Saturday 14 January 2017

സ്വകാര്യവാഹനങ്ങളില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു

ഓട്ടോറിക്ഷകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മലപ്പുറം ജില്ലയിലെ ശ്രീകുമാരന്‍ നായരുടെ പരാതിയിലാണ് കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ ബാബു.എന്‍, ഗ്ലോറി ജോര്‍ജ്ജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിദ്യാര്‍ഥികളുടെ യാത്രാസംവിധാനങ്ങള്‍ ഏതെല്ലാമെന്ന് തരം തിരിച്ച് ഓരോ സംവിധാനത്തിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്സ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് പൊതു വിദ്യാഭ്യാസസെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണം.
ഏതെങ്കിലും വിധത്തിലുള്ള ബാലാവകാശ ലംഘനങ്ങള്‍ ഇത്തരം വാഹനങ്ങളില്‍ ഉണ്ടാകുന്നപക്ഷം വിവരം പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികാരികളെ അറിയിക്കുന്നതിനും നടപടി കൈക്കൊള്ളണം. അതിനായി അദ്ധ്യാപക-രക്ഷാകര്‍തൃ പ്രതിനിധികളടങ്ങിയ കമ്മിറ്റി എല്ലാ സ്‌കൂളിലും ഉണ്ടാകണം. പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകള്‍ക്കും സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസ് പിന്തുടരുന്ന സ്‌കൂളുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. സ്‌കൂള്‍ ബസ്സുകളുടെ ഡ്രൈവര്‍മാര്‍ക്ക് നല്‍കിവരുന്ന പരിശീലന ബോധവത്ക്കരണ ക്ലാസ്സുകളില്‍ കുട്ടികളെ കൊണ്ടുവരുന്ന മറ്റ് സ്വകാര്യവാഹനങ്ങളുടെ ഡ്രൈവര്‍മാരേയും പങ്കെടുപ്പിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടപടി സ്വീകരിക്കണം. ഇത്തരം പരിശീലന പരിപാടികളില്‍ കെ.എസ്.ആര്‍.ടി.സി., സ്വകാര്യ ബസ് ജീവനക്കാരെയും ഉള്‍ക്കൊള്ളിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനുളളില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

No comments:

Post a Comment