Saturday 2 September 2017

ഓണ വിശേഷങ്ങള്‍


തൃക്കാക്കരയപ്പൻ

തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേൽക്കുന്നതിനായാണ്‌ വീട്ടുമുറ്റത്തോ ഇറയത്തോ ആണ്‌ തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ (തൃക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു.(ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്). തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങൾ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവിൽ, മലർ തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു. തൃക്കാക്കരയപ്പൻ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ്‌ എന്നും വിശ്വസിക്കുന്നുണ്ട്. തൃക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം കഴിക്കാവു.

തൃക്കാരപ്പോ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണാനും വയോ (മൂന്നൂ പ്രാവശ്യം ആവർത്തിച്ച്)
ആർപ്പേ.... റ്വോ റ്വോ റ്വോ

എന്ന് ആർപ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു. ഇത് ഓണത്തപ്പനെ വരവേൽക്കുന്ന ചടങ്ങാണ്‌. തുടർന്ന് അരിമാവുകൊണ്ടുള്ള കോലം വീടിലെ മറ്റു സ്ഥലങ്ങളിലും അണിയുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നു. ഓണസദ്യയാണ്‌ തിരുവോണനാളിലെ പ്രധാന ഇനം. ഓണനാളിൽ വീട്ടിലെ മൃഗങ്ങൾക്കും ഉറുമ്പുകൾക്കും സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്. ഉറുമ്പുകൾക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളിൽ അവിടവിടെയായി വക്കാറുണ്ട്. ഇതിനുശേഷം ഓണക്കളികളും.


അത്തച്ചമയം

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ  ഓണത്തോടനുബന്ധിച്ച് അത്തം നാളിൽ നടത്തുന്ന ആഘോഷമാണ്‌ അത്തച്ചമയം. 1947 വരെ കൊച്ചി മഹാരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃപ്പുണിത്തുറയിൽ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു. 1949ൽ തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിർത്തലാക്കി. ഇത്‌ പിന്നീട്‌ 1961ൽ കേരളാ ഗവൺമെന്റ്‌ ഓണം ദേശീയോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു.

ഓണക്കാഴ്ച

ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം. പണ്ടുമുതൽക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നൽകിയിരുന്നത്‌. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു. ഇത് കുടിയാൻ-ജന്മി ബന്ധത്തിന്റെ നല്ല നാളുകളുടെ ഓർമ്മ പുതുക്കലായി ഇന്നും നടന്നുവരുന്നു.

 പക്ഷേ ഇന്ന്‌ കാഴ്ചയർപ്പിക്കുന്നത്‌ കുടിയാൻ ജൻമിക്കല്ലെന്ന്‌ മാത്രം. ക്ഷേത്രങ്ങളിലേക്കാണ്‌ ഇന്ന് കാഴ്ചക്കുലകൾ സമർപ്പിക്കപ്പെടുന്നത്. ഗുരുവായൂർ അമ്പലത്തിലെ കാഴ്ച കുല സമർപ്പണം പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപെടുന്നത്. തൃശൂർ ജില്ലയിലെ ചെങ്ങഴിനാട് (ചൂണ്ടൽ, പുത്തൂർ‍, പേതമംഗലം,വേലൂര്, എരുമപ്പെട്ടി, പഴുന്നാന) തുടങ്ങിയ സ്ഥലങ്ങളിൽ കാഴ്ചക്കുലകൃഷി നടത്തുന്നുണ്ട്.

ഓണപ്പൂക്കളം


തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌.  'അത്തം പത്തോണം' എന്ന്‌ ചൊല്ല്‌.  മുറ്റത്ത്‌ തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു.  ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

ഉത്രാടപ്പാച്ചിൽ

ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.

തിരുവോണനാളിലെ ചടങ്ങുകൾ

പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കൽപരൂപത്തിന്‌ മുന്നിൽ മാവ്‌ ഒഴിച്ച്‌, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. കളിമണ്ണിലാണ്‌ രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്‌. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്‌. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന്‌ അട നിവേദിക്കുകയും ചെയ്യുന്നു.

തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ്‌ തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്‌. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ്‌ 'തൃക്കാൽക്കര' ഉണ്ടായതെന്ന്‌ ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്‌. കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്.


ഓണസദ്യ

ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌. 'ഉണ്ടറിയണം ഓണം' എന്നാണ്‌ വയ്പ്‌. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- ചേന, പയർ‌, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര്‌ നിർബന്ധം. ഇവിടെ ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌. എള്ളുണ്ടയും അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങൾ. കുട്ടനാട്ട്‌ പണ്ട്‌ ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.

അനുഷ്ഠാന കലകൾ

ഓണക്കാലത്തെ അനുഷ്ഠാനകലകളിൽ പ്രധാനികളാണ്‌ ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം. ഈ രൂപങ്ങൾക്ക്‌ നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞുചേർന്നിട്ടുള്ളവയാണ്‌. നഗരങ്ങളിലേക്കാളേറെ നാട്ടിൻപുറങ്ങളിലാണ്‌ ഇവയ്ക്ക്‌ പ്രചാരം കൂടുതലുള്ളത്‌. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക്‌ ബന്ധപ്പെട്ട നാട്ടുകാരിൽ ഗൃഹാതുരത്വത്തിന്റെ അസ്തിത്വമാണുള്ളത്‌.

ഓണത്തെയ്യം ('ഓണത്താർ')

തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിൽ ഓണത്തിന്‌ മാത്രമുള്ള തെയ്യമാണ്‌ ഓണത്തെയ്യം. മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന്‌ 'ഓണത്താർ' എന്നാണ്‌ പേര്‌. വണ്ണാൻമാരാണ്‌ ഓണത്തെയ്യം കെട്ടിയാടുന്നത്‌. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളിൽ ചെറിയ ആൺകുട്ടികളാണ്‌ ഓണത്താർ തെയ്യം കെട്ടുക. മുഖത്ത്‌ തേപ്പും ചെറിയ മുടിയും വലതുകൈയ്യിൽ മണിയും ഇടതുകൈയ്യിൽ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാൻമാർ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ്‌ ഓണത്താർ പാട്ടിന്റെ ഉള്ളടക്കം. കണ്ണൂർ ജില്ലകളിലാണ്‌ ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്‌.

വേലൻ തുള്ളൽ

‘ഓണം തുള്ളൽ‘ എന്നു കൂടി പേരുള്ള ഈ കല വേല സമുദായത്തിൽപ്പെട്ടവരാണ്‌‍ അവതരിപ്പിക്കുന്നത്. ഓണക്കാലത്തു മാത്രമാണ്‌‍ ഇത് നടത്താറുള്ളത്. ഉത്രാടനാളിലാണ്‌‍ ആദ്യം കളി തുടങ്ങുന്നത്, കളിസംഘം വീടുകൾതോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ്‌‍ ആദ്യപ്രകടനം. തുടർന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും. വേലൻ, വേലത്തി, പത്ത് വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽ പെട്ട ഏതെങ്കിലും ഒരു പുരുഷൻ ഇവരാണ്‌‍ സാധാരണയായി സംഘത്തിൽ ഉണ്ടാവുക. ഓട്ട് കിണ്ണത്തിൽ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷൻ കൊട്ടുമ്പോൾ വേലത്തി കൈത്താളമിടുന്നു.പെൺകുട്ടി കുരുത്തോല കൊണ്ട് നിർമിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്നു. ഗണപതി, സരസ്വതി എന്നിവരെ വന്ദിച്ച് കൊണ്ടുള്ള പാട്ട് കഴിഞ്ഞാൽ മാവേലിയുടെ വരവിനെ പ്രകീർത്തിച്ചു കൊണ്ട് പാട്ടുകൾ പാടുന്നു. തുടർന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദർശനം മുഴുവനും പാടൂന്നു. പിന്നീട് അമ്മാനമാട്ടം, പാറാവളയം, കുടനിവർത്തൽ, അറവുകാരൻ എന്നീ കലാപ്രകടനങ്ങൾ വേലത്തി നടത്തുന്നു. നാടിനും നാട്ടാർക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങൾ നേർന്ന് വേലൻ തുള്ളൽ അവസാനിക്കുമ്പോൾ നാട്ട് പ്രമാണി വേലനും കുടുംബത്തിനും സമൃദ്ധമായി കഴിയാൻ വേണ്ട വക സമ്മാനിക്കുന്നു. ഈ കല കോട്ടയം ജില്ലയിൽ അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്

