Saturday, 6 August 2016

ഇന്ന് എസ്.കെ. പൊറ്റക്കാട് ചരമദിനം


   സഞ്ചാരസാഹിത്യത്തിനു് അർത്ഥപൂർണ്ണമായ ഒരു മുഖം നൽകുകയും അതിനെ ജനലക്ഷങ്ങളുടെ പ്രിയതരമായ ഒരു സാഹിത്യശാഖയാക്കുകയും ചെയ്ത മഹാനായ സാഹിത്യകാരനാണു് ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാടു് എന്ന എസ്.കെ.പൊറ്റക്കാടു്. സഞ്ചാര സാഹിത്യകാരൻ എന്നതിനോടൊപ്പം, അല്ലെങ്കിൽ അതിലുമേറെ, ഔന്നത്യം നിറഞ്ഞ ഒരു നോവലിസ്റ്റും കഥാകാരനും തിരക്കഥാകാരനും രാഷ്ട്രീയസാമൂഹ്യപ്രവർത്തകനും ഒക്കെ ആയിരുന്നു അദ്ദേഹം. മലയാളത്തിലേക്കു് ജ്ഞാനപീഠപുരസ്കാരം രണ്ടാമതു കൊണ്ടുവന്ന മഹദ്‌വ്യക്തിത്വം. ആദ്യമായി തെരഞ്ഞെടുപ്പിൽ നേരിട്ടു് പങ്കെടുത്തു വിജയംവരിച്ച കേരളത്തിലെ ആദ്യസാഹിത്യകാരൻ. അങ്ങനെ ബഹുമുഖമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും വ്യക്തിത്വവും സംഭാവനകളും.

ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്ന പൊറ്റെക്കാടു് കുഞ്ഞിരാമന്റെയും മുണ്ടയോടു് ചാലിൽ കുട്ടൂലിയുടെയും മകനായി 1913 മാർച്ച് 14നു് കോഴിക്കോട്ടായിരുന്നു അദ്ദേഹം ജനിച്ചതു്. കോഴിക്കോടു് നഗരം സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം, അതിനു ശേഷം കോഴിക്കോടു് ചാലപ്പുറം ഗണപതി സ്കൂളിലും സാമൂതിരി സ്കൂളിലുമായി സ്കൂൾ പഠനം. 1930ൽ സിക്സ്ത് ഫോം പാസ്സായ അദ്ദേഹം പിന്നീടു് കോഴിക്കോടു് സാമൂതിരി കൊളേജിൽ നിന്നും ഇന്റർമീഡിയറ്റും നേടിയ ശേഷം കോഴിക്കോട്ടെ നാഷണൽ ഗുജറാത്തിവിദ്യാലയത്തിൽ ഇംഗ്ലീഷു്, മലയാളം വിഭാഗത്തിന്റെ അദ്ധ്യാപകനായി മൂന്നു വർഷത്തോളം പ്രവർത്തിച്ചു.


    സ്വാതന്ത്ര്യസമരം തീക്ഷ്ണമായി നിന്നിരുന്ന ആ കാലയളവിൽ അദ്ദേഹം അതിൽ സജീവമായി പങ്കെടുത്തു തുടങ്ങി. 1939 -ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ത്രിപുര സമ്മേളനത്തിൽ പങ്കെടുക്കാനായി ജോലി രാജിവെച്ചു. പിന്നീടു് ഒരു സഞ്ചാരിയുടെ ജീവിതം ആയിരുന്നു അദ്ദേഹത്തിന്റേതു് എന്നു പറയുകയാവും ശരി. 1941 ൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്തു. 1942ലെ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട ചില രഹസ്യപ്രവർത്തനങ്ങളെത്തുടർന്നു് പോലീസിനെ ഒളിച്ചു് ഒരു ബോംബേ യാത്ര. ബോംബെയിൽ ടെക്സ്റ്റൈൽ കമ്മീഷ‌ണറുടെ ഓഫീസിൽ ഗുമസ്തനായി 1944 വരെ ജോലി ചെയ്തു. 1944 ൽ കാഷ്മീർ, ഹിമാലയപ്രദേശങ്ങളിലേക്കു് യാത്ര നടത്തി. 1945ൽ തിരികെ കോഴിക്കോട്ടു വന്നു - പുതിയറയിൽ “ചന്ദ്രകാന്തം” എന്ന വീടു് പണിഞ്ഞു താമസമായി. മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ വിലാസം അതു തന്നെയായിരുന്നു. 1949 പകുതിയോടെ 18 മാസം നീണ്ട ആഫ്രിക്കൻ, യൂറോപ്പ് പര്യടനം തുടങ്ങി. പിന്നീടുള്ള മൂന്നു പതിറ്റാണ്ടിൽ അദ്ദേഹം ലോകത്തിന്റെ പല കോണുകളിലേക്കും നടത്തിയ യാത്രകളുടെ തുടക്കമായിരുന്നു അതു്. 1980ൽ മദ്ധ്യപൂർവ്വേഷ്യയിൽ നടത്തിയ യാത്ര വരെ അതു തുടർന്നു.

താൻ യാത്ര ചെയ്യുന്ന ഓരോ സ്ഥലത്തും കണ്ട കാഴ്ചകളെപ്പറ്റി എഴുതുക, അവിടത്തെ സ്മാരകങ്ങളെപ്പറ്റി പറയുക എന്നതു മാത്രമായിരുന്നില്ല പൊറ്റെക്കാടിന്റെ യാത്രാവിവരണവും സഞ്ചാരസാഹിത്യവും. ആ സ്ഥലങ്ങളിലെ ജീവിതത്തിന്റെ ഒരു നേർക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ഓരോ കുറിപ്പുകളും. അവിടങ്ങളിലെ സാധാരണമനുഷ്യരുമായി ഇടപഴകിയതിന്റെ അനുഭവങ്ങൾ സ്വതഃസിദ്ധമായ നർമ്മത്തിൽ ചാലിച്ചെഴുതുക എന്നതായിരുന്നു ആ യാത്രാവിവരണങ്ങളുടെ മുഖമുദ്ര. ലോകത്തിന്റെ പലഭാഗങ്ങളിലെ അറിഞ്ഞതും അറിയപ്പെടാത്തതുമായ ഇടങ്ങളിലേക്കു് വിവിധയാത്രാമാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ചു് ആ വിശേഷങ്ങൾ ആവോളം വിശദീകരിച്ച അദ്ദേഹത്തിന്റെ ആദ്യത്തെ യാത്രാഗ്രന്ഥം 1947ൽ പുറത്തിറങ്ങിയ “കാഷ്മീർ” ആയിരുന്നു. പിന്നീടു് ‘നൈൽഡയറി’, ‘യൂറോപ്പിലൂടെ’, ‘പാതിരാസൂര്യന്റെ നാട്ടിൽ’, ‘ബാലിദ്വീപു് ’, ‘ലണ്ടൻ നോട്ട് ബുക്കു്’, ‘സിംഹഭൂമി’ തുടങ്ങി 1977 ൽ പ്രസിദ്ധീകരിച്ച “സഞ്ചാരസാഹിത്യ”ത്തിന്റെ മൂന്നു വോള്യങ്ങളുൾപ്പെടെ 20ൽ‌പ്പരം സഞ്ചാരസാഹിത്യകൃതികളാണു് അദ്ദേഹത്തിന്റേതായി ഇറങ്ങിയിട്ടുള്ളതു്.

