പാലക്കാട് ജില്ലയില്‍പ്പെട്ട കൂടല്ലൂര്‍ എന്ന ഗ്രാമത്തില്‍ 1933 ലാണ് മാടത്ത് തെക്കപ്പാട്ട് വാസുദേവന്‍ നായര്‍ ജനിച്ചത്. മാതാവ്: അമ്മാളു അമ്മ. പിതാവ്: പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായര്‍.
അച്ഛന്‍ സിലോണിലായിരുന്നു. വല്ലപ്പോഴുമാണ് നാട്ടില്‍ വന്നിരുന്നത്. അതിനാല്‍ കുട്ടിക്കാലത്ത് അച്ഛനുമായുള്ള ബന്ധം വാസുവിന് കുറവായിരുന്നു. ദാരിദ്ര്യത്തിന്റെ കയ്പ് അറിഞ്ഞുകൊണ്ടാണ് ബാല്യകാലം പിന്നിട്ടത്.

  കൂടല്ലൂരില്‍ കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1948 ല്‍ ഒന്നാം ക്ലാസോടെ എസ്.എസ്.എല്‍.സി. പാസായി.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ എഴുതിത്തുടങ്ങി. കവിതയിലാണ് തുടക്കം.

മിക്ക സാഹിത്യരൂപങ്ങളും അന്ന് പരീക്ഷിക്കുകയുണ്ടായി. പത്താംതരം വിദ്യാര്‍ഥിയായിരിക്കെ, സി.ജി.നായരുടെ പത്രാധിപത്യത്തില്‍ ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ടിരുന്ന 'കേരളക്ഷേമം' ദൈ്വവാരിക പ്രസിദ്ധീകരിച്ച 'പ്രാചീനഭാരതത്തിലെ വൈര വ്യവസായം' എന്ന ലേഖനമാണ് പുറംലോകം കാണുന്ന ആദ്യരചന (1948). ഇതേ വര്‍ഷംതന്നെ, മദിരാശിയില്‍ നിന്ന് പരമേശ്വരയ്യരുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ചിത്രകേരള'ത്തില്‍ വന്ന 'വിഷുവാഘോഷ'മാണ് അച്ചടിച്ചുവരുന്ന ആദ്യത്തെ കഥ.


സഹോദരന്മാര്‍ പുസ്തകപാരായണത്തിലും സാഹിത്യത്തിലും പുലര്‍ത്തിയ താല്‍പര്യം വാസുവിന് അനുഗ്രഹമായി. നാട്ടിലെ ഗ്രന്ഥാലയങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും പുസ്തകങ്ങള്‍ തേടിയലയുകയായിരുന്നു ആ വിദ്യാര്‍ഥി. പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും വീട്ടിലെ ദാരിദ്ര്യം കാരണം പത്താംതരം കഴിഞ്ഞ് ഒരു കൊല്ലം വെറുതെ ഇരിക്കേണ്ടി വന്നു. ഇക്കാലത്ത് വായനയും എഴുത്തും മാത്രമായിരുന്നു കൂട്ട്. കഥകള്‍ ധാരാളമായി എഴുതി. ചിലതൊക്കെ അച്ചടിച്ചുവന്നു.

1949 ല്‍ പാലക്കാട് വിക്‌ടോറിയാ കോളേജില്‍ ചേര്‍ന്നു. 1953 ല്‍ രസതന്ത്രം മുഖ്യവിഷയമായെടുത്ത് ബി.എസ്‌സി. പാസായി. ബിരുദവിദ്യാര്‍ഥിയായിരിക്കെ ആദ്യത്തെ പുസ്തകം പുറത്തുവന്നു. 'രക്തം പുരണ്ട മണ്‍ത്തരികള്‍' എന്ന ആ കഥാസമാഹാരം (1952) എം.ജി. ഉണ്ണി എന്ന സുഹൃത്തിന്റെ ഉത്സാഹത്തില്‍, ഒരു പറ്റം കൂട്ടുകാരാണ് പ്രസാധനം ചെയ്തത്.

ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ 1954 ല്‍ സംഘടിപ്പിച്ച ലോക ചെറുകഥാ മത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടുന്നതോടെയാണ് എം.ടി. വാസുദേവന്‍ നായര്‍ മലയാളസാഹിത്യത്തില്‍ ശ്രദ്ധേയനാകുന്നത്.

