Friday, 4 January 2019

പഠനോത്സവങ്ങള്‍ ജനകീയോത്സവങ്ങളായി സംഘടിപ്പിക്കും

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ജനുവരി 26 ന് ആരംഭിച്ച് പ്രവേശനോത്സവം വരെ നീണ്ടു നില്‍ക്കുന്ന പഠനോത്സവങ്ങള്‍ ജനകീയോത്സവങ്ങളായി സംഘടിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. സമഗ്രശിക്ഷാകേരളം സംഘടിപ്പിച്ച ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത് അതാത് പഞ്ചായത്തുകളുടെ പിന്തുണയോടെ ആകണമെന്നും മന്ത്രി നിര്‍ദേശിച്ചു. സമഗ്രശിക്ഷയ്ക്കാണ് പഠനോത്സവങ്ങളുടെ സംഘാടന ചുമതല നല്‍കിയിരിക്കുന്നത്. പഠനോത്സവങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കുട്ടികളിലെ പരീക്ഷ പേടിയടക്കം നിലനില്‍ക്കുന്ന പല പ്രവണതകളും കഥയായി മാറുമെന്നും മന്ത്രി നിരീക്ഷിച്ചു. സ്കൂള്‍തല പരീക്ഷകള്‍ കുട്ടികളെ തോല്‍പ്പിക്കാനുള്ളതാണെന്ന പരമ്പരാഗത ചിന്താഗതിയ്ക്ക് മാറ്റം വരുത്തണമെന്നും നിര്‍ദ്ദേശിച്ചു. കുട്ടികളിലെ സര്‍ഗശേഷി തിരിച്ചറിയുന്നതിനുള്ള ഉപകരണമായി പരീക്ഷകള്‍ മാറേണ്ടതുണ്ട്. സംസ്ഥാനത്തെ ഡയറ്റുകള്‍ അക്കാദമിക ഗവേഷണ കേന്ദ്രങ്ങളായി ഉയരണമെന്നും അദ്ദേഹം പറഞ്ഞു. മലയാളം, ഗണിതം, സയന്‍സ്, ഇംഗ്ലീഷ് തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയാകും പഠനോത്സവങ്ങള്‍ സംഘടിപ്പിക്കുക. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലെ കുട്ടികളുടെ സര്‍ഗശേഷിയും ബൗദ്ധികനിലവാരവും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ പഠനോത്സവങ്ങള്‍ക്ക് സാധിക്കും. അതുവഴി പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ കുട്ടികളുടെ പ്രവേശനം ഉറപ്പാക്കും, മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുട്ടിയുടെ മുന്നിലെത്തുന്ന ചോദ്യങ്ങളിലൂടെ ചരിത്രാവബോധതലത്തിലേക്ക് എത്തിച്ചേരാന്‍ കുട്ടിക്കും അധ്യാപകനും സാധിക്കുന്ന തരത്തില്‍ പരീക്ഷകളെ സൗഹൃദപരമാക്കി മാറ്റണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

No comments:

Post a Comment