Thursday, 1 February 2018

കൽപന ചൗള സ്മരണ...

 ഇന്ത്യൻ സ്ത്രീത്വത്തിെ‍ൻറ യശസ്സ്‌ വാനോളം ഉയർത്തിയ വനിത

അഭിമാനത്തോടെയല്ലാതെ ഭാരതീയര്‍ക്ക് കല്‍പ്പന ചൗള എന്ന പേര് ഓര്‍മിക്കാനാവില്ല. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യന്‍ വനിത എന്ന അവിസ്മരണീയ നേട്ടത്തിലൂടെ ഒട്ടേറെ യുവാക്കള്‍ക്ക് ആവേശവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കാന്‍ ഈ യുവതിക്ക് കഴിഞ്ഞു

കൽപന ചൗള സ്മരണ
(ജൂലൈ 1, 1961- ഫെബ്രു 1 2003)

ഇന്ത്യൻ സ്ത്രീത്വത്തിെ‍ൻറ യശസ്സ്‌ വാനോളം ഉയർത്തിയ വനിതകളിൽ ഒരാളാണ്‌ കൽപന ചൗള.  ബഹിരാകാശയാത്രകൾ മാത്രം സ്വപ്നം കണ്ടിരുന്ന കൽപ്പന ചൗളയുടെ ജീവൻ നഷ്ടമായത്‌ തന്റെ സ്വപ്നത്തിലേക്കുള്ള യാത്രാ മധ്യേയാണ്‌.  മാനവരാശിയുടെ ശാസ്ത്രപുരോഗതിക്കായി നാസയുടെ ദൗത്യമേറ്റെടുത്ത്‌ ഭൂമിയിലേയ്ക്ക്‌ തിരിച്ചിറങ്ങാൻ മിനിട്ടുകൾ ബാക്കിനിൽക്കെ ഭൗമമണ്ഡലത്തിൽ പ്രവേശിച്ച ബഹിരാകാശപേടകം ചിന്നിച്ചിതറുകയായിരുന്നു.

ബനാറസി ലാൽ ചൗളയുടെയും സഞ്ജ്യോതിയുടെയും നാലുമക്കളിൽ ഏറ്റവും ഇളയവളായി 1961 ജൂലായ്‌ ഒന്നിന്‌ ഹരിയാണയിലെ കൊച്ചുപട്ടണമായ കർണാലിലാണ്‌ കൽപന ജനിക്കുന്നത്‌. 1982-ൽ ബിരുദപഠനം പൂർത്തിയാക്കി, എയ്‌റോസ്പേസ്‌ എഞ്ചിനീയറിംഗ്‌ എന്ന തന്റെ സ്വപ്നത്തിനായി ബിരുദാനന്തര ബിരുദപഠനത്തിന്‌ യുഎസിലേക്കുള്ള യാത്ര തിരിച്ചു കൽപ്പന.  1983-ലാണ്‌ സർവകലാശാലയിൽ തന്റെ ട്രെയിനറായിരുന്ന ജീൻ പിയർ ഹാരിസണെ വിവാഹം കഴിച്ചത്‌. ഇതിനുശേഷം കൽപനയ്ക്ക്‌ 1991-ൽ അമേരിക്കൻ പൗരത്വം ലഭിച്ചു. 1984-ൽ പഠനം പൂർത്തിയാക്കിയശേഷം 1988-ൽ ഇതേ വിഷയത്തിൽ കോളറാഡോ സർവകലാശാലയിൽ നിന്ന്‌ പിഎച്ച്‌.ഡി കൂടി കരസ്ഥമാക്കി.

 2003 ഫെബ്രുവരി ഒന്നാം തീയതി ഫ്ലോറിഡയിലെ കെന്നഡി സ്പേസ്‌ സെന്ററിൽ തിരിച്ചിറങ്ങേണ്ടിയിരുന്ന ബഹിരാകാശ വാഹനം ഭൂമിയിലിറങ്ങാൻ വെറും 63 കി.മി ഉയരത്തിൽ, 16 മിനിറ്റ്‌ മാത്രം ശേഷിക്കെ പെട്ടന്ന്‌ തന്നെ ആകാശമധ്യത്തിൽ ഒരു തീഗോളമായി മാറി. ടെക്സാസിന്റെ നീലാകാശത്ത്‌ വെച്ച്‌ രണ്ടായി പിളർന്നു.  ചരിത്രം സൃഷ്ടിച്ച ആ ബഹിരാകാശ വാഹനം അഞ്ചു മിനിട്ടിനുള്ളിൽ ആയിരക്കണക്കിന്‌ കഷണങ്ങളായി പൊട്ടിച്ചിതറി. അങ്ങനെ കീഴടക്കാൻ ആഗ്രഹിച്ച ആകാശം തന്നെ കൽപ്പനയുടെ അന്ത്യവിശ്രമസ്ഥലമായി.  ഇന്ത്യയിലെ ഒരു സാധാരണ പ്രദേശത്തുനിന്നും നേട്ടങ്ങളിലേക്ക്‌ കുതിച്ചുയർന്ന ഈ ഹരിയാനകാരി ജീവിതത്തിൽ വിജയം മോഹിക്കുന്ന മുഴുവൻ ഇന്ത്യക്കാർക്കും വഴികാട്ടിയാകുന്നു.

No comments:

Post a Comment