ഓണേശ്വരൻ (ഓണപ്പൊട്ടൻ)

ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത തെയ്യമാണ്‌ ഓണേശ്വരൻ. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന പേരിലും അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂർ‍ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌. മലയസമുദായക്കാർക്ക്‌ രാജാക്കൻമാർ നൽകിയതാണ്‌ വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ്‌ ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്‌. മുഖത്ത്‌ ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട്‌ തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ്‌ എന്നീ ആടയാഭരണങ്ങളുമാണ്‌ ഓണപ്പാട്ടിന്റെ വേഷവിധാനം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ്‌ ലഭിക്കാറ്‌.

ഓണവില്ല്

ഓണക്കാല വിനോദങ്ങളിൽ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല് എന്ന സംഗീത ഉപകരണം. മധ്യകേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന ഇത് ഇന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു. ഓണക്കാലത്ത് മാത്രമേ വില്ലു കൊട്ടുക ഉണ്ടാകുകയുള്ളൂ. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ്‌ ഓണവില്ല് ഉണ്ടാക്കുക. ഞാണുണ്ടാക്കുവാൻ മുള മാത്രമേ ഉപയോഗിക്കൂ. നല്ല വശമുള്ളവർ കൊട്ടിയാൽ ശ്രവണമധുരമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്ന വയലിൻ പോലെയുള്ള ഉപകരണമാണ്‌. പണ്ട് കാലങ്ങളിൽ ഓണക്കാലമായൽ ഓണവില്ലിന്റെ പാട്ട് കേൾക്കാത്ത വീടുകൾ ഉണ്ടാവാറില്ല എന്ന് പറയാറുണ്ട്. ഈ വില്ലിന്മേൽ തായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്. ഒരു കൈകൊണ്ട് മാത്രമേ ഇത് കൊട്ടാൻ പറ്റൂ എന്നതിനാൽ അഭ്യസിക്കാൻ ഏറെ വിഷമമുള്ള വാദ്യോപകരണമാണ്‌ ഇത്.

ഓണക്കളികൾ

ആട്ടക്കളം കുത്തൽ

പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്നാണിത്. ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണിത്. മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തിൽ ഒരു വൃത്തം വരക്കുന്നു. കുട്ടികളെല്ലാം അതിനുള്ളിൽ നിൽക്കും. വൃത്തത്തിനു പുറത്തും ഒന്നോ രണ്ടോ ആളുകളും മദ്ധ്യസ്ഥനായി ഒരു നായകനും ഉണ്ടാവും. പുറത്തു നിൽക്കുന്നവർ അകത്ത് നിൽക്കുന്നവരെ പിടിച്ച് വലിച്ച് പുറത്ത് കൊണ്ടുവരികയാണ്‌ കളി. എന്നാൽ വൃത്തത്തിന്റെ വരയിൽ തൊടുകയോ ആളെ തൊടുകയോ ചെയ്താൽ അകത്ത് നിന്നയാല്ക്ക് പുറത്തു നിന്നയാളെ അടിക്കാം. അങ്ങോട്ട് തല്ലാൻ പാടില്ലതാനും. ഒരാളേ പുറത്ത് കടത്തിയാൽ പിന്നെ അയാളും മറ്റുള്ളവരെ പുറത്ത് കടത്താൻ കൂടണം. എല്ലാവരേയും പുറത്താക്കിയാൽ കളി കഴിഞ്ഞു. ഇതിനു വേറേയും നിയമങ്ങൾ ഉണ്ട്.