1954ല്‍ പട്ടാമ്പി ബോര്‍ഡ് ഹൈസ്‌കൂളില്‍ അധ്യാപകനായി. പിന്നെ ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂളിലും. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 195556 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലില്‍ അധ്യാപകനായും ജോലിനോക്കി. ഇതിനിടയില്‍ തളിപ്പറമ്പില്‍ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങള്‍ക്കകം രാജിവെച്ച് എം.ബി.യില്‍ തിരിച്ചെത്തി.

1957 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സബ് എഡിറ്ററായി. ആദ്യകാലത്ത് ഒഴിവുസമയം ഉപയോഗിച്ച് കോഴിക്കോട് എം.ബി ട്യൂട്ടോറിയലില്‍ ക്ലാസ് എടുത്തിരുന്നു. 1968 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി ഉയര്‍ന്നു. 1981 ല്‍ ആ സ്ഥാനം രാജിവെച്ചു. 7 കൊല്ലത്തോളം വായനയും എഴുത്തുമായി കഴിഞ്ഞുകൂടി. 1989ല്‍ 'പീരിയോഡിക്കല്‍സ് എഡിറ്ററായി മാതൃഭൂമിയില്‍ തിരിച്ചെത്തി. മാതൃഭൂമിയില്‍നിന്നു പിരിഞ്ഞശേഷം ഭാഷാപിതാവിന്റെ പേരിലുള്ള തുഞ്ചന്‍പറമ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും എഴുത്തിലും മുഴുകിക്കഴിയുന്നു.

എം.ടി. എഴുതിയ ആദ്യത്തെ നോവല്‍ 'പാതിരാവും പകല്‍വെളിച്ചവും' പാലക്കാട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'മലയാളി'യില്‍ 195455 കാലത്ത് ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. പില്‍ക്കാലത്താണ് ഇത് പുസ്തകമായി വന്നത്. പുസ്തകരൂപത്തില്‍ പുറത്തുവന്ന ആദ്യത്തെ നോവല്‍ 'നാലുകെട്ട്' (1958) നിരൂപകരുടെയും വായനക്കാരുടെയും സജീവശ്രദ്ധയ്ക്കു പാത്രമായി. ആ നോവലിനു കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം (1959) ലഭിച്ചു. അന്ന് എം.ടി. ക്ക് 26 വയസ്സേയുള്ളൂ. ഇക്കാലത്തും തുടര്‍ന്നും പുറത്തിറങ്ങിയ നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ബന്ധനം തുടങ്ങിയ കഥാസമാഹാരങ്ങളും അസുരവിത്ത്, മഞ്ഞ്, കാലം തുടങ്ങിയ നോവലുകളും മലയാള കഥയില്‍ പുതിയ ഉണര്‍വിനും വഴിതിരിച്ചിലുകള്‍ക്കും കാരണമായി.

സ്വന്തം കഥയായ 'മുറപ്പെണ്ണി'ന് തിരക്കഥ എഴുതിക്കൊണ്ടാണ് 196364 കാലത്ത് എം.ടി. സിനിമയില്‍ എത്തുന്നത്. 1973ല്‍ 'നിര്‍മാല്യം' എന്ന സിനിമ സംവിധാനം ചെയ്തു. അക്കൊല്ലം ഇന്ത്യയിലെ ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ 'ഗോള്‍ഡ്‌മെഡല്‍' ഈ ആദ്യ ചിത്രം നേടി. തുടര്‍ന്നും ചില ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്; തകഴി ശിവശങ്കരപ്പിള്ളയെപ്പറ്റി 'തകഴി' എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയും. ഇതിനകം അമ്പതില്‍പ്പരം സിനിമകള്‍ക്ക് തിരക്കഥയെഴുതി.

ഒട്ടേറെ അന്താരാഷ്ട്രബഹുമതികള്‍ നേടിയ എം.ടിയുടെ 'നിര്‍മാല്യം' ജക്കാര്‍ത്ത ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല ഏഷ്യന്‍ ഫിലിം എന്ന നിലയില്‍ 'ഗരുഡ അവാര്‍ഡ്' നേടി (1974). ജപ്പാനിലെ ഓക്കയാമാ ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച എം.ടി.യുടെ 'കടവിന് ഗ്രാന്‍പ്രി അവാര്‍ഡ് ലഭിച്ചു. (1992). ഇതേ ചിത്രം സിങ്കപ്പൂര്‍ ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷല്‍ ജൂറി അവാര്‍ഡ് എന്ന നിലയില്‍ 'സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡി'നും 1991 ല്‍ ദേശീയ അവാര്‍ഡിനും അര്‍ഹമായി.

