Saturday, 29 May 2021

ശ്രീ. ശിവപ്രസാദ് പാലോട് തയ്യാറാക്കിയ ഒരു പ്രവേശന ഗാനം (NOT OFFICIAL)

അടച്ചിരിപ്പിൻ്റെ ദിനങ്ങൾ തുടരുകയാണ്  സ്കൂൾ തുറക്കൽ സാങ്കേതികമായി മാറിയ ഒരു കാലമാണിത്. പ്രവേശനോത്സവമില്ലാതെ ഇക്കുറിയും അധ്യയന വർഷത്തിലേക്ക് ചുവടു വെക്കുന്ന കൂട്ടുകാരെ സ്വാഗതം ചെയ്യാനായി കുണ്ടൂർകുന്ന് വിപിഎയുപി സ്കൂളിലെ അധ്യാപകനായ ശ്രീ. ശിവപ്രസാദ് പാലോട്  തയ്യാറാക്കിയ ഒരു പ്രവേശന ഗാനം സ്കൂളുകളിൽ അവതരിപ്പിക്കാനായി പങ്കുവെക്കുകയാണ്. 
 
 

ആലാപനം സഞ്ജീവ് അടൂര്‍

പ്രവേശനോത്സവ ഗാനം 2021
(NOT OFFICIAL)

ശിവപ്രസാദ് പാലോട്
വിപിഎയുപിഎസ് കുണ്ടൂര്‍ക്കുന്ന്


അക്ഷരമധുരം നുകരാനെത്തും
കുഞ്ഞിക്കുരവികളേ,

മാനം നിറയെ പാറാന്‍ വെമ്പും
ഒാമല്‍ പൂമ്പാറ്റകളേ,

ചിരി തൂകീടുക നിങ്ങള്‍,
ചുവടുകള്‍ വയ്ക്കുക നിങ്ങള്‍

പുതു വിദ്യാവര്‍ഷത്തിരുമുറ്റത്തായ്
സ്വാഗതമോതാം ഞങ്ങള്‍
നിറ സ്വാഗതമോതാം ഞങ്ങള്‍ (2)

(അക്ഷരമധുരം )

അടച്ചിരിപ്പിന്നഴലുകള്‍ വെടിയാം
പുലരിയെ വരവേല്‍ക്കാം

തുറന്നു വയ്ക്കാം കണ്ണുകള്‍ കാതുകള്‍
മനസ്സിലീ ഭൂവാകെ, മനസ്സിലീ ഭൂവാകെ,
അതിരുകളില്ലായറിവിന്‍ വഴിയില്‍
കതിരുകളായ് വിളയാം

അകന്നിരിക്കുകയല്ലാ നമ്മള്‍
അടുത്തിരിപ്പവരല്ലോ
ഹൃത്താലടുത്തിരിപ്പവരല്ലോ (2)

                          (അക്ഷരമധുരം )
സ്നേഹം , മാനവ  സാഹോദര്യം
എന്നും പുലരാനായ്

കനിവും ദയയും  ജീവിത വ്രതമായ്
വന്നു ഭവിക്കാനായ്

മലയാളത്തിന്‍ മഹിമയതെന്നും
പാരില്‍ നിലനിര്‍ത്താന്‍
അണയുക കുഞ്ഞിച്ചിറകുകളേ
അണയുക വാര്‍മഴ വില്ലുകളേ..
അണയുക വന്നീ വിദ്യാവൃക്ഷ
ത്തണലിലിരിക്കൂ നിത്യം
തണലിലിരിക്കൂ നിത്യം
(2)                             
  (അക്ഷരമധുരം )

No comments:

Post a Comment