുപ്പായം തുടങ്ങിയവ അണിയുന്നു. തലയിൽ കൊണ്ടകെട്ടി പട്ടുവസ്ത്രം കൊണ്ട് മറയ്ക്കുന്നു.

പഴുപ്പ്

ദേവകളായ ചില കഥാപാത്രങ്ങൾക്ക് മാത്രമാണ് പഴുപ്പുവേഷം. ഉദാ:ആദിത്യൻ, ശിവൻ,ബലഭദ്രൻ.


പ്രസിദ്ധരായ കഥകളിക്കാർ

  • ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
  • കുടമാളൂർ കരുണാകരൻ നായർ
  • ഗുരു കുഞ്ചുക്കുറുപ്പ്
  • കലാമണ്ഡലം ബാലകൃഷ്ണൻ നായർ
  • കീഴ്പ്പടം കുമാരൻനായർ
  • കലാമണ്ഡലം കൃഷ്ണൻ നായർ
  • വാഴേങ്കട കുഞ്ചുനായർ
  • മാത്തൂർ കുഞ്ഞുപിള്ള പണിക്കർ
  • ഹരിപ്പാട് രാമകൃഷ്ണപിള്ള
  • മാങ്കുളം വിഷ്ണു നമ്പൂതിരി
  • ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള
  • ചെന്നിത്തല ചെല്ലപ്പൻ പിള്ള
  • ചെങ്ങന്നൂർ രാമൻ പിള്ള
  • മങ്കൊമ്പ് ശിവശങ്കരപിള്ള
  • ഇഞ്ച ക്കാട് രാമചന്ദ്രൻപിള്ള
  • ചാത്തന്നൂർ കൊച്ചുനാരായണപിള്ള
  • കീഴ്പ്പടം കുമാരൻ നായർ
  • Guru Kelu Nair
  • മാത്തൂർ ഗോവിന്ദൻകുട്ടി
  • പള്ളിപ്പുറം ഗോപാലൻ നായർ
  • ചമ്പക്കുളം പാച്ചുപിള്ള
  • കലാമണ്ഡലം രാമൻകുട്ടി നായർ
  • കലാമണ്ഡലം പത്മനാഭൻനായർ
  • കലാമണ്ഡലം ഗോപി
  • കലാമണ്ഡലം കരുണാകരൻ
  • കലാമണ്ഡലം രാജൻ
  • കോട്ടക്കൽ ശിവരാമൻ
  • കലാമണ്ഡലം രാജശേഖരൻ
  • കലാമണ്ഡലം പ്രസന്നകുമാർ
  • കലാമണ്ഡലം കുട്ടൻ
  • കലാമണ്ഡലം കെ. ജി. വാസുദേവൻ‌
  • കലാമണ്ഡലംഹരി ആർ നായർ
  • കലാനിലയം രാഘവൻ
  • കലാനിലയം ഗോപാലകൃഷ്ണൻ
  • കലാനിലയം ഗോപിനാഥൻ
  • കലാഭാരതി രാജൻ
  • കലാഭാരതി വാസുദേവൻ
  • കലാഭാരതി ഹരികുമാർ
  • കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി
  • കലാകേന്ദ്രം ബാലു
  • കലാകേന്ദ്രം ഹരീഷ്
  • കലാകേന്ദ്രം മുരളീകൃഷ്ണൻ
  • കോട്ടക്കൽ അപ്പുനമ്പൂതിരി
  • സദനം രാമൻകുട്ടി നായർ
  • സദനം മണികണ്ഠൻ
  • സദനം ഭാസി
  • ആർ. എൽ. വി. രാജേന്ദ്രൻ പിള്ള
  • ആർ. എൽ. വി രാജശേഖരൻ
  • ആർ. എൽ. വി ഗോപി
  • മാർഗി വിജയകുമാർ
  • ചിറക്കര മാധവൻ കുട്ടി
  • ചവറ പാറുക്കുട്ടി
  • കല്ലുവഴി വാസു
  • FACT പത്മനാഭൻ
  • FACT മോഹനൻ
  • FACT ജയദേവവർമ്മ
  • FACT ഭാസ്കരൻ

ഇതും കൂടി കാണുക

1 comment: