Sunday, 26 November 2017

കുട്ടികളുടെ ഭാഷാപരമായ മികവ് ലക്ഷ്യമിടുന്ന പദ്ധതി മലയാളത്തിളക്കം പദ്ധതി ജില്ലയിലെ 777 സ്കൂളുകളില്‍ 27-ന് തുടങ്ങും


പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഭാഷാപരമായമികവ് ലക്ഷ്യമിട്ട് സര്‍വശിക്ഷാ അഭിയാന്‍റെ(എസ്എസ്എ) നേതൃത്വത്തില്‍ നടപ്പാക്കുന്ന മലയാളത്തിളക്കം പരിപാടി ജില്ലയിലെ എല്ലാ പ്രൈമറി സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നു. ഈമാസം 27 ന് ജില്ലയിലെ 777 സ്കൂളുകളില്‍ പ്രത്യേകം പരിശീലനം നേടിയ അധ്യാപകര്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍. വിജയമോഹന്‍ അറിയിച്ചു. ഇതില്‍ 513 എല്‍പി സ്കൂളുകളും 264 യുപി സ്കൂളുകളും ഉള്‍പ്പെടുന്നു. 

     കഴിഞ്ഞ അക്കാദമിക് വര്‍ഷം എല്‍.പി സ്കൂളുകളില്‍ പരീക്ഷണാര്‍ഥം നടപ്പാക്കിയ പരിപാടിയാണ് ഇപ്പോള്‍ യു.പി സ്കൂളുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നത്. പ്രായോഗികാനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഫലപ്രദമെന്ന് കണ്ടതിനാലാണ് എല്ലാ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം നടപ്പാക്കിയ എല്‍.പി സ്കൂളുകളുള്‍പ്പെടെ എല്ലാ പ്രൈമറി സ്കൂളുകളിലും പദ്ധതി നടപ്പാക്കും. പദ്ധതിയുടെ സഹായം ആവശ്യമുള്ള കുട്ടികളെ പ്രീ-ടെസ്റ്റ് നടത്തിയാണ് ഓരോ സ്കൂളും കണ്ടെത്തുന്നത്. 

     തികച്ചും മനശാസ്ത്രപരമായാണ് മലയാളത്തിളക്കം പദ്ധതിയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പഠനം സ്വാഭാവികവും ആസ്വാദ്യകരവുമാകത്തക്കവിധം പഠനതന്ത്രങ്ങളും ആശയവിനിമയ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയാണ് ക്ലാസ് മുന്നേറുന്നത്. രക്ഷിതാക്കള്‍ക്കും ക്ലാസ് കാണാനും ചര്‍ച്ചചെയ്യാനും അവസരമൊരുക്കുന്നുണ്ട്.

     2018 ജനുവരി 15-നകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലയിലെ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികളും മാതൃഭാഷയില്‍ അടിസ്ഥാനശേഷി കൈവരിച്ചുവെന്ന് ഉറപ്പാക്കും. സ്കൂള്‍തലത്തില്‍ രക്ഷിതാക്കളെയും പ്രാദേശിക ജനവിഭാഗങ്ങളെയും ഇക്കാര്യം ബോധ്യപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. 

     പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി അധ്യാപക സംഘടനകളുമായി കൂടിയാലോചനകള്‍ നടത്തി . ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രഥമാധ്യാപകയോഗങ്ങള്‍ പദ്ധതി പരിചയപ്പെടുത്തി. ജില്ലയിലെ പ്രൈമറി സ്കൂളുകളില്‍ നിന്നുള്ള ഓരോ അധ്യാപകന് എസ്.എസ്.എ രണ്ട് ദിവസത്തെ പരിശീലനം  നല്‍കി. എല്ലാ സ്കൂളുകള്‍ക്കും മലയാളത്തിളക്കം കൈപുസ്തകം വിതരണം ചെയ്തു. അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി ഉപജില്ലാ -ജില്ലാതലത്തില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിച്ചു. സംസ്ഥാനതല നിരീക്ഷണ ടീം ജില്ല സന്ദര്‍ശിക്കും.

No comments:

Post a Comment