Tuesday, 29 August 2017

ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഒന്‍പതുവരെ ഉദ്ഘാടനം മൂന്നിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഒന്‍പതുവരെ സംസ്ഥാനമാകെ നടക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഔദേ്യാഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം 6.15ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയായെത്തും. ഉദ്ഘാടന
പരിപാടികളെ തുടര്‍ന്ന് സിനാമതാരം മഞ്ജു വാര്യര്‍ നൃത്ത വിസ്മയം തീര്‍ക്കും. കൂടാതെ പിന്നണി ഗായകരായ വിജയ് യേശുദാസ്, വിധു പ്രതാപ് തുടങ്ങിയവര്‍ നയിക്കുന്ന സംഗീതനിശ ചടങ്ങിനെ ആകര്‍ഷകമാക്കും. നാല്‍പതു യുവകലാകാരന്മാര്‍ നയിക്കുന്ന പഞ്ചാരിമേളത്തോടെയായിരിക്കും ചടങ്ങിന് തുടക്കമാവുക. മാത്യു ഇട്ടി സംവിധാനം ചെയ്ത 'നന്മ നിറവില്‍ നല്ലോണം' എന്ന ദൃശ്യശ്രാവ്യപരിപാടിയും അരങ്ങേറും. ഓണോഘോഷത്തിന്റെ വരവറിയിച്ച് സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം ആറ് മണിക്ക് സഹകരണ-ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തും. കനകക്കുന്ന് കൊട്ടാരവളപ്പിലെ പതാക ഉയര്‍ത്തലിന് ശേഷം വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വൈദ്യുത മന്ത്രി എം.എം മണി നിര്‍വഹിക്കും. ഈ വര്‍ഷം വൈദ്യുത ദീപാലങ്കാരം കവടിയാര്‍ മുതല്‍ മണക്കാട് വരെയാണ് ഒരുക്കുക. തുടര്‍ന്ന് ഭക്ഷ്യമേള കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. അന്ന് വൈകിട്ട് 6.45ന് കനകക്കുന്നില്‍ സജ്ജമാക്കിയ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേയര്‍ വി.കെ. പ്രശാന്ത് തുറന്നുകൊടുക്കും. ഇതോടൊപ്പം 14 ജില്ലകളിലെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ അതതു ജില്ലകളില്‍ ഓണാഘോഷപരിപാടികള്‍ നടത്തും. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അത്തപ്പൂക്കള മത്സരം സെപ്റ്റംബര്‍ രണ്ടിന് വിമന്‍സ് കോളേജില്‍ നടക്കും. രണ്ടിന് രാവിലെ തിരുവാതിര മത്സരങ്ങള്‍ ഭാരത് ഭവനിലാണ് നടക്കുക. അന്നു മുതല്‍ കനകക്കുന്ന് സൂര്യകാന്തിയില്‍ വ്യാപാരമേളയും ആരംഭിക്കും. വ്യാപാരമേളയുടെ ഉദ്ഘാടനം സി. ദിവാകരന്‍ എം.എല്‍.എ സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം നാലിന് നിര്‍വഹിക്കും. ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷം നഗരത്തിനകത്തും പുറത്തുമായി മുപ്പത് വേദികളായിരിക്കും അരങ്ങേറുക. കഴക്കൂട്ടം, ആക്കുളം ടൂറിസ്റ്റ് വില്ലേജ് എന്നിവിടങ്ങള്‍ ഈ വര്‍ഷത്തെ പ്രധാനവേദികളാണ്. ആക്കുളത്ത് ബോട്ടിംഗ് ഓണത്തോടനുബന്ധിച്ച് ആരംഭിക്കും. ശംഖുമുഖത്തെ വേദി സ്ത്രീകളുടെയും കുട്ടികളുടെയും പരിപാടികള്‍ക്കാണ് മാറ്റിവെച്ചിരിക്കുന്നത്. കനകക്കുന്നിലെ തിരുവരങ്ങ്, നാട്ടരങ്ങ്, സോപാനം വേദികള്‍ പരമ്പരാഗതകലകള്‍ക്കു മാത്രമായുളളവരായിരിക്കും. വിവിധ വാര്‍ത്താമാധ്യമങ്ങള്‍ ഒരുക്കുന്ന മെഗാഷോയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുക. കൂടാതെ പൂജപ്പുര മൈതാനം (ഗാനമേള), കനകക്കുന്ന് കൊട്ടാരത്തിലെ സംഗീതിക (ശാസ്ത്രീയ സംഗീതം) കനകക്കുന്ന് അകത്തളം (ഫോട്ടോ പ്രദര്‍ശനം), തീര്‍ത്ഥപാദമണ്ഡപം(കഥകളി, കൂത്ത്, കൂട്ടിയാട്ടം), സൂര്യകാന്തി, പബ്ലിക് ഓഫീസ് കോമ്പോണ്ട്, പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല (ഗാനമേള) ഗാന്ധിപാര്‍ക്ക് (കഥാപ്രസംഗം), വി.ജെ.ടി ഹാള്‍(കഥ, കവയരങ്ങ്, നാടകം), കനകക്കുന്ന് ഗേറ്റ് (വാദ്യമേളങ്ങള്‍), മ്യൂസിയം കോമ്പൗണ്ട് (യോഗ, കളരിപ്പയറ്റ്) ഗവ. വിമന്‍സ് കോളേജ്, വഴുതക്കാട് (അത്തപ്പൂക്കളമത്സരം), വൈലോപ്പിളളി സംസ്‌കൃതി ഭവന്‍കൂത്തമ്പലം(ശാസ്ത്രീയ നൃത്തങ്ങള്‍), ഭാരത് ഭവന്‍ (തിരുവാതിര മത്സരം, ശാസ്ത്രീയ നൃത്തം), യൂണിവേഴ്‌സിറ്റി കോളേജ് കോമ്പൗണ്ട് (നാടകം അമച്വര്‍), ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ്, നെടുമങ്ങാട് പാര്‍ക്കിംഗ് യാര്‍ഡ് കോമ്പൗണ്ട്, മുടവൂര്‍പ്പാറ പളളിച്ചല്‍, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ ഗ്രൗണ്ട്, കോട്ടയ്ക്കകം ശ്രീചിത്തിര തിരുനാള്‍ പാര്‍ക്ക് എന്നിവയാണ് മറ്റു വേദികള്‍. സെപ്റ്റംബര്‍ ഒന്‍പതിനു സംഘടിപ്പിക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്രയോടെ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമാകും. ഗവര്‍ണര്‍ പി. സദാശിവമാണ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എം.എല്‍.എമാരായ സി. ദിവാകരന്‍, സി.കെ. ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, കെ.ആന്‍സലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

No comments:

Post a Comment