Tuesday 4 September 2018

ദുരിതാശ്വാസത്തിന് ശമ്പളം: സര്‍വീസ് സംഘടനകളുമായി ധനമന്ത്രി ചര്‍ച്ച നടത്തി

ഒരുമാസത്തെ ശമ്പളം നല്‍കുന്നതില്‍ അനുകൂലനിലപാട് അറിയിച്ചു

പ്രളയദുരിതവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് സര്‍വീസ് സംഘടനാപ്രതിനിധികളുമായി ചര്‍ച്ച നടത്തി. പൊതുവില്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസത്തിന് നല്‍കുന്നതിന് സംഘടനകള്‍ സമ്മതം അറിയിച്ചു. ദുരിതാശ്വാസത്തില്‍ പങ്കാളികളാകുന്നതില്‍ അനുകൂലനിലപാടാണ് ജീവനക്കാര്‍ സ്വീകരിച്ചത്. 
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും സംഘടനകളും നടത്തിയ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്ന് യോഗത്തില്‍ മന്ത്രി പറഞ്ഞു. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ ചെലവിനുള്ള തുക വേറെ കണ്ടെത്തേണ്ടിവരും.
ഇത്തരത്തില്‍ 6000 കോടി രൂപയോളം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ കൂടി സഹകരണം ആവശ്യമാകുന്നത്.
ഒരു മാസത്തെ ശമ്പളമായിട്ടല്ല, ലീവ് സറണ്ടര്‍ തുകയായി നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് അത് നല്‍കാമെന്ന് മന്ത്രി പറഞ്ഞു. 
ഒരു തവണയായോ, 10 മാസമായോ ശമ്പളം നല്‍കാന്‍ സൗകര്യമുണ്ട്. ഇങ്ങനെ നല്‍കുന്ന പണത്തിന് ആദായനികുതി ഇളവുണ്ടാകും. ഇതിന് മുമ്പ് ഇക്കാര്യത്തിനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ ആ തുക പിടിക്കുന്ന ശമ്പളത്തില്‍നിന്ന് കിഴിക്കാന്‍ അവസരമുണ്ടാകും. 
ശമ്പളത്തില്‍നിന്ന് നല്‍കുന്ന തുക അടക്കമുള്ളവ രേഖപ്പെടുത്താവുന്ന ഓപ്ഷന്‍ വേണമെന്ന് ചില സംഘടനകള്‍ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ ബുദ്ധിമുട്ടുള്ളവര്‍ ഡി.ഡി.ഒമാര്‍ക്ക് എഴുതിനല്‍കിയാല്‍ മതിയാകുമെന്ന് ധനമന്ത്രി സൂചിപ്പിച്ചു.
പി.എഫ് വായ്പയെടുത്തും ദുരിതാശ്വാസത്തിന് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് അങ്ങനെയും നല്‍കാം.
വിവിധ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് രണ്ടു മൂന്ന് ദിവസത്തിനകം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസത്തിന് ഈടാക്കുന്നത് സംബന്ധിച്ച് ഉത്തരവിറങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി. യോഗത്തില്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, വിവിധ സര്‍വീസ് സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

No comments:

Post a Comment