Sunday 3 February 2019

'പൊതുവിദ്യാഭ്യാസം വിരൽത്തുമ്പിൽ' സ്‌കൂളുകളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളുമായി കൈറ്റിന്റെ 'സമേതം' പോർട്ടൽ

സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള സർക്കാർ, എയിഡഡ്, അൺ-എയിഡഡ് സ്‌കൂളുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പൊതുജനങ്ങൾക്കും ദൃശ്യമാവുന്ന വിധത്തിൽ 'സമേതം'  ഓൺലൈൻ സ്‌കൂൾ ഡേറ്റാ ബാങ്ക് തയ്യാറായി.  കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ  (കൈറ്റ്) തയ്യാറാക്കിയ പോർട്ടലിൽ സ്‌കൂളുകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ, ഭൗതിക സൗകര്യങ്ങൾ, അധ്യാപകരുടേയും ജീവനക്കാരുടേയും വിശദാംശങ്ങൾ, കുട്ടികളുടെ എണ്ണം,  സ്‌കൂൾ വിക്കിയിലുള്ള താൾ, ലൊക്കേഷൻ തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. www.sametham.kite.kerala.gov.in എന്ന വിലാസത്തിൽ സ്‌കൂളുകൾക്കം പൊതുജനങ്ങൾക്കും ഇന്ന് മുതൽ പോർട്ടലിലെ വിവരങ്ങൾ പരിശോധിക്കാമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ.അൻവർ സാദത്ത് അറിയിച്ചു.  ഫീൽഡിൽ നിന്നുള്ള നിർദേശങ്ങൾ കൂടി ലഭിച്ച് ഫെബ്രുവരി 20 ഓടെ പോർട്ടൽ പൂർണമായും ഔദ്യോഗികമാവും.

  വിവിധ വിഭാഗത്തിലുള്ള സ്‌കൂളുകളെ (പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി) ഒരു ക്യാമ്പസ് എന്ന രൂപത്തിലാണ് 'സമേത'ത്തിൽ നൽകിയിട്ടുള്ളത്.  അടിസ്ഥാന വിവരങ്ങൾ, ഭൗതിക സൗകര്യങ്ങൾ എന്നീ
വിഭാഗങ്ങളിലായി സ്‌കൂളിനെക്കുറിച്ച് യഥാക്രമം 23 ഉം 51 ഉം വിവരങ്ങൾ ഉണ്ട്.  സർക്കാർ-എയിഡഡ് സ്‌കൂളുകളിലെ വിവിധ വിഭാഗങ്ങളിലെ എല്ലാ അധ്യാപകരുടേയും ജീവനക്കാരുടേയും തസ്തികകളും പേരും പ്രത്യേകം നൽകിയിട്ടുണ്ട്.  ഓരോ ക്ലാസിലെയും വിവിധ മീഡിയം തിരിച്ച് കുട്ടികളുടെ എണ്ണം നൽകിയിട്ടുണ്ട്.  സ്‌കൂളിന്റെ ചരിത്രം, വിവിധ ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ, ദിനാചരണങ്ങൾ തുടങ്ങിയവ ചിത്രസഹിതം വിവരിക്കുന്ന സ്‌കൂളിന്റെ 'സ്‌കൂൾ വിക്കി' പേജിലേക്കും സമേതത്തിൽ നിന്നും നേരിട്ട് പ്രവേശിക്കാം.

   'സമേതം' ഹോം പേജിൽത്തന്നെ കേരളത്തിലെ സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് മേഖലകളിലെ 5 വിഭാഗം സ്‌കൂളുകളുടെയും തരംതിരിച്ചിട്ടുള്ള എണ്ണം, കുട്ടികളുടെ എണ്ണം സർക്കാർ-എയ്ഡഡ് മേഖലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം എന്നിങ്ങനെ തരംതിരിച്ച് നൽകിയിട്ടുണ്ട്.  ഉപയോക്താക്കൾക്ക് സഹായകമാകുന്നവിധം യൂസർഗൈഡും, വീഡിയോ ട്യൂട്ടോറിയലും ഈ പേജിൽത്തന്നെയുണ്ട്.

   പ്രത്യേകം ലോഗിൻ ചെയ്യാതെ തന്നെ വിഭാഗങ്ങൾ തിരിച്ചും ജില്ല തിരിച്ചും സ്‌കൂളുകളുടെ പേജിലേക്കെത്താം. ഇനി അല്ലാതെ ഒരു സ്‌കൂളിന്റെ പേരോ, സ്‌കൂൾ കോഡോ, സ്ഥലത്തിന്റെ പേരോ 'സേർച്ച്' ഭാഗത്ത് നൽകിയും സ്‌കൂളുകളിലെത്താം.  ജില്ല, പാർലമെന്റ്-അസംബ്ലി മണ്ഡലങ്ങൾ, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസ ജില്ല, ഉപജില്ല എന്നിങ്ങനെ തരംതിരിച്ച് ആ പരിധിയിൽ വരുന്ന സ്‌കൂളുകളെ മുഴുവനായും അഡ്വാൻസ്ഡ് സേർച്ചിലൂടെ കണ്ടെത്താം. സ്‌കൂളുകൾക്കും രക്ഷകർക്കാക്കൾക്കും മാത്രമല്ല എല്ലാ വിഭാഗം ജനപ്രതിനിധികൾക്കും വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥർക്കും, ഗവേഷകർക്കുമെല്ലാം ഒരുപോലെ പ്രയോജനപ്പെടുന്ന വിധമാണ് സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തി 'സമേത'ത്തിൽ വിവരങ്ങൾ നൽകിയിട്ടുള്ളത്.  ഡാറ്റ ലഭിക്കുന്നതിനായി വിവിധ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഇതുവഴി ഇല്ലാതാകും എന്ന് മാത്രമല്ല വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും 'സമേതം' വഴി സാധിക്കും. കേരളത്തിൽ പൊതുഡൊമൈനിൽ ലഭ്യമാകുന്ന ഏറ്റവും ബൃഹത്തായ ഡാറ്റാ ബാങ്കാണ് 'സമേതം'
'സമേതം' പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.  'സമേത'ത്തിനായി സ്‌കൂളുകൾ പ്രത്യേക വിവരം നൽകേണ്ടതില്ല.  ഹൈസ്‌കൂൾ വരെയുള്ള വിവരങ്ങൾ 'സമ്പൂർണ' സോഫ്റ്റ്‌വെയറിൽ നിന്നും, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളുടെ വിവരങ്ങൾ അവരുടെ അഡ്മിഷൻ പോർട്ടലിൽ നിന്നുമാണ്  സമേതത്തിൽ എടുക്കുന്നത്.  അധ്യാപകരുടേയും ജീവനക്കാരുടേയും വിവരങ്ങൾ പൂർണമായും ധനവകുപ്പിന്റെ 'സ്പാർക്ക്' പോർട്ടലിൽ നിന്നാണ്.  അതിനാൽ 'സമേതം' പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ സമ്പൂർണ, സ്പാർക്, അഡ്മിഷൻ പോർട്ടൽ എന്നിവിടങ്ങളിൽ സ്‌കൂളുകൾ നടത്തണമെന്നും ഇത് വകുപ്പുദ്യോഗസ്ഥർ പ്രത്യേകം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സർക്കാർ ഉത്തരവ് നിഷ്‌ക്കർഷിക്കുന്നുണ്ട്

No comments:

Post a Comment