കൈകൊട്ടിക്കളി

സ്‌ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമാണ്‌ കൈകൊട്ടിക്കളിക്കുള്ളത്‌. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒന്നാണിത്‌. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽകാലത്ത് മുറ്റത്ത പൂക്കളത്തിനു വലംവച്ചുകൊണ്ടും നടത്തിവരുന്നു. ഒരാൾ പാടുകയും മറ്റുള്ളവർ ഏറ്റുപാടുകയും ഒപ്പം വട്ടത്തിൽ നിന്ന്‌ ചുവടുവച്ച്‌ കൈകൊട്ടിക്കളിക്കുകയുമാണ്‌ പതിവ്‌. വൃത്തത്തിൽ നിന്നുള്ള ഈ കളി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയാണ്‌ സൂചിപ്പിക്കുന്നതെന്നു കരുതുന്നവരുണ്ട്. എന്നാൽ വൃത്താകൃതി ശ്രീബുദ്ധന്റെ ധർമ്മചക്രത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. മാത്രവുമല്ല എല്ലാവരെയും എല്ലാറ്റിനെയും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയെയും വൃത്താകൃതി സൂചിപ്പിക്കുന്നതായി പറയുന്നു. കൂട്ടായ്മയുടെയും സാർവലൌകികത്തിന്റെയും ഈ നൃത്തത്തിൽ കേരളത്തിലെ പ്രാചീന ഗോത്രനൃത്തങ്ങളുടെ സ്വാധീനം പ്രകടമായുണ്ട്. ചിലയിടങ്ങളിൽ ഇത് വട്ടക്കളി എന്നും അറിയപ്പെടുന്നു

പുലിക്കളി

 
തൃശൂരിലെ പുലിക്കളി
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ തൃശൂരിന്റെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ്‌ പുലിക്കളിയുടെ മറ്റ്‌ രണ്ട്‌ സ്ഥലങ്ങൾ. തലമുറകളായി തുടർന്നുപോരുന്ന ഇതിന്‌ പൂരത്തിനും ഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട്‌. നാലാമോണം വൈകിട്ടാണ്‌ പുലിക്കളി. വേഷം കെട്ടൽ തലേന്ന്‌ രാത്രിതന്നെ തുടങ്ങാറുണ്ട്‌. ശരീരമാകെ വടിച്ച്‌ മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളിൽ കൃത്രിമമായി നിർമ്മിച്ച വനത്തിൽ നിന്ന്‌ ചാടിയിറങ്ങുന്ന നൂറുകണക്കിന്‌ പുലികൾ നടുവിലാർ ഗണപതിക്ക്‌ മുമ്പിൽ നാളീകേരമുടച്ചാണ്‌ കളി തുടങ്ങുന്നത്‌.

പുലിക്കളി ചമയങ്ങൾ
മെയ്‌വഴക്കവും കായികശേഷിയും പുലികളിക്കാർക്കുണ്ടായിരിക്കേണ്ട നിർബന്ധ സവിശേഷതകളാണ്‌. വന്യതാളവും താളത്തിനും വഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും ആക്ഷേപഹാസ്യ ദൃശ്യങ്ങളുമെല്ലാം പുലിക്കളിയുടെ പ്രത്യേകതകളാണ്‌. പുലിക്കു പകരം കടുവാ വേഷങ്ങളും കണ്ടുവരുന്നു. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും (സായ്പ്‌) ഇതിലെ പ്രധാന വേഷങ്ങളാണ്‌. ഉടുക്കും തകിലും അകമ്പടി വാദ്യങ്ങളായി ഉപയോഗിക്കുന്നു.
തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റൂ സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട്. ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ , പച്ച, മഞ്ഞ്, കറുപ്പ്, സിൽ വർ, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.

ഓണക്കുമ്മാട്ടി (കുമ്മാട്ടിക്കളി)‌


തൃശൂരിലെ കുമ്മാട്ടിക്കളി
തൃശൂർ,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂർ പട്ടണത്തിൽകിഴക്കുമ്പാട്ടുകര ദേശക്കാരർ ഓണത്തോടനുബന്ധിച്ച് അഘോഷിക്കുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നു. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.


