Wednesday, 19 July 2017

സര്‍ക്കാര്‍ ജീവനക്കാരെ ഉത്തരവാദിത്ത ബോധമുള്ളവരാക്കാന്‍ പരിശീലനം ; സംസ്ഥാന പരിശീലനനയം മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുളള പുതിയ സംസ്ഥാന പരിശീലന നയം മന്ത്രിസഭ അംഗീകരിച്ചു. ജീവനക്കാരുടെ കഴിവ് വര്‍ധിപ്പിക്കുന്നതോടൊപ്പം അവരെ ജനക്ഷേമ തല്‍പ്പരരും  ഉത്തരവാദിത്ത ബോധമുളളവരും അഴിമതിരഹിതരും ജനസൌഹൃദ പെരുമാറ്റമുളളവരുമായി മാറ്റിയെടുക്കുന്നതിനുളള പദ്ധതിയാണ് അംഗീകരിച്ചത്. 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) പരിശീലന പരിപാടി ഏകോപിപ്പിക്കും.  ഭരണമേഖലയില്‍ ലോകത്താകെ വലിയ മാറ്റവും വികസനവും ഉണ്ടായിട്ടുണ്ട്. സുതാര്യത, അവകാശാധിഷ്ഠിത വികസനം, ഇഗവേണന്‍സ്, ജനപങ്കാളിത്തം എന്നിവയിലാണ് വലിയ മാറ്റം പ്രകടമായത്. ജനകീയ ആവശ്യങ്ങള്‍ക്കൊപ്പം സിവില്‍ സര്‍വീസും മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊളളുന്ന പരിശീലന പദ്ധതിയാണ് തയ്യാറാക്കിയിട്ടുളളത്. പൊതുജന സേവന സംവിധാനമായി സര്‍ക്കാര്‍ സര്‍വീസ് മാറണമെന്നതാണ് ആത്യന്തിക ലക്ഷ്യം. ഒരു ഓഫീസര്‍ക്ക് തന്റെ തൊഴില്‍കാലയളവില്‍ മൂന്നു പൊതുപരിശീലനമെങ്കിലും ലഭിക്കുമെന്ന് ഉറപ്പുവരുത്തും. 

ഹ്രസ്വമായ പരിശീലനം ഓരോ രണ്ടുവര്‍ഷത്തിലും നല്‍കും. വര്‍ഷാരംഭം തന്നെ ഏതു ഓഫീസര്‍, ഏതു പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് സൂചിപ്പിക്കുന്ന കലണ്ടര്‍ തയ്യാറാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് കില നോഡല്‍ ഏജന്‍സിയായി പരിശീലന നയം ആവിഷ്കരിക്കും. സംസ്ഥാന പരിശീലന നയം നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല കൌണ്‍സില്‍ രൂപീകരിക്കും.

No comments:

Post a Comment