തിരക്കഥാരചനയ്ക്ക് നാലു തവണ ദേശീയ ബഹുമതി ലഭിക്കുക എന്ന അപൂര്‍വതയും എം.ടിയുടെതായുണ്ട്. 'കാല'ത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1970) 'രണ്ടാമൂഴ'ത്തിന് വയലാര്‍ അവാര്‍ഡും (1984) മഹോന്നതപുരസ്‌കാരമായ ജ്ഞാനപീഠപുരസ്‌ക്കാരവും (1995) ലഭിച്ചു. 2005ല്‍ പദ്മഭൂഷണ്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

റഷ്യ, ഫിന്‍ലാന്‍ഡ്, ജര്‍മനി, അമേരിക്ക, ജപ്പാന്‍ ഹോങ്കോങ്, കസാക്കിസ്ഥാന്‍, ദുബായ്, അബൂദബി, ഷാര്‍ജ, മസ്‌ക്കറ്റ്, സിലോണ്‍, ചൈന തുടങ്ങിയ നാടുകള്‍ സന്ദര്‍ശിച്ച എം.ടി. യാത്രകളെപ്പറ്റി എഴുതുകയും ചെയ്തിട്ടുണ്ട്.

വിവര്‍ത്തനങ്ങളിലൂടെ കേരളത്തിനു പുറത്തും അറിയപ്പെടുന്ന സാഹിത്യകാരനാണ് എം.ടി. വാസുദേവന്‍ നായര്‍. 'നാലുകെട്ടിന്' ഇംഗ്ലീഷിലും നിരവധി ഇന്ത്യന്‍ ഭാഷകളിലും പരിഭാഷകളുണ്ട്. ഇന്ത്യന്‍ ഭാഷകളിലെ പ്രസാധനം: നാഷനല്‍ ബുക്ക് ട്രസ്റ്റ്. 'കാലം' തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ പ്രസിദ്ധീകരിച്ചത് കേന്ദ്ര സാഹിത്യ അക്കാദമിയാണ്. 'മഞ്ഞ്' ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാളിയിലും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 'അസുരവിത്തി' ന്റെ ഇംഗ്ലീഷ് പരിഭാഷ കേരള സാഹിത്യ അക്കാദമി പുറത്തിറക്കി. പ്രധാനപ്പെട്ട ചെറുകഥകളില്‍ മിക്കതും ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ഇംഗ്ലീഷ് പരിഭാഷാകഥകള്‍ സമാഹരിച്ച് രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകൃതമായി.

38ല്‍പ്പരം പുസ്തകങ്ങളിലായി അദ്ദേഹത്തിന്റെ സാഹിത്യം പരന്നുകിടക്കുന്നു. ഇതിനു പുറമെയാണ് ഒറ്റയായും സമാഹാരങ്ങളായും പുറത്തിറങ്ങിയ തിരക്കഥകള്‍.  ഇന്നുവരെ ഒരു രാഷ്ട്രീയ കക്ഷിയിലും സംഘടനയിലും ഈ എഴുത്തുകാരന്‍ അംഗമായിട്ടില്ല. വെസ്റ്റ്‌കോസ്റ്റ് ബുക്‌സ്, ക്ലാസിക്ക് ബുക് ട്രസ്റ്റ് എന്നീ പ്രസാധനസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. നോവല്‍ ഫിലിംസ് എന്ന പേരില്‍ ചലച്ചിത്രനിര്‍മാണക്കമ്പനി നടത്തുകയും ചെയ്തിട്ടുണ്ട്. 1992 മുതല്‍ 2005 വരെ തുഞ്ചന്‍ സ്മാരകസമിതി ചെയര്‍മാനാണ്; 1995 മുതല്‍ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും.