ഓണത്തല്ല്

ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ്‌ ഓണത്തല്ല്‌. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന്‌ പേരുണ്ട്‌. എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച 'മധുരൈ കാഞ്ചി'യിൽ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്‌. പിൽക്കാലത്ത്‌ നാട്ടിൻപുറങ്ങളിൽ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല്‌ പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂർ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല്‌ ആചരിച്ചുപോന്നിരുന്നു. ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല്‌ നടത്തിയത്‌ തൃശൂരിനടുത്ത്‌ കുന്നംകുളത്തുമാത്രം. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്‌. വ്യവസ്ഥതെറ്റുമ്പോൾ തല്ലുകാരെ പിടിച്ചുമാറ്റുവാൻ റഫറി (ചായികാരൻമാർ അല്ലെങ്കിൽ ചാതിക്കാരൻമാർ) ഉണ്ട്‌. നിരന്നു നിൽക്കുന്ന രണ്ടു ചേരിക്കാർക്കും നടുവിൽ 14 മീറ്റർ വ്യാസത്തിൽ ചാണകം മെഴുകിയ കളത്തിലാണ്‌ തല്ലു നടക്കുക. ഇതിന്‌ ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുൻപ്‌ പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കൻമാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന്‌ 'ചേരികുമ്പിടുക' എന്ന്‌ പറയുന്നു.

ഏതെങ്കിലും ഒരു ചേരിയിൽ നിന്ന്‌ പോർവിളി മുഴക്കി ഒരാൾ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്‌തിയുള്ള ഒരാൾ എതിർചേരിയിൽ നിന്നും ഇറങ്ങും. തറ്റുടുത്ത്‌ ചേല മുറുക്കി 'ഹയ്യത്തടാ' എന്നൊരാർപ്പോടെ നിലം വിട്ടുയർന്ന്‌ കളംതൊട്ട്‌ വന്ദിച്ച്‌ ഒറ്റക്കുതിപ്പിൽ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന്‌ ഇരുകൈകളും കോർക്കും. പിന്നെ കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത്‌ മുകളിലേക്കുയർത്തി താഴേക്ക്‌ ശക്‌തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും. തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന്‌ വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന്‌ നിയമമുണ്ട്‌.

ഓണത്തല്ലുകാർക്കിടയിൽ ഒരു വീരനായകനുണ്ട്‌. കാവശ്ശേരി ഗോപാലൻ നായർ. സ്വന്തം ദേഹത്ത്‌ എതിരാളിയുടെ കൈ ഒരിക്കൽപോലും വീഴിക്കാതെ നാൽപതുകൊല്ലം തല്ലി ജയിച്ചയാളാണ്‌ ഇദ്ദേഹം. കടമ്പൂർ അച്ചുമൂത്താനും പ്രസിദ്ധനാണ്‌. ഇയാൾ ആദ്യമായി പരാജയമറിഞ്ഞത്‌ അമ്പത്തഞ്ചാമത്തെ വയസ്സിൽ കാമശ്ശേരി ഗോപാലൻ നായരോടാണ്‌. ഇരുവരും ആ കളിയോടെ എന്നെന്നേക്കുമായി കളം വിട്ടു. വരവൂർ സെയ്‌താലി, എടപ്പാൾ ഗോപാലൻ, പാത്തുക്കുടി ഉടൂപ്പ്‌ തുടങ്ങിയവരും പേരുകേട്ട ഓണത്തല്ലുകാരാണ്‌.

ഓണംകളി

തൃശൂർ ജില്ലയിൽ പൊതുവേ ഓണത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരു ഗാന-നൃത്തകലയാണിത്. രാമായണത്തേയും മറ്റു ഹിന്ദുമതപുരാണങ്ങളേയും ആസ്പദമാക്കി നാടൻപാട്ടിന്റെ ശീലിൽ തയാറാക്കിയ പാട്ടിനനുസരിച്ച് ചുവടുകൾ വച്ചാണ്‌ ഈ നൃത്തം നടത്തുന്നത്.
പത്തോ പതിനഞ്ചോ പുരുഷന്മാർ ചേർന്നാണ്‌ ഓണം കളി അവതരിപ്പിക്കുന്നത്. കളത്തിനു നടുവിൽ ഒരു തൂണ്‌ നാട്ടി അതിൽ നാട്ടിയിരിക്കുന്ന ഉച്ചഭാഷിണിയിലേക്ക് പാട്ടുകാരൻ പാടുന്നു. മറ്റു സംഘാങ്ങൾ ഈ തൂണിനു ചുറ്റും വൃത്താകൃതിയിൽ നിരന്ന് ചുവടുവക്കുന്നതോടൊപ്പം പാട്ടുകാരന്റെ പാട്ടിന്റെ പല്ലവി ഏറ്റുപാടുകയും ചെയ്യുന്നു. ഒരു പാട്ട് ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ നീണ്ടു നിൽക്കും. താരതമ്യേന അയഞ്ഞ താളത്തിൽ തുടങ്ങുന്ന പാട്ട് അന്ത്യത്തോടടുക്കുമ്പോൾ മുറുകി ദ്രുതതാളത്തിൽ അവസാനിക്കുന്നു.
ഒന്നിലധികം സംഘങ്ങളെ‍ പരസ്പരം മൽസരിപ്പിച്ച് നടത്തുന്ന ഓണംകളി മൽസരങ്ങളും നടന്നു വരാറുണ്ട്.