യാത്രാവിവരണമണ്ഡലം അദ്ദേഹത്തിന്റെ സാഹിത്യപ്രവർത്തനങ്ങളുടെ ഒരു വശം മാത്രമായിരുന്നു. അതിലേറെ വൈവിദ്ധ്യം നിറഞ്ഞ, ഭാവനാസമ്പൂർണ്ണമായ സാഹിത്യയാത്രകളായിരുന്നു അദ്ദേഹത്തിന്റെ അടുത്ത മണ്ഡലം. 1937ൽ പുറത്തു വന്ന “വല്ലികാദേവി” യാണു് പൊറ്റെക്കാടിന്റെ ആദ്യനോവൽ. 1942ൽ പ്രസിദ്ധീകരിച്ച “നാടൻപ്രേമം”എന്ന ചെറുനോവൽ പ്രസിദ്ധീകരിക്കപ്പെട്ടതൊടെ അദ്ദേഹം നോവൽസാഹിത്യരംഗത്തു പ്രസിദ്ധനായി, മലയാളത്തിലെ പ്രശസ്തരായ മറ്റെഴുത്തുകാർക്കൊപ്പം അദ്ദേഹത്തിനു സ്ഥാനം കിട്ടി. 1948ൽ ‘വിഷകന്യകയും’ 1960ൽ ‘ഒരു തെരുവിന്റെ കഥയും’ വന്നതോടെ നോവൽസാഹിത്യരംഗത്തു് അദ്ദേഹത്തിനു് സ്വന്തമായ ഒരു സ്ഥാനം ലഭിച്ചു. 1971 ൽ പുറത്തു വന്ന 'ഒരു ദേശത്തിന്റെ കഥ'യാണു് അദ്ദേഹത്തിന്റെ എറെ പ്രശസ്തമായ നോവൽ. ഈ നോവലിനാണു് രാജ്യത്തെ പരമോന്നതമായ സാഹിത്യപുരസ്കാരമായ ജ്ഞാനപീഠം അദ്ദേഹത്തിനു ലഭിക്കുന്നതു് (1980). ആകെ പത്തു നോവലുകളും ഇരുപത്തഞ്ചിലേറെ ചെറുകഥാസമാഹാരങ്ങളും, പ്രഭാതകാന്തി, സഞ്ചാരിയുടെ ഗീതങ്ങൾ, പ്രേമശില്പി ഉൾപ്പെടെ കവിതാ സമാഹാരങ്ങളും ധാരാളം ലേഖനങ്ങളും എതാനും നാടകങ്ങളും ഉൾപ്പെടുന്നതാണു് അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകൾ.

1963 ലാണു് അദ്ദേഹത്തിന്റെ “മൂടുപടം” എന്ന നോവലിനു് ചലച്ചിത്രരൂപം ഉണ്ടാവുന്നതു്. പിന്നീടു് വന്ന നാടൻ പ്രേമം (1972), പുള്ളിമാൻ (1972), ഞാവൽ‌പ്പഴങ്ങൾ (1976), താല (1988), കടവു് (1991) എന്നീ ചലച്ചിത്രങ്ങളുടെ കഥ പൊറ്റെക്കാടിന്റെയാണു്.

രാഷ്ട്രീയത്തിലും അദ്ദേഹം വ്യാപൃതനായിരുന്നു. തെരഞ്ഞെടുപ്പിലൂടെ ലോക്സഭയിലെത്തിയ അപൂർവ്വം സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം - 1962-ൽ തലശ്ശേരി ലോകസഭാമണ്ഡലത്തിൽ നിന്നു് ശ്രീ സുകുമാർ അഴീക്കോടിനെ പരാജയപ്പെടുത്തി എം

“ഒരു തെരുവിന്റെ കഥയ്ക്കു്” ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡു്, “ഒരു ദേശത്തിന്റെ കഥയ്ക്കു്” ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡു്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡു് കൂടാതെ ജ്ഞാന പീഠം അവാർഡു് എന്നിവ അദ്ദേഹത്തിനു ലഭിച്ച പ്രധാനപുരസ്കാരങ്ങളിൽ‌പ്പെടുന്നു.

യാത്രാ വിവരണസാഹിത്യരംഗത്തും കഥാ,നോവൽസാഹിത്യരംഗങ്ങളിലും അനന്യമായ സ്ഥാനം നേടിയ, മലയാളസാഹിത്യരംഗത്തെ ഈ കുലപതി 1982 ആഗസ്റ്റ് 6 നു് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഭാര്യ പരേതയായ ശ്രീമതി ജയവല്ലി. ഈ ദമ്പതികൾ‌ക്കു് രണ്ടു് ആൺ‌മക്കളും, രണ്ടു് പെൺ‌മക്കളും ആണുള്ളതു് - ജ്യോതീന്ദ്രൻ, പരേതനായ ജയദേവൻ, സുമംഗലി, സുമിത്ര എന്നിവർ.
.പിയായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാ‍തെ കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, സാ‍ഹിത്യപ്രവർത്തകസഹകരണസംഘം, തുഞ്ചൻ സ്മാരകസമിതി എന്നിങ്ങനെ സാംസ്കാരിക, സാമൂഹ്യരംഗങ്ങളിലെ പ്രശസതമായ ഒട്ടനവധി സമിതികളിൽ അദ്ദേഹം ഭാരവാഹിയായിരുന്നു.

No comments:

Post a Comment