കേന്ദ്ര സാഹിത്യ അക്കാദമിയുടെയും ഇന്ത്യയിലെ വിവിധ സംസ്ഥാന സാഹിത്യ അക്കാദമികളുടെയും നിരവധി സെമിനാറുകളിലും ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളുടെ ചര്‍ച്ചാസമ്മേളനങ്ങളിലും ദേശീയപ്രാധാന്യമുള്ള സാഹിത്യമേളകളിലും അദ്ദേഹം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1968 മുതല്‍ നാലു കൊല്ലക്കാലം പൂനാ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ തിരക്കഥയെപ്പറ്റി 'ഗസ്റ്റ് ലക്ചര്‍' നല്‍കിയിരുന്നു.

വാസുദേവന്‍നായര്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് അമ്മ നിര്യാതയായി (1953). 1970ല്‍ അച്ഛനും. സഹോദരന്‍ ഗോവിന്ദന്‍ നായരും ബാലകൃഷ്ണന്‍ നായരും അന്തരിച്ചു. എം.ടി. നാരായണന്‍ നായര്‍ ജീവിച്ചിരിപ്പുണ്ട്.

1965ല്‍ എം.ടി. എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയെ വിവാഹം കഴിച്ചു. പതിനൊന്നു വര്‍ഷത്തിനുശേഷം അവര്‍ പിരിഞ്ഞു. 1977ല്‍ പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയെ സഹധര്‍മിണിയാക്കി. കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലെ 'സിതാര'യിലാണ് താമസം. മൂത്തമകള്‍ സിതാര ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ ബിസിനസ് എക്‌സിക്യൂട്ടീവാണ്. ന്യൂജഴ്‌സിയില്‍ താമസിക്കുന്നു. രണ്ടാമത്തെ മകള്‍ അശ്വതിയും വിവാഹിതയാണ്.

രക്തം പുരണ്ട മണ്‍ത്തരികള്‍, നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, തെരഞ്ഞെടുത്ത കഥകള്‍ ഡാര്‍എസ്‌സലാം അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ഷര്‍ലക്, എന്റെ പ്രിയപ്പെട്ട കഥകള്‍ (കഥകള്‍).

നാലുകെട്ട്, പാതിരാവും പകല്‍വെളിച്ചവും അറബിപ്പൊന്ന്, (എന്‍.പി. മുഹമ്മദുമൊത്ത്) അസുരവിത്ത്, മഞ്ഞ്, കാലം, വിലാപയാത്ര, രണ്ടാമൂഴം, വാരാണസി (നോവലുകള്‍) കാഥികന്റെ പണിപ്പുര, ഹെമിങ് വേ ഒരു മുഖവുര, കാഥികന്റെ കല, മാണിക്ക്യക്കല്ല്, ദയ എന്ന പെണ്‍കുട്ടി, തന്ത്രക്കാരി, മനുഷ്യര്‍ നിഴലുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, വന്‍കടലിലെ തുഴവള്ളക്കാര്‍, കിളിവാതിലിലൂടെ, ഏകാകികളുടെ ശബ്ദം, രമണീയം ഒരു കാലം എന്നീ പുസ്തകങ്ങളും ഗോപുര നടയില്‍ എന്ന നാടകവും എന്റെ പ്രിയപ്പെട്ട തിരക്കഥകള്‍ ഒരു ചെറുപുഞ്ചിരി, എം.ടിയുടെ തിരക്കഥകള്‍, പരിണയവും മറ്റു തിരക്കഥകളും തുടങ്ങിയ തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക്‌ ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി.

മറ്റു പുരസ്കാരങ്ങൾ


പ്രധാന കൃതികൾ

നോവലുകൾ

വാനപ്രസ്ഥം

കഥകൾ

  • ഇരുട്ടിന്റെ ആത്മാവ്‌
  • ഓളവും തീരവും
  • കുട്ട്യേടത്തി
  • വാരിക്കുഴി
  • പതനം
  • ബന്ധനം
  • സ്വർഗ്ഗം തുറക്കുന്ന സമയം
  • വാനപ്രസ്ഥം
  • ദാർ-എസ്‌-സലാം
  • രക്തം പുരണ്ട മൺ തരികൾ
  • വെയിലും നിലാവും
  • കളിവീട്‌
  • വേദനയുടെ പൂക്കൾ
  • ഷെർലക്ക്‌
  • ഓപ്പോൾ
  • നിന്റെ ഓർമ്മയ്ക്ക്

തിരക്കഥകൾ

ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും

മറ്റുകൃതികൾ

ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, ആൾക്കൂട്ടത്തിൽ തനിയെ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ.