Monday, 13 June 2016

ജൂണ്‍ 14 ലോക രക്തദാന ദിനം


ലോക രക്തദാന ദിനമാണ് ജൂണ്‍ 14.

സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം. രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല.

അതിനാല്‍ ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കില്‍ മറ്റൊരാളിന്‍റെ രക്തം മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതാണ് രക്തദാനത്തിന്‍റെ പ്രസക്തി.



മനുഷ്യ രക്തത്തിനു പകരമായി മറ്റൊന്നില്ല. അപകടങ്ങള്‍ നടക്കുമ്പോഴും ശസ്ത്രക്രിയാവേളയിലും പ്രസവസംബന്ധമായ രക്തസ്രാവമുണ്ടാകുമ്പോഴുമൊക്കെ, രക്തം കൂടിയേ തീരൂ. രക്താര്‍ബുദ ചികിത്സയിലും അവയവങ്ങള്‍ മാറ്റി വെക്കുമ്പോഴും രക്തസംബന്ധമായ അസുഖങ്ങള്‍ക്കും രക്തം ജീവന്‍രക്ഷാമാര്‍ഗമാകുന്നു

18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തദാനം ചെയ്യാവുന്നതാണ്. ജന്‍‌മദിനമോ വിവാഹവാര്‍ഷികദിനമോ പോലുള്ള വിശേഷ ദിനങ്ങളില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പുണ്യകര്‍മ്മമാണിത്. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നു.

അപകടങ്ങളാലും രോഗങ്ങളാലും മരണാസന്നരായ രോഗികള്‍ക്ക് ആവശ്യാനുസരണം രക്തം കിട്ടുവാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്; പ്രത്യേകിച്ചും ചില അപൂര്‍വ രക്തഗ്രൂപ്പുകള്‍. പണം വാങ്ങി രക്തം വില്‍ക്കുന്ന നടപടി ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സ്വമേധയാ ദാനം ചെയ്യുന്ന രക്തം മാത്രമേ ഇന്ന് രക്തബാങ്കുകളില്‍ സ്വീകരിക്കുകയുള്ളു.

പ്രായപൂര്‍ത്തിയായ ഒരാളിന്‍റെ ശരീരത്തില്‍ ശരാശരി 5 ലിറ്റര്‍ രക്തം ഉണ്ടാകും. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാധാരണ 350 മില്ലി ലിറ്റര്‍ രക്തമാണ് ശേഖരിക്കുന്നത്. രക്തം ദാനം ചെയ്താല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം പുതുതായി ശരീരം ഉല്‍പ്പാദിപ്പിക്കും.

അതിനാല്‍ രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. മലേറിയ, എച്ച്.ഐ.വി., മഞ്ഞപ്പിത്തം, സിഫിലിസ്, എന്നീ രോഗങ്ങളില്ല എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമേ രക്തബാങ്കുകളിലൂടെ രക്തം നല്‍കുകയുള്ളു.

No comments:

Post a Comment