Friday, 5 January 2018

കലോല്‍സവം ഹൈടെക്കാക്കി കൈറ്റ്


    ജനുവരി 6 മുതല്‍ 10 വരെ തൃശൂരില്‍ വെച്ച് നടക്കുന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവവും ഹൈടെക് ആക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി.  രജിസ്‌ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രൂപത്തിലാക്കി. മത്സരാര്‍ത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് ലഭ്യമാക്കുക,  ടീം മാനേജര്‍മാര്‍ക്കുളള റിപ്പോര്‍ട്ടുകള്‍, സ്റ്റേജുകളിലെ വിവിധ ഇനങ്ങള്‍, ഓരോ സ്റ്റേജിലേയും ഓരോ ഇനങ്ങളും യഥാസമയം നടത്തുന്നതിനുള്ള  ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്‌കോര്‍ഷീറ്റ്, ടാബുലേഷന്‍  തുടങ്ങിയവ തയ്യാറാക്കുന്നതും പോര്‍ട്ടല്‍ വഴിയായിരിക്കും. വെബ് പോര്‍ട്ടല്‍ വഴി മത്സര ഫലങ്ങള്‍ പൊതുജനങ്ങള്‍ക്കുള്‍പ്പെടെ തത്സമയം അറിയാന്‍ കഴിയും. www.live.schoolkalolsavam.in ല്‍ പ്രധാനപ്പെട്ട പത്തോളം വേദികളിലെ പ്രോഗ്രാമുകള്‍ ലൈവായി കാണാം.

പോര്‍ട്ടലിലെ വിവരങ്ങള്‍ കുറച്ചുകൂടി എളുപ്പത്തില്‍ ലഭ്യമാക്കാന്‍ 'പൂമരം' എന്ന മൊബൈല്‍ ആപും കൈറ്റ് ഒരുക്കിയിട്ടുണ്ട്. മത്സരഫലങ്ങള്‍ക്കു പുറമെ ഓരോ വേദിയിലും നടന്നുകൊണ്ടിരിക്കുന്ന  മത്സരങ്ങള്‍, അവശേഷിക്കുന്ന മത്സരങ്ങള്‍, പ്രതീക്ഷിക്കുന്ന സമയം തുടങ്ങിയവയും ആപില്‍ ലഭിക്കും.  ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'KITE poomaram' എന്ന് നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.  കലോല്‍സവം ലൈവിനു പുറമെ വിക്ടേഴ്‌സ് ചാനലും തത്സമയം പൂമരം വഴി കാണാം.

     കലോല്‍സവത്തിലെ വിവിധ രചനാ മത്സരങ്ങള്‍ (കഥ, കവിത, ചിത്രരചന തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂള്‍ വിക്കിയില്‍ (www.schoolwiki.in) അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.  മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവന്‍ ഭാഷകളിലെ മത്സര ഇനങ്ങളും സ്‌കൂള്‍ വിക്കിയില്‍ കൈറ്റ് നല്‍കും.  ഇതിനായി 'ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം' തയ്യാറായി.
മത്സര ഇനങ്ങളും ഫലങ്ങളും അറിയിക്കുന്നതോടൊപ്പം വിവിധ വേദികളില്‍ നടക്കുന്ന ഇനങ്ങല്‍ ഒരേ സമയം കാണാന്‍ കഴിയുന്ന തരത്തില്‍ മള്‍ട്ടികാസ്റ്റിംഗ് സംവിധാനം ഇപ്രാവശ്യം കൈറ്റ് വിക്ടേഴ്‌സില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  www.victers.itschool.gov.in വഴിയും കലോത്സവം തത്സമയം കാണാം.

No comments:

Post a Comment