Saturday, 30 June 2018

ലിറ്റില്‍ കൈറ്റ്‌സി'ല്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ അനുമതി


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ രൂപീകരിച്ച 'ലിറ്റില്‍ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബുകളില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സര്‍ക്കുലര്‍ പുറത്തിറക്കി.  ഒരു വിദ്യാലയത്തില്‍ നിന്ന് 'ലിറ്റില്‍ കൈറ്റ്‌സ്' അംഗങ്ങളായി തെരഞ്ഞെടുത്ത കുട്ടികള്‍ വിടുതല്‍ വാങ്ങി മറ്റ് വിദ്യാലയങ്ങളില്‍ പുതുതായി ചേരുമ്പോള്‍ അവര്‍ക്ക് ആ വിദ്യാലയത്തില്‍ അംഗത്വം നല്‍കാം.  നിലവിലുള്ള ഉത്തരവുകള്‍ക്കും സമീപനരേഖയ്ക്കും വിധേയമായി കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്തേണ്ട വിദ്യാലയങ്ങള്‍ 30നകം കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് അപേക്ഷ നല്‍കണം.
    നിലവില്‍ 1990 സ്‌കൂളുകളിലായി അമ്പതിനായിരത്തോളം കുട്ടികളാണ് 'ലിറ്റില്‍ കൈറ്റ്‌സ്' പദ്ധതിയില്‍ അംഗത്വമെടുത്തിട്ടുള്ളത്. അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുത്ത ഈ കുട്ടികള്‍ക്ക് പ്രാഥമിക പരിശീലനം മലപ്പുറം, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം പൂര്‍ത്തിയാകും.
    'ലിറ്റില്‍ കൈറ്റ്‌സ്' അഭിരുചിപരീക്ഷ ജൂലൈ രണ്ടിന് നടത്തുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.  തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ വിവരം ജൂലൈ അഞ്ചിനകം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണം.

No comments:

Post a Comment