സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍
പഠിക്കുന്ന നാലര ലക്ഷം കുട്ടികള്‍ക്ക് രണ്ടു ജോടി വീതം കൈത്തറി യൂണിഫോം
സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മെയ് രണ്ട്)
ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം മണക്കാട് ഗവ.
ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിക്കും. വിതരണത്തിനാവശ്യമായ
48 നിറങ്ങളിലുള്ള 23 ലക്ഷം മീറ്റര്‍ തുണി ഹാന്റെക്‌സ്, ഹാന്‍വീവ്
എന്നിവയുടെ നേതൃത്വത്തില്‍ ശേഖരിച്ച് 163 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍
എത്തിച്ചു കഴിഞ്ഞുവെന്ന് കൈത്തറി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
ഈ അധ്യയന വര്‍ഷം 3701 സ്‌കൂളുകളിലാണ് സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണം
ചെയ്യുന്നത്. സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് യൂണിഫോം വിതരണം നടത്തുക എന്ന
ലക്ഷ്യത്തോടെ 2017 ജൂണില്‍ത്തന്നെ ആരംഭിച്ച നെയ്ത്ത്, അനുബന്ധ ജോലികള്‍
ജനുവരിയില്‍ പൂര്‍ത്തിയായി. 3950 നെയ്ത്തുകാരുടെയും ഇരട്ടിയോളം അനുബന്ധ
തൊഴിലാളികളുടെയും സേവനം ഇതിനായി
ലഭ്യമാക്കി. നെയ്ത്തുകാര്‍ക്ക്
കൂലിയിനത്തില്‍ മുപ്പതു കോടിയിലധികം രൂപ വിതരണം ചെയ്തു. ഈ വര്‍ഷം
പദ്ധതിക്ക് അറുപത്തി മൂന്നുകോടി രൂപ ചെലവായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ
എന്‍.എച്ച്.ഡി.സി മുഖേനയാണ് നൂല്‍ വിതരണം ചെയ്തത്. നൂലിന്റെയും
ഉത്പാദിപ്പിച്ച തുണിയുടെയും ഗുണമേന്മ പരിശോധിക്കുന്നതിന് പ്രത്യേകം
പരിശോധനകള്‍ വിവിധ ഘട്ടങ്ങളിലായി നടത്തി.
സൗജന്യ യൂണിഫോം പദ്ധതി ആരംഭിക്കുക വഴി കൈത്തറിമേഖലയില്‍ പുതിയ ഒരു
ഉണര്‍വുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രവര്‍ത്തനരഹിതമായിരുന്ന ഒട്ടനവധി
തറികളും സംഘങ്ങളും ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍
കഴിഞ്ഞു. നെയ്ത്തുകാര്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും കൂലി ഡി.ബി.റ്റി
സംവിധാനം മുഖേന ഇടനിലക്കാരുടെ ഇടപെടലില്ലാതെ കൃത്യമായി ലഭ്യമാക്കി.
പദ്ധതിയുടെ ആകര്‍ഷണീയത മനസിലാക്കി നെയ്ത്തു തൊഴിലില്‍ നിന്ന്
വിട്ടുനിന്നവരും പുതിയ തലമുറ നെയ്ത്തുകാരും പദ്ധതിയിലേക്ക് കൂടുതലായി
വന്നിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 2929 നെയ്ത്തുകാരായിരുന്നത് ഇപ്പോള്‍
നാലായിരത്തില്‍പ്പരമായിട്ടുണ്ടെന്ന് ഡയറക്ടര്‍ പറഞ്ഞു.
പാഠപുസ്തക അച്ചടിക്കും വിതരണത്തിനുമായുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞ
വര്‍ഷത്തേക്കാള്‍ ഒന്നര മാസം മുമ്പു തന്നെ സ്വീകരിച്ചതിനാലാണ്
പാഠപുസ്തകങ്ങള്‍ ഇത്തവണ നേരത്തേ വിതരണം ചെയ്യാന്‍ സാധിച്ചത്.അടുത്ത സ്‌കൂള്‍ അദ്ധ്യയന വര്‍ഷാരംഭത്തിന് അഞ്ചു മാസം മുമ്പ് തന്നെ
സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ എത്തിച്ചു തുടങ്ങി. രണ്ടു മുതല്‍
ഒന്‍പതുവരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷാവസാന പരീക്ഷ തീരുന്ന
മുറയ്ക്കും ഒന്‍പതാം ക്‌ളാസ്സിലെ റിസള്‍ട്ട് വരുന്ന മുറയ്ക്ക് 10-ാം
ക്ലാസ്സിലേയും പാഠപുസ്തകങ്ങള്‍ നല്‍കാനും നടപടി സ്വീകരിച്ചിരുന്നു.
സ്‌കൂളുകള്‍ ഇന്‍ഡന്റ് ചെയ്തത് പ്രകാരം അതത് സ്‌കൂള്‍ സൊസൈറ്റികള്‍ വഴി
പരാതികള്‍ ഇല്ലാതെ തന്നെ പാഠപുസ്തകങ്ങള്‍ എത്തിച്ചു നല്‍കാന്‍ സാധിച്ചു.
അദ്ധ്യയന വര്‍ഷാരംഭത്തിന് അഞ്ചു മാസം മുമ്പ് തന്നെ സ്‌കൂളുകളില്‍
പഠപുസ്തകങ്ങള്‍ എത്തിച്ചു നല്‍കിയത് ചരിത്രപരമായ നേട്ടം കൂടിയാണെന്നും
പാഠപുസ്തക ഓഫീസര്‍ പറഞ്ഞു.
രണ്ടാം വാല്യം, മൂന്നാം വാല്യം പാഠപുസ്തകങ്ങള്‍ അച്ചടിച്ച്
വിതരണം ചെയ്യാനുളള അന്തിമ ഉത്തരവ് കെ.ബി.പി.എസിന് നല്‍കിയിട്ടുണ്ട്.
നിശ്ചിത തീയതിക്കു മുമ്പു തന്നെ പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കും.
രണ്ടാം വാല്യം 187 ടൈറ്റിലുകളിലായി 193.5 കോടി പാഠപുസ്തകങ്ങളും മൂന്നാം
വാല്യം 66 ടൈറ്റിലുകളിലായി 64.57 ലക്ഷം പാഠപുസ്തകങ്ങളുമാണ് വിതരണം
ചെയ്യാനുള്ളത്. രണ്ടാം വാല്യം പാഠപുസ്തകത്തിന്റെ അച്ചടി ആരംഭിച്ചു
കഴിഞ്ഞു.
2018-19 അദ്ധ്യയന വര്‍ഷത്തിലേക്ക് സര്‍ക്കര്‍, എയ്ഡഡ്,
അന്ധവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെയിലി പാഠപുസ്തകങ്ങളും
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ലോ വിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ
അക്ഷരത്തില്‍ പാഠപുസ്തകങ്ങളും അച്ചടിച്ചു നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ട്.
അടുത്ത അദ്ധ്യയന വര്‍ഷം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍
പൊതുവിദ്യാലയങ്ങളില്‍ എത്തുന്നതിന്റെ അടിസ്ഥാനത്തില്‍ അത്തരം
വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ബഫര്‍ സ്റ്റോക്കില്‍ നിന്നും
നല്‍കാനുളള ക്രമീകരണവും സ്വീകരിച്ചിട്ടുണ്ടെന്നും പാഠപുസ്തക ഓഫീസര്‍
അറിയിച്ചു.
No comments:
Post a Comment