Thursday 24 January 2019

വിദ്യാഭ്യാസ പരിഷ്കരണം: വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ നിയന്ത്രണവും ഏകോപനവും സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിക്ഷിപ്തമാക്കണമെന്ന് സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെ കുറ്റിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഒറ്റ ഡയറക്ടറേറ്റിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ശുപാര്‍ശ.

ഡോ. എം.എ ഖാദര്‍ ചെയര്‍മാനും ജി. ജ്യോതിചൂഢന്‍, ഡോ. സി. രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമിതി ചെയര്‍മാനും അംഗങ്ങള്‍ക്കും പുറമെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, സെക്രട്ടറി എ. ഷാജഹാന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. 

പ്രധാന ശുപാര്‍ശകള്‍

1.    വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്തുന്നതിന് അധ്യാപകരെ പ്രൊഫഷണലുകളാക്കി മാറ്റണം. ഇതിന്‍റെ ഭാഗമായി അധ്യാപക യോഗ്യതകളെല്ലാം ഉയര്‍ത്തണം. 

2.    പ്രൈമറിതലത്തില്‍ (ഒന്നു മുതല്‍ ഏഴു വരെ) ബിരുദം അടിസ്ഥാന യോഗ്യതയാകണം. കൂടാതെ ബിരുദ നിലവാരത്തിലുള്ള പ്രൊഫഷണല്‍ യോഗ്യതയും ആവശ്യമാണ്. 

3.    സെക്കന്‍ററിതലത്തില്‍ ബിരുദാന്തര ബിരുദം അടിസ്ഥാന യോഗ്യതയായിരിക്കണം. പ്രൊഫഷണല്‍ യോഗ്യത ബിരുദ നിലവാരത്തിലുള്ളതാകണം.

4.    പ്രീ-സ്കൂളിന് എന്‍.സി.ടി.ഇ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അധ്യാപക യോഗ്യതയാക്കണം.

5.    മൂന്നു വയസ്സു മുതല്‍ സ്കൂള്‍ പ്രവേശന പ്രായം വരെ കുട്ടികള്‍ക്ക് പ്രീ-സ്കൂളിങ് സൗകര്യം ഒരുക്കണം. പ്രീ-സ്കൂളിങ്ങിന് ഏകോപിത സംവിധാനം വേണം.

6.    അംഗീകാരമില്ലാത്ത പ്രീ-സ്കൂള്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം.

7.    പ്രീ-സ്കൂളിങ് നയവും നിയമവും രൂപീകരിക്കണം.

8.    റവന്യൂ, ജില്ലാതല വിദ്യാഭ്യാസ ഓഫീസ് ഉണ്ടാകണം. ഇതിനായി ജോയന്‍റ് ഡയറക്ടര്‍ ഓഫ് സ്കൂള്‍ എജൂക്കേഷന്‍ എന്ന തസ്തികയുണ്ടാക്കണം.

9.    വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രവര്‍ത്തന ഘടകം സ്കൂളായിരിക്കും. ഒരു സ്കൂളിന് ഒരു സ്ഥാപന മേധാവി മാത്രമേ ഉണ്ടാകൂ.

10.    നാഷണല്‍ സ്കില്‍ ക്വാളിഫയിംഗ് ഫ്രെയിംവര്‍ക്കിന്‍റെ പശ്ചാത്തലത്തില്‍  മുഴുവന്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളുകളും സെക്കന്‍ററി സ്കൂളുകളായി മാറ്റേണ്ടതാണ്. 

11.    സ്ഥാപന മേധാവികള്‍ പ്രിന്‍സിപ്പാള്‍ എന്ന പേരില്‍ ആയിരിക്കണം. പ്രിന്‍സിപ്പാള്‍ (സെക്കന്‍ററി), പ്രിന്‍സിപ്പാള്‍ (ലോവര്‍ സെക്കന്‍ററി), പ്രിന്‍സിപ്പാള്‍ (പ്രൈമറി), പ്രിന്‍സിപ്പാള്‍ (ലോവര്‍ പ്രൈമറി) എന്നിങ്ങനെയായിരിക്കും പുനര്‍നാമകരണം. 

12.    ഇപ്പോള്‍ പ്രഖ്യാപിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് വിദ്യാഭ്യാസ രംഗത്ത് കേരള എജൂക്കേഷന്‍ സര്‍വ്വീസ് എന്ന നിലയില്‍ വികസിപ്പിക്കണം. 

13.    അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള കുട്ടികള്‍ക്ക് ശാസ്ത്രീയമായി കായിക പരിശീലനവും കലാ പരിശീലനവും നല്‍കണം.

1 comment:

  1. Should include ktet,SET and NET according to teachers qualification

    ReplyDelete