Saturday, 16 September 2017

കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശം


പോലീസ് ഇൻഫർമേഷൻ സെൻറർ പത്രക്കുറിപ്പ്

സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് നടപടികള്‍  ശക്തിപ്പെടുത്താന്‍ പോലീസ്. സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച്  ബോധവത്കരണം ഉള്‍പ്പെടെ വിവിധ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ പോലീസ് മേധാവിമാരോട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ നിര്‍ദ്ദേശിച്ചു. കുട്ടികള്‍ അപകടത്തില്‍പ്പെടുന്നതും കാണാതാവുതുമായ  നിരവധി സംഭവങ്ങള്‍ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്നതിൻ്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഈ നിര്‍ദ്ദേശം. 

വിദ്യാലയങ്ങള്‍ക്കുള്ളിലും പൊതുവഴികളിലും വാഹനങ്ങളിലും കുട്ടികളുടെ സുരക്ഷ പൂര്‍ണ്ണമായും ഉറപ്പുവരുത്തുതിന്  വിദ്യാലയാധികൃതരും രക്ഷിതാക്കളും പോലീസ് ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളും  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍   സംസ്ഥാന പോലീസ് മേധാവി പോലീസ് വെബ്‌സൈറ്റിലും ഫെയ്‌സ്ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്  സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ ബോധവത്കരണം നല്‍കുന്നതിന് നടപടി സ്വീകരിക്കുവാനും അദ്ദേഹം സ്റ്റേഷന്‍ ചുമതലയുള്ള എസ്.ഐ.മാര്‍ക്കും സി.ഐ.മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. 

സുരക്ഷ ഫലപ്രദമാക്കുന്നതിന് എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ സുരക്ഷാസമിതികള്‍ രൂപീകരിക്കുന്നത് നല്ലതാണ്.  ഇത്തരത്തില്‍ സുരക്ഷാ സമിതികള്‍ രൂപവത്കരിക്കുകയും സമിതികളുടെ നേതൃത്വത്തില്‍ കൃത്യമായ പരിശോധന നടത്തി പരിമിതികള്‍ പരിഹരിക്കുകയും വേണമെന്ന് സ്‌കൂള്‍ അധികൃതരുള്‍പ്പെടെ ബന്ധപ്പെട്ട് എല്ലാവരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിദ്യാലയ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, എന്‍ സി സി തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താമെുന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സംസ്ഥാന തലത്തില്‍ സ്‌കൂള്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്  ഡോ ബി സന്ധ്യയെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
                                                 കുട്ടികളുടെ സുരക്ഷ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്‌കൂള്‍ അധികാരികളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.  സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും നിര്‍ബന്ധമായും വേണ്ടതുണ്ട്.  പുറത്ത് നിന്നും ആളുകളുടെ പ്രവേശനം മതിയായ പരിശോധനയ്ക്ക് ശേഷമേ അനുവദിക്കാവൂ.
2. എല്ലാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മറ്റു ജീവനക്കാരും തിരച്ചറിയാന്‍ ഉതകും വിധം ഐഡന്റിറ്റി കാര്‍ഡുകള്‍ ധരിച്ചു മാത്രം സ്‌കൂളില്‍ പ്രവേശിക്കുന്നത് സുരക്ഷയെ സഹായിക്കും.  ഓരോ ക്ലാസ് ടീച്ചറും തൻ്റെ വിദ്യാര്‍ത്ഥികളെക്കുറിച്ച് വിശദവിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുക. കുട്ടിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രക്ഷിതാക്കളുമായി പങ്കുവയ്ക്കുക. അസ്വാഭാവികമായ പെരുമാറ്റമോ ശാരീരിക ക്ഷീണമോ കാണുകയാണെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിച്ച് മനസ്സിലാക്കുക.
3. സ്ഥിരമായി ബസ്സില്‍ വരുന്ന ഒരു കുട്ടി എത്തിയിട്ടില്ല എങ്കില്‍ ആ രക്ഷിതാവുമായി ബന്ധപ്പെട്ട് അന്വേഷിക്കുക. ഇതിനായി ഏതെങ്കിലും അധ്യാപകരെ ചുമതലപ്പെടുത്താവുതാണ്.
4. ക്ലാസ്സുകള്‍ ആരംഭിക്കുതിനു മുന്‍പും അവസാനിച്ച ശേഷവും ഓരോ ക്ലാസ്സ് മുറിയും ചുമതലയുള്ള ഒരാള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.
5. ക്ലാസ്സില്‍ നിന്ന് ഏതെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങു കുട്ടി  നിശ്ചിത സമയത്തിനുള്ളില്‍ തിരികെ എത്തിയെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം.
6. പരസ്പരമുള്ള സുരക്ഷ ഉറപ്പുവരുത്തുതിനായി  കുട്ടികളെ രണ്ടോ മൂന്നോ പേരുള്ള ഗ്രൂപ്പുകളായി തിരിച്ച്  ചുമതല നല്കുന്നത് ഉചിതമായിരിക്കും.
7. സ്‌കൂള്‍ അധികൃതര്‍ നേരിട്ട് നിയമനങ്ങള്‍ നടത്തുമ്പോള്‍ അവരെക്കുറിച്ച്  നന്നായി അന്വേഷിച്ച് മനസ്സിലാക്കിയശേഷം മാത്രം നിയമനം നടത്തണം. 
8. കുട്ടികള്‍ക്ക് കൗൺസിലിങ് നല്‍കുന്നതിന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒരു കൗസിലറെ ചുമതലപ്പെടുത്തണം.  കൃത്യമായ ഇടവേളകളില്‍ ഇവര്‍ കുട്ടികളുമായി സംവദിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യണം.
9. രക്ഷിതാക്കളുടെ ആവശ്യപ്രകാരമല്ലാതെ സ്‌കൂള്‍ സമയത്ത് ഒരു കാരണവശാലും കുട്ടികളെ പുറത്തേക്ക് പോകാന്‍ അനുവദിക്കരുത്. സ്‌കൂളില്‍ നിന്ന് എതെങ്കിലും കാരണത്താല്‍ പണവും മറ്റും ആവശ്യപ്പെടുകയാണെങ്കില്‍ അത് ഡയറിയില്‍ എഴുതിയോ മറ്റുവിധത്തിലോ രക്ഷിതാവിനെ അറിയിക്കേണ്ടതാണ്.
10. കുട്ടികളുടെ ബാഗുകളില്‍ നിന്ന് അസ്വാഭാവികമായ വസ്തുക്കളോ പണമോ മയക്കുമരുന്നു പോലുള്ള വസ്തുക്കളോ കണ്ടെത്തിയാല്‍ വിശദമായി അന്വേഷിക്കുകയും രക്ഷിതാവിനെ അറിയിക്കുകയും ചെയ്യേണ്ടതാണ്.
11. സ്‌കൂളില്‍ വൃത്തിയും വെടിപ്പുമുളള ശൗചാലയങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്.  പെൺകുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ (സാനിട്ടറി നാപ്കിന്‍ വൈന്‍ഡര്‍, ഇന്‍സിനേറ്റര്‍ മുതലായവ) ലഭ്യമാക്കേണ്ടതുണ്ട്.   അടിയന്തരഘട്ടങ്ങളില്‍ വേണ്ട പ്രാഥമിക ചികില്‍സാ സൗകര്യങ്ങളും ലഭ്യമായിരിക്കണം. 
11. ഇടയ്ക്കിടെ അധ്യാപക-രക്ഷാകര്‍തൃ സമിതി യോഗങ്ങള്‍ കൂടി സ്ഥിതിഗതികള്‍ വിലയിരുത്തണം.
12. സ്‌കൂള്‍ കെട്ടിടങ്ങള്‍  സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.  അപകടാവസ്ഥയിലുള്ള വൃക്ഷങ്ങള്‍ അപകടസാഹചര്യങ്ങളിലുള്ള നിര്‍മിതികളോ അങ്കണങ്ങളോ  ഇല്ലായെന്ന് ഉറപ്പുവരുത്തണം. തീപിടുത്തിനുള്ള സാധ്യത ഒഴിവാക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍ സ്ഥാപിക്കുകയും വേണം.
13. സ്‌കൂള്‍ ആരംഭിക്കുതിനു മുന്‍പും ഉച്ചയ്ക്കുള്ള ഇടവേളയ്ക്കു ശേഷവും സ്‌കൂള്‍ പിരിഞ്ഞ ശേഷവും എന്നിങ്ങനെ ദിവസത്തില്‍ മൂന്നുനേരം സ്‌കൂള്‍ ടോയ്‌ലെറ്റുകള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണം.

രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1) കുട്ടി സ്‌കൂളിലെത്തേണ്ടത് വാഹനത്തിലാണെങ്കില്‍ അതിനായുള്ള സുരക്ഷിതമായ വാഹന സൗകര്യം ഉറപ്പുവരുത്തണം.  സ്‌കൂള്‍ ബസുകളെ ആശ്രയിക്കുന്നവര്‍ നിര്‍ബന്ധമായും ബസ് ഡ്രൈവര്‍, ബസ്സിലെ മറ്റു ജീവനക്കാര്‍, ബസ്സിൻ്റെ കാര്യങ്ങള്‍ നോക്കുന്ന ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ നമ്പരുകള്‍ സൂക്ഷിക്കേണ്ടതും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഇവരെ ബന്ധപ്പെടേണ്ടതുമാണ്.  കൂടാതെ കുട്ടിയുടെ ഡയറിയില്‍ വീട് അഡ്രസ്സ്, രക്ഷിതാവിന്റെ ഫോൺ നമ്പര്‍, അടുത്തുളള പോലീസ് സ്റ്റേഷന്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം.  നിങ്ങളുടെ ഫോ നമ്പര്‍ കുട്ടിക്ക് മനഃപാഠമായിരിക്കണം. അപരിചിതരായവരോട് ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കാം.
2) വീട്ടില്‍ നിന്നും പുറപ്പെടുമ്പോഴും തിരികെ എത്തിക്കഴിഞ്ഞും സ്‌കൂള്‍ ബാഗ് പരിശോധിക്കുക. അസ്വാഭാവികമായി എന്തെങ്കിലും സാധനങ്ങളോ വിലപിടിപ്പുളള വസ്തുക്കളോ കണ്ടാല്‍ കുട്ടിയോടും ടീച്ചറോടും അന്വേഷിച്ച് ഉറപ്പുവരുത്തണം.
3) കുട്ടികള്‍ക്ക് ആവശ്യമായ തുകമാത്രം നല്‍കുക. പോക്കറ്റ് മണിയായി കൂടുതല്‍ പണം അനിവാര്യമാണെങ്കില്‍ മാത്രം നല്‍കുക. ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കുക. കുട്ടി സ്‌കൂളില്‍ നല്കുതിനായി പണം ആവശ്യപ്പെടുമ്പോള്‍ കഴിയുമെങ്കില്‍ ടീച്ചറുമായി ബന്ധപ്പെട്ട് ആയത് ഉറപ്പുവരുത്തണം.
4) ഇടയ്ക്കിടെ കുട്ടി പഠിക്കുന്ന സ്‌കൂള്‍ സന്ദര്‍ശിക്കുക. ക്ലാസ്സ് ടീച്ചര്‍, പ്രഥമാധ്യാപകന്‍ എന്നിവരുമായി കുട്ടിയെക്കുറിച്ചുളള കാര്യങ്ങള്‍ പങ്കുവയ്ക്കണം.
5) കുട്ടി എന്തെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നുവെങ്കിലോ  അപസ്മാരം പോലുളള അസുഖങ്ങള്‍ കുട്ടിക്ക് ഉണ്ടെങ്കിലോ അക്കാര്യം ക്ലാസ്സ് ടീച്ചറെയും ആവശ്യമെങ്കില്‍ അടുത്ത സഹപാഠികളെയും അറിയിക്കണം.
6) കുട്ടിയുടെ കൂട്ടുകാരുമായും അവരുടെ രക്ഷാകര്‍ത്താക്കളുമായും നല്ല ബന്ധം പുലര്‍ത്തണം.  അനാവശ്യമായ കൂട്ടുകെട്ടുകളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ശീലിപ്പിക്കണം.
സ്‌കൂളിലേക്കും തിരിച്ചുമുളള യാത്രകളിലെ  സുരക്ഷ
1) സ്‌കൂള്‍ ബസ്സുകളിലെ യാത്രകള്‍ സുരക്ഷിതമാണെ് ഉറപ്പുവരുത്തുതിന് സ്‌കൂള്‍ അധികൃതര്‍/ മാനേജ്‌മെൻ്റ് അധികൃതര്‍ എന്നിവര്‍ കര്‍ശനനടപടി സ്വീകരിക്കേണ്ടതാണ്.
2) സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് യാത്ര ചെയ്യിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. ഇത് ലംഘിക്കുന്ന വാഹനങ്ങള്‍/ സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
3)സ്‌കൂള്‍ ബസ്സുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ നിരത്തിലിറക്കാവൂ.  ബസ്സ് ജീവനക്കാരെ നിയമിക്കുമ്പോള്‍ അവരുടെ പ്രവൃത്തി പരിചയവും സ്വഭാവവും അന്വേഷിച്ച്  ക്രിമിനല്‍ പശ്ചാത്തലം  ഉളളവരല്ല എന്നു ഉറപ്പുവരുത്തണം. റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ കുട്ടികളെയും ബസ്സ് ജീവനക്കാരെയും പഠിപ്പിക്കുക. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ ഇത്തരം വാഹനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് മോശം അനുഭവം ഉണ്ടാകുന്നകാര്യം ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിനെ അറിയിക്കുക. ഇതിനായി രക്ഷിതാക്കള്‍ സ്ഥിരമായി  കുട്ടികളോട് യാത്രാവിവരങ്ങള്‍ തിരക്കുക.
4) വാഹനങ്ങളില്‍ കയറാനും ഇറങ്ങാനും റോഡ് മുറിച്ച് കടക്കാനും കുട്ടികളെ സഹായിക്കാന്‍ വാഹനങ്ങളില്‍ കണ്ടക്ടര്‍/ സഹായി  ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
5) സ്‌കൂളില്‍ വാഹനങ്ങളില്‍ വാഹനത്തിൻ്റെ ഫിറ്റ്‌നസ്, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉറപ്പു വരുത്തുക. ഡ്രൈവര്‍മാര്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണം.
6) സ്വകാര്യവാഹനങ്ങള്‍, ഓട്ടോറിക്ഷ തുടങ്ങിയവയെ ആശ്രയിക്കേണ്ടി വരുന്നവര്‍ ഡ്രൈവര്‍മാരുടേയും മറ്റു ജീവനക്കാരുടേയും വ്യക്തമായ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.
7) സ്‌കൂള്‍ വാഹനങ്ങളുടെ ഡോറുകള്‍ അടച്ചു മാത്രം യാത്ര നടത്തം.
8) സ്‌കൂള്‍ ബസുകളില്‍ ബാഗുകളും മറ്റും സൂക്ഷിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിരിക്കണം.
9)വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവവും സേവനങ്ങളും ഇടക്കിടെ മില്‍ പരിശോധന നടത്തി ഉറപ്പു വരുത്തണം.
10). സ്‌കൂളിലേക്ക് നടന്നാണ് പോകുന്നതെങ്കില്‍ ഒറ്റയ്ക്ക് പോകുന്നതിനു പകരം കഴിയുന്നതും കൂട്ടുകാര്‍  ഒത്തുചേർന്ന് പോകുക. സ്‌കൂളിലേക്ക് കഴിയുന്നതും സുരക്ഷിതമായ വഴി ഉപയോഗപ്പെടുത്തുക. ട്യൂഷന്‍, സ്‌പോര്‍ട്‌സ് തുടങ്ങിയവയ്ക്കായി പോകുന്ന വിദ്യാര്‍ഥികള്‍ പകല്‍ വേളകള്‍ കഴിഞ്ഞ് വീട്ടിലെത്തേണ്ടി വരുമ്പോള്‍ സംഘമായി വരികയോ രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിലെത്തുകയോ വേണ്ടതാണ്.
11.) ആകസ്മികമായ അതിക്രമസാഹചര്യങ്ങളെ നേരിടാന്‍ സ്വയംപ്രതിരോധ മാര്‍ഗങ്ങള്‍ പരിശീലിപ്പിക്കുക.

