Tuesday, 28 February 2017

ഫെബ്രുവരി 28- ദേശീയ ശാസ്ത്രദിനം

            

സി.വി.രാമനെ നൊബെല്‍ സമ്മാനാര്‍ഹനാക്കിയ രാമന്‍ ഇഫക്ടിന്‍റെ പരീക്ഷണ ഫലം സ്ഥിരീകരിച്ചത്  1928 ഫെബ്രുവരി 28 നാണ്. ഇതിന്‍റെ സ്മരണയ്ക്ക് എല്ലാവര്‍ഷവും ഫെബ്രുവരി 28ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു.   ലോക ശാസ്ത്രദിനം നവംബര്‍ 10 നാണ്. 

കണികകളില്‍ത്തട്ടിത്തെറിക്കുന്നതുമൂലം  പ്രകാശത്തിന്‍റെ തരംഗ ദൈര്‍ഘ്യ ത്തിനുണ്ടാകുന്ന മാറ്റമാണ് രാമന്‍ ഇഫക്ടില്‍ പ്രതിപാദിക്കുന്നത്. ബാംഗ്ലൂരിലെ സെന്‍ട്രല്‍ കോളജില്‍ 1928 മാര്‍ച്ച് 16ന്നടന്ന ചടങ്ങില്‍ ഈ പ്രതിഭാസത്തെപ്പറ്റി സി.വി.രാമന്‍ലോകത്തെ അറിയിച്ചു. ആ ഗവേഷണത്തില്‍  വെങ്കിടേശ്വരനും കെ.എസ്.കൃഷ്ണനും പങ്കാളികളായിരുന്നു. പ്രകാശം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഫോട്ടോണ്‍ കണികകളെ സ്ഥിരീകരിക്കാനും,  ക്രിസ്റ്റല്‍ ഘടനകളെയും തന്മാത്രാഘടനയുംപറ്റി അടുത്തറിയാനും സി.വി.രാമന്‍റെ കണ്ടെത്തെലുകള്‍കൊണ്ട് സാധിച്ചു.
സി.വി.രാമന്‍റെ ഗവേണഷണ പരീക്ഷണങ്ങളെ സ്വാധീനിച്ച ശാസ്ത്രജ്ഞന്‍മാരാണ് ഹെല്‍മോട്സുംറെയ്‍ലെയും. പതിനെട്ടാം വയസ്സില്‍ത്തന്നെ രാമന്‍റെ ഒരു റിസര്‍ച്ച് പേപ്പര്‍ ഫിലോസഫിക്കല്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രകാശത്തെപ്പറ്റിമാത്രമല്ല ശബ്ദത്തെപ്പറ്റിയും ധാരാളം പരീക്ഷണങ്ങള്‍ രാമന്‍ നടത്തിയിരുന്നു. 
Handbuck der Physics എന്ന ജര്‍മ്മന്‍ ഭൗതികശാസ്ത്ര വിജ്ഞാനകോശത്തില്‍ ലേഖനമെഴുതാന്‍ ക്ഷണിക്കപ്പെട്ട ആദ്യ വിദേശി സി.വി. രാമനാണ്.


തിരുച്ചിറപ്പള്ളിക്കടുത്തുള്ള തിരുവനൈക്കാവലില്‍ ചന്ദ്രശേഖരന്‍റെയും പാര്‍വ്വതി അമ്മാളിന്‍റെയും മകനായി 1888 നവംബര്‍ 7  ന് ചന്ദ്രശേഖര വെങ്കിട്ടരാമന്‍ ജനിച്ചു. പ്രസിഡന്‍സികോളജില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. 1917 ല്‍ അക്കൗണ്ടന്‍റ് ജനറല്‍ എന്ന ഉയര്‍ന്നപദവി രാജിവച്ചതിനുശേഷം കല്‍ക്കട്ട സര്‍വ്വകലാശാലയില്‍ ഫിസിക്സ് പ്രൊഫസറായി. ഇത് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. കല്‍ക്കട്ട സര്‍വ്വകലാശാലയില്‍ ജോലിചെയ്തിരുന്ന കാലത്തുതന്നെ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് എന്ന സ്ഥാപനത്തില്‍ അദ്ദേഹം ഗവേണം നടത്തി. ഈ കാലം സി.വി.രാമന്‍റെ സുവര്‍ണ്ണകാലമായാണ് വിലയിരുത്തുന്നത്. 1948 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും വിരമിച്ച ശേഷം ബാംഗ്ലൂരില്‍ രാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്ന സ്ഥാപനത്തിന്‍റെ മേധാവിയായി. 1970 മെയ് 21 ന് ആ മഹാപ്രതിഭ കാലയവനികക്കുള്ളില്‍ മറഞ്ഞു.
സി.വി. രാമനെത്തേടിയെത്തിയ പ്രധാന പുരസ്കാരങ്ങള്‍

1924 റോയല്‍ സൊസൈറ്റി ഫെലോ
1929  നൈറ്റ് ബാച്‍ലര്‍
1930  നൊബെല്‍ സമ്മാനം
1941  ഫ്രാങ്ക്ലിന്‍ മെഡല്‍
1954 ഭാരതരത്ന
1957 ലെനിന്‍ പീസ് പ്രൈസ്

   ശാസ്ത്രബോധവും ശാസ്ത്രത്തിന്‍റെ പ്രാധാന്യവും പ്രചരിപ്പിക്കുക എന്നതാണ് ശാസ്ത്രദിനാചരണത്തിന്‍റെ ലക്ഷ്യം. ഇത് മുന്നില്‍ക്കണ്ട് രാജ്യത്തെ ഗവേഷണശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.  

No comments:

Post a Comment