കമ്പിത്തായം കളി

ചതുരാകൃതിയിലുള്ള ഒരു ഓട് നിലത്ത് ഉരുട്ടി കളിക്കുന്ന കളിയാണ്‌ ഇത്. ചുക്കിണി എന്നാണീ ഓടിന്റെ പേര്‌. ഈ ഓടിന്‌ ആറ് വശങ്ങൾ ഉണ്ടായിരിക്കും അതിൽ ചൂത് കളിക്കുന്ന കവടി പോലെ വശങ്ങളിൽ ദ്വാരങ്ങൾ അടയാളപ്പെടുത്തിയിരിക്കും. രണ്ടു എതിർ വശങ്ങൾ ചേർത്താൽ ഏഴ് എന്ന അക്കം വരത്തക്കരീതിയിലാണ്‌ ദ്വാരങ്ങൾ ഉണ്ടാക്കുക. രണ്ട് ചുക്കിണികൾ ഉണ്ടായിരിക്കും. ഒരോരുത്തരായി രണ്ട് പ്രാവശ്യം വീതം ചുക്കിണികൾ ഉരുട്ടി വിടുന്നു.രണ്ടിലും ഒരേ തുക വന്നാൽ അതിന്‌ പെരിപ്പം എന്ന് പറയും. പെരിപ്പം കിട്ടീയാൽ ഒരിക്കൽ കൂടി ചുക്കിണി എറിയാനുള്ള അവസരം ലഭിക്കും. നടുവിൽ കളം വരച്ചിരിക്കും. ഈ കളത്തിനു വശങ്ങളിൽ നിന്ന് കരുക്കൾ നീക്കിത്തുടങ്ങാം. ലഭിക്കുന്ന തുകക്കനുസരിച്ചാണ്‌ കരുക്കൾ നീക്കേണ്ടത്. ആദ്യം കളത്തിന്റെ മദ്ധ്യഭാഗത്തെത്തുന്ന കരുവിന്റെ ഉടമ വിജയിക്കുന്നു.

ഭാരക്കളി

കമ്പിത്തയം കളി പോലെ തന്നെയുള്ള ഒരു വിനോദമാണിത്. എന്നാൽ നിയമങ്ങൾക്ക് അല്പം വ്യത്യാസമുണ്ടെന്നു മാത്രം. സ്ത്രീകളായിരുന്നു ഇത് അധികവും കളിച്ചിരുന്നത്.

നായയും പുലിയും വെയ്ക്കൽ

പതിനഞ്ചു നായയും പുലിയും വെയ്ക്കുക എന്നൊരു വിനോദം പണ്ട് നടന്നിരുന്നു. മൂന്ന് പുലിയും 15 നായ്ക്കളുമായിരുന്നു അതിലെ കരുക്കൾ. രണ്ട് പേർ കൂടി കളിക്കുന്ന കളിയാണ്‌. നായ്ക്കളെ ഉപയോഗിച്ച് പുലികളെ കുടുക്കുകയും പുലികളെ ഉപയോഗിച്ച് നായ്ക്കളെ വെട്ടുകയും ചെയ്യുന്ന ചതുരംഗം പോലെയുള്ള കളം ഇതിനുണ്ട്.

ആറന്മുള വള്ളംകളി

ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ്‌ ആറൻമുള വള്ളംകളി നടക്കുന്നത്‌. ഇതിന്റെ ഐതിഹ്യം ആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണ്ട്‌ ആറന്മുള ക്ഷേത്രത്തിനടുത്ത്‌ ഒരു കൃഷ്ണഭക്‌തനുണ്ടായിരുന്നു. ദിവസേന ഒരു തീർത്ഥാടകന്‌ തന്റെ വീട്ടിൽ ഭക്ഷണം നൽകുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം തീർത്ഥാടകരാരും വന്നു കണ്ടില്ല. അവസാനം ഒരാൾ വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്ന്‌ പറഞ്ഞപ്പോൾ അതു സാദ്ധ്യമല്ലെന്ന്‌ അയാൾ പറയുകയും ചെയ്തു. പോകാൻനേരം ആറന്മുള ക്ഷേത്രത്തിൽ തന്നെ കാണാമെന്ന്‌ പറഞ്ഞ്‌ അയാൾ മറഞ്ഞു. അപ്പോഴാണ്‌ തീർത്ഥാടകൻ മറ്റാരുമല്ല സാക്ഷാൽ ശ്രീകൃഷ്ണനാണെന്ന്‌ ഭക്‌തന്‌ മനസ്സിലായത്‌. അതിന്‌ ശേഷം എല്ലാ തിരുവോണനാളിലും അയാൾ അരിയും മറ്റ്‌ സാധനങ്ങളും സദ്യക്കായി വള്ളത്തിൽ കൊണ്ടുവന്നിരുന്നു. ഒരിക്കൽ ഈ വള്ളത്തിനു നേർക്ക്‌ ഒരാക്രമണമുണ്ടാവുകയും പിന്നീട്‌ ഇത്തരത്തിലുള്ള സംഭവങ്ങൾ തടയാൻ ചുണ്ടൻവള്ളങ്ങളെ അകമ്പടിയായി കൊണ്ടുവരുകയും ചെയ്‌തു. ഇതാണ്‌ പിന്നീട്‌ വള്ളംകളിയായി മാറിയത്‌. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക്‌ തുടക്കമിട്ടത്‌ ചുണ്ടൻവള്ളങ്ങളുടെ മത്സരമാണ്‌. മുപ്പതടിയോളം നീളമുള്ള ചുണ്ടൻവള്ളങ്ങളിൽ നാല്‌ അമരക്കാരും നൂറോളം തുഴക്കാരും ഇരുപത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും.
ആറന്മുളയിൽ മാത്രമല്ല, പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്.

തലപന്തു കളി

ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് തലപന്തു കളി. മൈതാനത്തും വീട്ട്മുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തിൽ ക്രിക്കറ്റ്കളിപോലെ ആകയുള്ളവർ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നു. ഏകദേശം 150 സെ.മീ നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പിൽ നിന്ന് കുറച്ചകലത്തിൽ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പന്ത് പുറകോട്ട് തട്ടിതെറിപ്പിച്ച് കളി തുടരുന്നു. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി കാക്കുന്നവർ കൈപ്പിടിയിൽ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോൽ തട്ടിത്തെറിപ്പിക്കാനും കഴിഞ്ഞാൽ പന്ത് തട്ടിയ ആൾ കളിക്ക് പുറത്താകും. തലപന്ത്, ഒറ്റ, പെട്ട, പിടിച്ചാൻ, താളം, കാലിങ്കീഴ്, ഇണ്ടൻ, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങൾ ഈ വിനോദത്തിലുണ്ട്.

കിളിത്തട്ടുകളി

ഗ്രാമീണരുടെ കായികവിനോദമായ ഈ കളി ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും കൂടുതലായി നടത്തിവരുന്നു.

സുന്ദരിക്ക് പൊട്ട്കുത്ത്

ഓണക്കാലത്ത് നടത്തുന്ന മറ്റൊരു കളിയാണ്‌ സുന്ദരിക്ക് പൊട്ട്കുത്ത്. കണ്ണ് കെട്ടി സുന്ദരിയുടെ ചിത്രത്തില്(നെറ്റി)പൊട്ട് തൊടുന്നു.
  • വടംവലി

No comments:

Post a Comment