Saturday, 6 August 2016

ഹിരോഷിമ നാഗസാക്കി സ്കൂളുകളില്‍


  സാധാരണക്കാരിൽ സാധാരണക്കാരായ പതിനായിരക്കണക്കിന് മനുഷ്യർ നിസഹായരായി മരണത്തിന് കീഴടങ്ങിയതിന്റെ 71-ആം വാർഷികമാണ് ഇന്ന്. ഹിരോഷിമയിൽ 'ലിറ്റിൽ ബോയ്' എന്ന് നാമകരണം ചെയ്യപ്പെട്ട ആണവായുധം അമേരിക്ക പ്രയോഗിച്ചതിന്റെ ഫലമായി ഒന്നര ലക്ഷത്തിനടുത്ത് മനുഷ്യരാണ് നരകിച്ച് മരിച്ചത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവായുധപ്രയോഗത്തിന്റെ ഫലമായുണ്ടായ മാരകവികിരണങ്ങൾ തുടർന്നുള്ള തലമുറകളെയും വെറുതെ വിട്ടില്ല. വിവിധ  വൈകല്യങ്ങളോടെയാണ് കുട്ടികൾ ജനിച്ചു വീണത്. 

ശാസ്ത്രസിദ്ധാന്തങ്ങൾ മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്ന വിധത്തിലാണ് പ്രയോഗത്തിൽ വരുത്തേണ്ടത്. ആവിയന്ത്രം, വാക്സിനുകൾ, ആന്റിബയോട്ടിക്കുകൾ, റ്റെലഫോണ്‍, ഇന്റർനെറ്റ് തുടങ്ങിയ ശാസ്ത്രസംഭാവനകൾ മനുഷ്യജീവിതത്തെ സുഗമമാക്കുകയും മനുഷ്യരാശിയുടെ നിലനില്പിനെ സഹായിക്കുകയുമാണുണ്ടായത്. എന്നാൽ രാസ-ജൈവ-ആണവായുധങ്ങൾ, അന്തകവിത്ത് തുടങ്ങിയവയാകട്ടെ, ലാഭേച്ഛയാൽ വികസിതമാകുന്ന ശാസ്ത്രപ്രയോഗങ്ങളാണെന്നത് കൊണ്ടുതന്നെ പ്രകൃതിക്കും, മനുഷ്യരാശിയുടെ നിലനില്പിനും ഭീഷണി ഉയർത്തുന്നു.

ഹിരോഷിമയും നാഗസാക്കിയും നമുക്ക് നൽകുന്നത് വലിയൊരു പാഠമാണ്. ആണവായുധങ്ങൾക്കെതിരെ മാത്രമല്ല ജനങ്ങൾ ഒരുമിക്കേണ്ടത്. ശാസ്ത്രത്തിന്റെ ദുരുദ്ദേശപരമായ പ്രയോഗങ്ങളെയും എതിർത്തു തോല്പിക്കേണ്ടതുണ്ട്. അധികാര-ധന ലാഭേച്ഛകളായിരിക്കരുത് ശാസ്ത്രത്തിനെ മുന്നോട്ട് നയിക്കേണ്ട ചാലകശക്തി. കാലാവസ്ഥാ വ്യതിയാനം പോലെ മനുഷ്യരാശി നേരിടുന്ന ഭീഷണികൾക്ക് നേരെയുള്ള ചെറുത്തുനില്പ് ശക്തിപ്പെടുത്തുവാൻ വേണ്ടിയാണ് ശാസ്ത്രം പ്രയോഗിക്കേണ്ടത്.

സമ്പൂർണ ആണവ നിരായുധീകരണം ലോകസമാധാനത്തിന് അനിവാര്യമാണ്. ഇനിയൊരു ഹിരോഷിമയോ നാഗസാക്കിയോ ആവർത്തിക്കുവാൻ നാം അനുവദിക്കരുത്. ശാസ്ത്രം സമാധാനത്തിന് വേണ്ടി നിലകൊള്ളട്ടെ.


യുദ്ധ വിരുദ്ധ പോസ്റ്ററുകൾ.. 
യുദ്ധം തുലയട്ടെ  സമാധാനം പുലരട്ടെ ! 
വാളും ബോംബും വേണ്ടാ : 
സ്നേഹം നമുക്ക് ആയുധം  
ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട !
ആറ്റംബോബുകൾ വേണ്ടേ വേണ്ട !
യുദ്ധമുള്ളിടം നരകം
സമാധാനമുള്ളിടം സ്വർഗം !
യുദ്ധം സർവനാശം


 ഹിരോഷിമ മുദ്രാഗീതം
രചന ഷീജ. ബി.ജി , (ടീച്ചർ,  കുന്നുവാരം യു.പി.എസ് ആറ്റിങ്ങൽ)

ആഗസ്റ്റാറിനിവേണ്ടേ വേണ്ടആറ്റംബോംബുകൾ വേണ്ടേവേണ്ട
ആർത്തുരസിക്കാനായി പണിയുക
നന്മനിറഞ്ഞൊരു കാലമിതേവം


കൊക്കുകൾ പോലെ പാറിനടക്കും
കുഞ്ഞുമനസിനെ പൂട്ടരുതേ
സ്നേഹിച്ചീടാം ലാളിച്ചീടാം
പിഞ്ചുകരങ്ങൾ കോർത്തീടാം


നന്മകൾ വിരിയും നാടിൻ മഹിമയിൽ
നക്ഷത്രങ്ങൾ നോക്കിയിരിക്കാം
ജീവിതമേ നീയൊന്നേയുള്ളൂ
വേദനകൾ മാറ്റി മറിക്കാം


കണ്ണുകൾ വേണം നല്ലതുകാണാൻ
കാതുകൾ കൂർക്കുംനല്ലതുകേൾക്കാൻ
കണ്ടുവളർന്നും കേട്ടുവളർന്നും
നന്മകൾ മാത്രം ചെയ്തീടാം


നാടിന് വീടിന് വേണ്ടി നമുക്കൊന്നായ്
പാടീടാമൊരു മോഹനഗാനം
അരുതേയരുതേ കൊന്നീടല്ലേ
എൻ അരുമ സഹോദരെ കൊന്നീടല്ലേ


അവർ പണിയുന്നൊരു ലോകം കാണാൻ
അനുവദിയേകൂ എന്നെക്കൂടി

നമ്മൾ തീർക്കും പുതുലോകത്തവർ
ഭയമില്ലാതെയുറങ്ങട്ടെ 


ശാന്തിവിടർത്തും പ്രാവുകളായവർ
വാനിൽ പാറി നടക്കണ്ടേ
 അടിപിടിയക്രമമില്ലീ വാനിൽ
അരുമകിളിയേ നീ പാറൂ


പുഞ്ചിരി തൂകി നെഞ്ചു വിരിച്ച്
കൊഞ്ചിടുമീ എൻ പിഞ്ചുമുഖങ്ങൾ
എങ്ങും പുലരട്ടേ ശാന്തിസമാധാനം



ലഭിച്ച ചില ഫോട്ടോസ്



സമാധാ‍ാനത്തിനൊരു കൈയൊപ്പ്

No comments:

Post a Comment