Wednesday 1 May 2019

അധ്യാപകര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം സമാപിച്ചു

സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്)ന്റെ നേതൃത്വത്തില്‍ നാലു ദിവസത്തെ ഐസിടി പരിശീലനം നല്‍കുന്ന പദ്ധതിയുടെ ഒന്നാം ബാച്ച് ജില്ലയില്‍ പൂര്‍ത്തിയായി. പ്രൈമറി-അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ 1890 അധ്യാപകരാണ് 74 കേന്ദ്രങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കിയത്.

ഓരോ അധ്യാപകനും ഓരോ ലാപ്‌ടോപ്പ് എന്ന നിലയില്‍ സ്‌കൂളുകളില്‍ നിലവിലുള്ള 1890
ലാപ്‌ടോപ്പുകള്‍ ഒരേ സമയം പ്രയോജനപ്പെടുത്തി 148 പരിശീലകരെ ഉപയോഗിച്ചാണ് പരിശീലനം നടത്തിയത്. പ്രൈമറി - അപ്പര്‍പ്രൈമറിയുടെ അടുത്ത ബാച്ചുകള്‍ മെയ് രണ്ട്, ഏഴ്, 13 തീയതികളില്‍ നടക്കും. ഹയര്‍ സെക്കന്ററി - വി എച്ച് എസ് ഇ അധ്യാപകര്‍ക്കുള്ള പരിശീലനം മെയ് 13 മുതലും ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലനം മെയ് 17 മുതലും ആരംഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും ഓണ്‍ലൈനായി കേന്ദ്രവും ബാച്ചും തെരഞ്ഞെടുക്കാന്‍ കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്.

8 മുതല്‍ 12 വരെ ക്ലാസ് മുറികള്‍ ഹൈടെക്കായതിന്റെ തുടര്‍ച്ചയായി ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കാന്‍ ജില്ലയില്‍ 5064 ലാപ്ടോപ്പുകള്‍, 5064 സ്പീക്കറുകള്‍, 2228 പ്രൊജക്ടറുകള്‍ തുടങ്ങിയവ ജൂണ്‍ മുതല്‍ ലഭ്യമാക്കുന്ന സാഹചര്യത്തിലാണ് ഫലപ്രദമായ ക്ലാസ്‌റൂം വിനിമയത്തിന് ഐസിടി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അധ്യാപകരെ പര്യാപ്തമാക്കുന്ന വിധം പരിശീലനം ക്രമീകരിച്ചിട്ടുള്ളതെന്ന് കൈറ്റ് വൈസ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

No comments:

Post a Comment