Wednesday, 21 March 2018

ഒന്നരലക്ഷം പേര്‍ക്ക് കൈറ്റിന്റെ ഹൈടെക് പരിശീലനം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ് മുറികള്‍ ഹൈടെക് ആകുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ മാസത്തോടെ ഒരു ലക്ഷം അദ്ധ്യാപകര്‍ക്കും അരലക്ഷം ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബിലെ കുട്ടികള്‍ക്കും പ്രത്യേക ഐ.ടി. പരിശീലനങ്ങള്‍ നല്‍കുന്നതിനുള്ള വിശദാംശങ്ങള്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പ്രസിദ്ധീകരിച്ചു.

    ഹൈസ്‌ക്കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 56000ത്തോളം അദ്ധ്യാപകര്‍ക്ക് നല്‍കുന്ന നാലു ദിവസത്തെ പരിശീലനം ഏപ്രില്‍ 21 ന് ആരംഭിക്കും.  മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, ഫിസിക്കല്‍ സയന്‍സ്, ബയോളജി, സോഷ്യല്‍ സയന്‍സ്, അറബിക്, സംസ്‌കൃതം, ഉറുദു, തമിഴ്, കന്നട, കലാകായികതൊഴില്‍ പരിചയം എന്നിങ്ങനെ പതിമൂന്ന് മേഖലകളിലും പ്രത്യേകമായാണ് പരിശീലനങ്ങള്‍ നല്‍കുന്നത്.  28000ത്തോളം വരുന്ന ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപകര്‍ക്കുള്ള നാല് ദിന പരിശീലനം മെയ് 7 മുതല്‍ ആരംഭിക്കും.  ഫിസിക്‌സ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഗണിതം, ജിയോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ പതിനാല് മേഖലകളിലാണ് വ്യത്യസ്ത പരിശീലനങ്ങള്‍.

   
ഹൈടെക് ക്ലാസ്‌റൂം വിനിമയം നടത്തുന്നതിന് എല്ലാ അദ്ധ്യാപകരേയും അവരുടെ വിഷയങ്ങളില്‍ പ്രാപ്തരാക്കുന്ന തരത്തിലാണ് പരിശീലനത്തിന്റെ ഉള്ളടക്കം. ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബുകളുടെ ചുമതലയുള്ള അദ്ധ്യാപകരായ 3980 'കൈറ്റ് മാസ്റ്റേഴ്‌സി'ന് രണ്ടു ദിവസത്തെ പരിശീലനം ഏപ്രില്‍ 3, 4 തീയതികളില്‍ നല്‍കും.  ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബിലെ 50000 കുട്ടികള്‍ക്കുള്ള ദ്വിദിന പരിശീലനം മെയ് 21 മുത
ല്‍ ആരംഭിക്കും.

    പ്രൈമറി-അപ്പര്‍ പ്രൈമറി സ്‌കൂളുകളിലെ 9000 സ്‌കൂള്‍ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ഏപ്രില്‍ 12 മുതല്‍ 20 വരെയുള്ള കാലയളവില്‍ രണ്ടു ബാച്ചുകളിലായി നാല് ദിവസത്തെ ഐ.ടി. പരിശീലനം നല്‍കും.

    പരിശീലനങ്ങളില്‍ പങ്കെടുക്കുന്ന ഹൈസ്‌ക്കൂള്‍ അദ്ധ്യാപകര്‍ക്ക് താല്പര്യമുള്ള കേന്ദ്രവും, ബാച്ചും തെരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് വെബ്‌സൈറ്റിലെ 'ട്രെയിനിംഗ് മാനേജ്‌മെന്റ്' വിഭാഗത്തില്‍ ഇന്ന് മുതല്‍ ലഭ്യമാണെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.  ആദ്യമായി ഏര്‍പ്പെടുത്തുന്ന ഈ സംവിധാനം വഴി അദ്ധ്യാപകര്‍ക്ക് ഏത് ജില്ലയിലും പരിശീലനത്തില്‍ പങ്കെടുക്കാം.  ഓരോ ബാച്ചിലേയും നിശ്ചിത എണ്ണത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അവസരം നല്‍കും.  ഇപ്രാവശ്യം പരിശീലനത്തിന് ആദ്യമായി ഒരു പരിശീലനാര്‍ത്ഥിക്ക് ഒരു കമ്പ്യൂട്ടര്‍ എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്.  വിവിധ ജില്ലകളിലെ 656 പരിശീലന കേന്ദ്രങ്ങളിലായി 16400 പേര്‍ക്ക് ഒരേ സമയം പരിശീലനം നല്‍കാനുള്ള ലാപ്ടോപ്പുകള്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സംവിധാനങ്ങളും കൈറ്റ് ഏര്‍പ്പെടുത്തി.  സര്‍ക്കുലറുകള്‍ www.kite.kerala.gov.in ല്‍ ലഭ്യമാണ്.

No comments:

Post a Comment