സൈബര്‍ സുരക്ഷ

കുട്ടികളെ അപകടസാഹചര്യങ്ങളില്‍ എത്തിക്കുതന്നില്‍  സ്മാര്‍ട്ട് ഫോണുകളും കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് ഉപയോഗവും കാരണമാകുന്ന സന്ദര്‍ഭങ്ങളുണ്ട്. ആയതിനാല്‍ ഇവയുടെ ദുരുപയോഗത്തിന് കുട്ടികള്‍ അടിപ്പെടാതിരിക്കാന്‍ രക്ഷാകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും പ്രത്യേകം ശ്രദ്ധപതിപ്പിക്കേണ്ടതാണ്. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ആവശ്യമായ ബോധവല്‍ക്കരണം കുട്ടികള്‍ക്ക് നല്‍കണം. ഇത്തരം ഉപകരണങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്തുമ്പോള്‍  ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങള്‍ കുട്ടികള്‍ അറിയേണ്ടതുണ്ട്. മുതിര്‍വരുടെ മേല്‍നോട്ടത്തില്‍ ഇവ ഉപയോഗിക്കുന്നവെന്ന് ഉറപ്പുവരുത്തുകയും വേണം. 
ബ്‌ളൂ വെയില്‍ ചാലഞ്ച് പോലെ അപകടകാരിയായ പലതും ഓലൈനിലൂടെ കുട്ടികളിലെത്താം. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ ഇത്തരത്തിലുള്ള ഗെയിമുകളെക്കുറിച്ച് മനസ്സിലാക്കുകയും കുട്ടികള്‍ ഇവയ്ക്ക് വഴിപ്പെടാതിരിക്കാന്‍ ശ്രദ്ധപുലര്‍ത്തുകയും വേണം.

No comments:

Post a Comment