Friday 20 July 2018

സ്‌കൂള്‍വിക്കി: മികച്ച സ്‌കൂളിന് ഒരു ലക്ഷം രൂപയുടെ ശബരീഷ് സ്‌മാരകഅവാര്‍ഡ്


സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളെയും ബന്ധിപ്പിച്ച് ഐ.ടി@സ്‌കൂള്‍ നടപ്പാക്കിയ സ്കൂള്‍വിക്കി പദ്ധതിയിലെ ഏറ്റവും മികച്ച സ്‌കൂളിന്  കെ. ശബരീഷ് സ്‌മാരക അവാര്‍ഡ് നല്‍കുമെന്ന് കൈറ്റ് വൈസ്ചെയര്‍ കെ.അന്‍വര്‍സാദത്ത് പറഞ്ഞു. ഒരു ലക്ഷംരൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഇതോടൊപ്പം ഓരോ ജില്ലയിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്‌കൂളുകള്‍ക്ക് സ്‌കൂള്‍വിക്കി അവാര്‍ഡും നല്‍കും. യഥാക്രമം 10000, 5000 രൂപയും പ്രശസ്തിപത്രവുമാണ് ജില്ലയിലെ ഒന്നുംരണ്ടും സ്ഥാനക്കാര്‍ക്ക് ലഭിക്കുക. സ്‌കൂള്‍വിക്കി പേജുകളിലെ 2018 ജൂലായ് 30 വരെയുള്ള വിവരങ്ങളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. കൈറ്റ്(മുന്‍ ഐ.ടി@സ്‌കൂള്‍ പ്രൊജക്ട്) 2009 ല്‍ സ്‌കൂള്‍വിക്കി എന്ന ആശയം സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്നതില്‍ പ്രധാനചുമതല വഹിച്ച അധ്യാപകനാണ് മലപ്പുറം കൈറ്റ് മാസ്റ്റര്‍ട്രെയിനായി പ്രവര്‍ത്തിച്ചിരുന്ന ശ്രീ. ശബരീഷ്. സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്രചാരകന്‍, മലയാളം വിക്കിപീഡിയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശബരീഷിന്റെ അനുസ്‌മരണ ചടങ്ങില്‍ മലപ്പുറത്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഒന്ന് മുതൽ പന്ത്രണ്ടു വരെയുള്ള പതിനയ്യായിരത്തോളം സ്‌കൂളുകളെ കൂട്ടിയിണക്കി   ഐ.ടി@സ്‌കൂള്‍ പ്രോജക്‌‌ട് ആരംഭിച്ച പദ്ധതിയായ 'സ്‌കൂൾ വിക്കി'  വിക്കിപീഡിയ മാതൃകയിൽ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും പൊതുജനങ്ങളുടേയുമെല്ലാം പങ്കാളിത്തത്തോടെയുള്ള ഉള്ളടക്ക ശേഖരണമാണ്. പൂർണമായും മലയാളത്തിൽ തയ്യാറാക്കിയതാണ്  'സ്കൂൾവിക്കി'. 2017 മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവരചനാമത്സരങ്ങളിലെ മുഴുവന്‍ സൃഷ്ടികളും സ്‌കൂള്‍വിക്കിയില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയിട്ടുണ്ട്.

ഓരോ വിദ്യാലയങ്ങള്‍ക്കും അവരെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങളും അതാത് സ്കൂളിന്റെ ചരിത്രവും സ്കൂൾവിക്കിയിൽ ലഭ്യമാണ്.  പ്രമുഖരായ പൂർവവിദ്യാർത്ഥികൾ, സ്‌കൂള്‍ മാപ്പ്, സ്കൂൾ വെബ്‌സൈറ്റ്, ബ്ലോഗുകൾ, വിവിധ ക്ലബ്ബുകൾ, ക്ലാസ് മാഗസിനുകൾ, സ്കൂളുകളില്‍ നടക്കുന്ന ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, വിവിധ മേളകള്‍ എന്നിങ്ങനെയുള്ള വിവരങ്ങളോടൊപ്പം ഇവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം സ്കൂൾ വിക്കിയിൽ നൽകാം. 

സ്‌കൂള്‍വിക്കി പദ്ധതിയില്‍ ആകെ  26,022 പേര്‍ അംഗത്വമെടുത്തിട്ടുണ്ട്.  14858 ലേഖനങ്ങളിലായി 1,09,915 പേജുകള്‍, 44,396 ചിത്രങ്ങള്‍ സ്കൂള്‍വിക്കിയില്‍ ഇതുവരെ ചേര്‍ത്തിട്ടുണ്ട്. 2010 ല്‍ സ്റ്റോക്ക്ഹോം ചാലഞ്ച്  അവാര്‍ഡ്, 2017 ല്‍ 'Social Media for Empowerment' നല്‍കുന്ന sm4e പ്രത്യേകപുരസ്‌കാരം എന്നിവ സ്‌കൂള്‍വിക്കിക്ക് ലഭിച്ചു

സ്‌കൂള്‍വിക്കി അവാര്‍ഡുകള്‍ ആഗസ്ത് മാസം പ്രഖ്യാപിക്കുമെന്ന് കൈറ്റ് വൈസ്‌ചെയര്‍മാനും എക്സിക്യുട്ടീവ് ഡയറക്‌ടറുമായ കെ. അന്‍വര്‍സാദത്ത് അറിയിച്ചു.

മലപ്പുറം കൈറ്റ് ജില്ലാ ആസ്ഥാനത്ത് നടന്ന അനുസ്‌മരണ ചടങ്ങില്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ നിര്‍മ്മലാദേവി, ഹയര്‍സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഷൈലാ റാം മലപ്പുറം വിദ്യാഭ്യാസ ജില്ലാഓഫീസര്‍ ശശിപ്രഭ, കൈറ്റ് ജില്ലാകോര്‍ഡിനേറ്റര്‍ അബ്ദുല്‍ റഷീദ്, എസ്.എസ്.എ ജില്ലാപ്രോജക്ട് ഓഫീസര്‍ നാസര്‍, ആര്‍.എം.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ രത്നാകരന്‍  എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment